Priyanka Gandhi | രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ വയനാട്ടില്‍ പ്രിയങ്ക സ്ഥാനാര്‍ഥിയാകുമോ? തീരുമാനം ശനിയാഴ്ച ഉണ്ടായേക്കും
റായ്ബറേലി നിലനിര്‍ത്താനാണ് സാധ്യത, ഇക്കാര്യത്തില്‍ ഇതുവരെയും രാഹുല്‍ പ്രതികരണത്തിന് തയാറായിട്ടില്ല
വാര്‍ത്ത ശരിയാണെങ്കില്‍ ഇത് ആദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുന്നത്
ന്യൂഡെല്‍ഹി: (KVARTHA) രാഹുല്‍ ഗാന്ധി ഒഴിയുന്ന പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകുമെന്ന് റിപോര്‍ട്. എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഏത് മണ്ഡലമാണ് ഒഴിയുന്നതെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. വയനാടാണോ റായ്ബറേലിയാണോ ഒഴിയുന്നതെന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധി ശനിയാഴ്ച അറിയിക്കുമെന്നുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. റായ്ബറേലി നിലനിര്‍ത്താനാണ് സാധ്യത. ഇക്കാര്യത്തില്‍ ഇതുവരെയും രാഹുല്‍ പ്രതികരണത്തിന് തയാറായിട്ടില്ല.
വാര്‍ത്ത ശരിയാണെങ്കില്‍ ഇത് ആദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുന്നത്. പാര്‍ടിയിലെ പൊതുവികാരം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി റായ് ബറേലി നിലനിര്‍ത്തിയേക്കും. ദേശീയ നേതാവ് എന്ന നിലയിലും ഉത്തരേന്‍ഡ്യയില്‍ പാര്‍ടിക്ക് വളര്‍ച സാധ്യമാക്കുന്നതിനും രാഹുല്‍ റായ് ബറേലി നിലനിര്‍ത്തണമെന്നായിരുന്നു പ്രവര്‍ത്തക സമിതിയിലെ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം.
ഈ സാഹചര്യത്തില്‍ രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രിയങ്ക ഗാന്ധി വരണമെന്ന ആവശ്യം കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അടക്കം ശക്തമാക്കിയിരുന്നു. പ്രിയങ്ക ഗാന്ധി ലോക് സഭയിലേക്ക് മത്സരിക്കുന്നതിന് സോണിയ ഗാന്ധി പൂര്‍ണ സമ്മതം നല്‍കിയിട്ടില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
കുടുംബത്തില്‍ നിന്നുള്ള മൂന്നു പേര്‍ ഒരേസമയം പാര്‍ലമെന്റില്‍ വേണ്ടന്ന നിലപാടിലായിരുന്നു സോണിയ. ലോക് സഭ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി വരണമെന്ന് പ്രവര്‍ത്തകസമിതി യോഗം ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയെങ്കിലും ഇക്കാര്യത്തിലും രാഹുല്‍ ഇതുവരെ പ്രതികരണത്തിന് തയാറായിട്ടില്ല.