Protest | പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണം: നടപടി ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം: വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടി, നിരവധി വാഹനങ്ങള്‍ സമരക്കാര്‍ അഗ്‌നിക്കിരയാക്കി

 


ചെന്നൈ: (www.kvartha.com) പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കല്ലാക്കുറിച്ചിയില്‍ വ്യാപക പ്രതിഷേധം. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം.

Protest | പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണം: നടപടി ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം: വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടി, നിരവധി വാഹനങ്ങള്‍ സമരക്കാര്‍ അഗ്‌നിക്കിരയാക്കി

പ്രതിഷേധക്കാരായ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് വാഹനവും സ്‌കൂളിലെ ചില വാഹനങ്ങളും സമരക്കാര്‍ അഗ്‌നിക്കിരയാക്കി. സ്‌കൂളിലെ നിരവധി ബസുകള്‍ അടിച്ചുതകര്‍ത്തു. ചില ബസുകള്‍ ട്രാക്ടര്‍ ഉപയോഗിച്ചാണ് സമരക്കാര്‍ തകര്‍ത്തത്. ബസുകള്‍ മറിച്ചിടുകയും ചെയ്തു. അക്രമാസക്തരായ സമരക്കാരെ പിരിച്ചുവിടാനായി പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.

സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം കാംപ് ചെയ്യുന്നുണ്ടെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നിട്ടില്ല. നിരവധി സമരക്കാര്‍ക്കും ഇരുപതോളം പൊലീസുകാര്‍ക്കും പരിക്കേറ്റു. സമീപ ജില്ലകളില്‍ നിന്നുകൂടി പൊലീസിനെ എത്തിച്ചാണ് സാഹചര്യം നിയന്ത്രിച്ചത്. സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.

കുറ്റാരോപിതരായ അധ്യാപകരെ പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിസിഐഡിക്ക് കൈമാറണമെന്നുമാണ് സമരക്കാരുടെ ആവശ്യം. പ്രതിഷേധക്കാരില്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല പ്രദേശവാസികളും ഉള്‍പ്പെടുന്നുവെന്നും റിപോര്‍ടുണ്ട്.

കല്ലാക്കുറിച്ചി ചിന്നസേലത്തെ ശക്തി ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെ ബുധനാഴ്ച രാവിലെയാണ് ഹോസ്റ്റല്‍ വളപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കിയെന്നാണ് പൊലീസ് നല്‍കുന്നവിവരം. വിദ്യാര്‍ഥിനിയുടെ ബാഗില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു.

സ്‌കൂളിലെ രണ്ട് അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്നും മറ്റുകുട്ടികളുടെ മുന്നില്‍വെച്ച് അവഹേളിച്ചെന്നുമാണ് വിദ്യാര്‍ഥിനിയുടെ കുറിപ്പിലുണ്ടായിരുന്നത്. സുഹൃത്തുക്കളുടെ മുന്നില്‍വെച്ച് നേരിട്ട അവഹേളനം ഏറെ വിഷമിപ്പിച്ചു. മാതാപിതാക്കളും സുഹൃത്തുക്കളും ക്ഷമിക്കണം. സ്‌കൂള്‍ മാനേജ്മെന്റ് നേരത്തെ വാങ്ങിയ തന്റെ ട്യൂഷന്‍ ഫീസ് മാതാപിതാക്കള്‍ക്ക് തിരികെ നല്‍കണമെന്നും കുറിപ്പിലുണ്ടായിരുന്നു.

അതേസമയം, വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. കഴിഞ്ഞദിവസം വിദ്യാര്‍ഥിനിയുടെ നാട്ടില്‍ നിന്നെത്തിയവരും ബന്ധുക്കളും കല്ലാക്കുറിച്ചിയില്‍ പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞദിവസങ്ങളില്‍ നൂറുകണക്കിന് പ്രദേശവാസികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി കല്ലാക്കുറിച്ചിയില്‍ റോഡ് ഉപരോധിച്ചിരുന്നു. സംഭവത്തില്‍ നടപടി സ്വീകരിക്കാതെ പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. സ്‌കൂളിലേക്ക് വന്ന അധ്യാപകരെ തടയാനും ശ്രമമുണ്ടായി. ഇതേത്തുടര്‍ന്ന് സ്‌കൂളിന് പുറത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പെടുത്തിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം ഉടലെടുത്തത്.

Keywords:  Protest over Class XII girl student’s death near Chinna Salem turns violent, Chennai, News, Trending, Protesters, Police, Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia