Campaign | രാജ്യം വിടേണ്ടിവരുമെന്ന് കരുതിയപ്പോള്‍ കരുത്തുതന്നത് പ്രിയങ്ക ഗാന്ധി; ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് വിനേഷ് ഫോഗട്ട്

 
Priyanka Gandhi Gave Me Strength When I Thought of Leaving the Country: Vinesh Phogat
Priyanka Gandhi Gave Me Strength When I Thought of Leaving the Country: Vinesh Phogat

Photo Credit: Facebook / Vinesh Phogat

 സീറ്റ് തന്നതുകൊണ്ടുമാത്രമല്ല, ഞങ്ങള്‍ തെരുവിലിരുന്നപ്പോള്‍ പ്രിയങ്ക ഗാന്ധി ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. 
 

ന്യൂഡെല്‍ഹി: (KVARTHA) ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന താരം ജിന്ദ് മേഖലയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണമാരംഭിച്ചത്. 


30 കാരിയായ വിനേഷ് ഫോഗട്ട് രതി സമുദായം ഉള്‍പ്പെടെ ഏഴ് ഖാപ് പഞ്ചായത്തുകളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. ഹരിയാനയിലെ ജാട്ട് ആധിപത്യമുള്ള ബംഗാര്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ജുലാന മണ്ഡലം, കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ (ഐഎന്‍എല്‍ഡി), ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) തുടങ്ങിയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലാണ്. 2009ലും 2014ലും ഐഎന്‍എല്‍ഡിയുടെ പര്‍മീന്ദര്‍ സിംഗ് വിജയിച്ചപ്പോള്‍, 2019ല്‍ ജെജെപിയുടെ അമര്‍ജീത് ധണ്ഡയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 


കായിക താരമായും ജാട്ട് പ്രതിനിധിയായും വിനേഷിന്റെ കോണ്‍ഗ്രസ് പ്രവേശനം ജുലാനയെ ഇത്തവണ നിര്‍ണ്ണായക സീറ്റാക്കി മാറ്റി. രതി കമ്മ്യൂണിറ്റി ഖാപ്പിനൊപ്പം ഘര്‍വാലി, ഖേര ബക്ത, ജമോല, കരേല, ജയ് ജയ് വന്തി, ഘേര്‍തി എന്നീ ആറ് ഗ്രാമങ്ങളെ പ്രതിനിധീകരിക്കുന്ന ചുഗമ ഖാപ് വിനേഷിനെ സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്ന് കഴിഞ്ഞദിവസം വിനേഷിന്റെ ഭര്‍തൃ പിതാവ് രാജ്പാല്‍ രതി പറഞ്ഞിരുന്നു.


ഒരു ഘട്ടത്തില്‍ രാജ്യം വിടേണ്ടിവരുമെന്ന് കരുതിയപ്പോള്‍ കരുത്തുതന്നത് പ്രയങ്ക ഗാന്ധിയായിരുന്നുവെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. താന്‍ ഇന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അത് ഗുസ്തിയിലൂടെയാണ്. കോണ്‍ഗ്രസിന് നന്ദി പറയുന്നു. തിരഞ്ഞെടുപ്പില്‍ സീറ്റ് തന്നതുകൊണ്ടുമാത്രമല്ല, ഞങ്ങള്‍ തെരുവിലിരുന്നപ്പോള്‍ പ്രിയങ്ക ഗാന്ധി ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. 

ആ സമയത്ത് രാജ്യംവിടേണ്ടിവരുമെന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷേ തോല്‍ക്കരുത്, ഗുസ്തിയിലൂടെ ഉത്തരം നല്‍കണമെന്ന് പറഞ്ഞ് ധൈര്യം പകര്‍ന്നത് പ്രിയങ്ക ഗാന്ധിയായിരുന്നുവെന്ന് വിനേഷ് പറഞ്ഞു. ജനങ്ങള്‍ വളരെ ആവേശത്തിലാണ്. അവര്‍ സ്‌നേഹവും പിന്തുണയും നല്‍കുന്നു. അവരുടെ കണ്ണില്‍ താന്‍ ഒരു വിജയിയാണ്. അതിലും വലുതായി മറ്റൊന്നുമില്ല എന്നും വിനേഷ് പറയുന്നു. 

കഴിഞ്ഞ ദിവസമാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ് രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. റെയില്‍വേയില്‍ നിന്ന് രാജിവെച്ചശേഷമാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കെസി വേണുഗോപാലാണ് വിനേഷ് ഫോഗട്ടിനേയും ബജ് രംഗ് പുനിയയേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വീട്ടിലെത്തി കണ്ട ശേഷമാണ് ഇരുവരും എ ഐ സി സി ആസ്ഥാനത്തെത്തിയത്.

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനതിരെ പ്രതിഷേധിച്ച ഗുസ്തി താരങ്ങളോടുള്ള ബിജെപിയുടെ മനോഭാവത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു വിനേഷ് ഫോഗട്ടിന്റെ കോണ്‍ഗ്രസ് പ്രവേശനം. ഇത് ഒരു 'പുതിയ ഇന്നിംഗ്സിന്റെ' തുടക്കമാണെന്ന് വിശേഷിപ്പിച്ച വിനേഷ് ഫോഗട്ട്, പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കുമെന്നും പറഞ്ഞു. സ്ത്രീകള്‍ എന്ത് പ്രശ്നവും നേരിടുമ്പോഴും കോണ്‍ഗ്രസ് കൂടെ നില്‍ക്കുമെന്നും ഫോഗട്ട് കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ തെരുവില്‍ വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍ ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും പിന്തുണയുമായി എത്തിയെന്നും തങ്ങളുടെ വേദനയും കണ്ണുനീരും മനസിലാക്കാന്‍ മറ്റു പാര്‍ട്ടികള്‍ക്ക് കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു.

#VineshPhogat, #HaryanaElections, #Congress, #PriyankaGandhi, #Wrestling, #PoliticalCampaign

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia