Purple Day | മാർച്ച് 26 ലോക പർപ്പിൾ ദിനം: അപസ്മാര രോഗികളെ ചേർത്തുപിടിക്കാം; ഈ ദിനത്തിനുണ്ട് ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ ചരിത്രം; ആ കഥയിങ്ങനെ

 


ന്യൂഡെൽഹി: (KVARTHA) എല്ലാ വർഷവും മാർച്ച് 26 ന് ലോക പർപ്പിൾ ദിനമായി ആചരിക്കുന്നു. ലോകമെമ്പാടും ഈ ദിനം ആചരിക്കുന്നതിന് പിന്നിൽ ഒരേയൊരു ഉദ്ദേശമേ ഉള്ളൂ, അപസ്മാരത്തെക്കുറിച്ച് ആളുകൾക്കിടയിൽ അന്താരാഷ്ട്ര അവബോധം പ്രചരിപ്പിക്കുക. ഈ ദിനത്തിൽ പർപ്പിൾ നിറത്തിലുള്ള വസ്ത്രം ധരിച്ച് അപസ്മാര രോഗികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ലാവൻഡർ (Lavender) ആണ് അപസ്മാരത്തിന്റെ പ്രതീക പുഷ്പം ആയി കണക്കാക്കുന്നത്.
 
Purple Day | മാർച്ച് 26 ലോക പർപ്പിൾ ദിനം: അപസ്മാര രോഗികളെ ചേർത്തുപിടിക്കാം; ഈ ദിനത്തിനുണ്ട് ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ ചരിത്രം; ആ കഥയിങ്ങനെ

അപസ്മാര രോഗികൾക്ക് സമൂഹത്തിൽ പിന്തുണയും പരിഗണനയും നൽകാൻ വേണ്ടിയും അപസ്മാര രോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും വേണ്ടിയും കൂടിയാണ് ഈ ദിനം ആരംഭിച്ചത്. അപസ്‌മാരം വിട്ട് മാറാത്ത രോഗം ആണെങ്കിലും ഫലപ്രദമായ മരുന്നുകൾ കൊണ്ട് നിയന്ത്രിതമാക്കാൻ സാധിക്കും. ലോകത്തിൽ 50 ദശലക്ഷത്തിലധികം ആളുകള്‍ക്ക് അപസ്മാരം ബാധിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, സെറിബ്രല്‍ പാള്‍സി, മസ്‌കുലര്‍ ഡിസ്‌ട്രോഫി, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവ ഒരുമിച്ച് ചേരുന്നതിനേക്കാള്‍ കൂടുതലാണ്.

ഇന്ത്യയില്‍ ഏകദേശം 12 ദശലക്ഷം ആളുകൾക്ക് അപസ്മാര രോഗം പിടിപെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അപസ്മാര രോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുക, രോഗികൾക്ക് ആവശ്യമായ പിന്തുണയും രോഗാവസ്ഥയെ കുറിച്ചുള്ള ബോധവത്കരണവും മറ്റു പരിപാടികൾ സംഘടിപ്പിക്കുക, ചികിത്സ രീതികളെ കുറിച്ചുള്ള ക്ലസുകൾ നടത്തുക, രോഗികൾക്ക് ധൈര്യവും ആത്മ വിശ്വാസവും പകർന്ന് കൊടുക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ പർപ്പിൾ ദിനത്തിൽ സംഘടിപ്പിക്കുന്നു.

കാനഡയിൽ നിന്നാണ് ഔദ്യോഗികമായി പർപ്പിൾ ദിനത്തിന് ആരംഭം കുറിക്കുന്നത്. ചരിത്ര പ്രാധാന്യമേറിയ ഒരുകഥയും ഇതിന് പിന്നിലുണ്ട്. ഒന്‍പത് വയസ് പ്രായമുണ്ടായിരുന്ന കാസിഡി മെഗന്‍ എന്ന കനേഡിയൻ പെണ്‍കുട്ടിയാണ് ഈ ആശയത്തിന് പിന്നിൽ. കാസിഡി മെഗന് ഏഴാം വയസിലാണ് തനിക്ക് അപസ്മാര രോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. വലിയ അപകർഷ ബോധമുള്ള പെൺകുട്ടി ആയതിനാൽ തന്റെ രോഗാവസ്ഥ മറ്റുള്ളവർ അറിയുന്നതിൽ താല്പര്യപ്പെട്ടില്ല. തന്റെ അച്ഛനമ്മമാര്‍ പോലും മറ്റുള്ളവരോട് രോഗത്തെ കുറിച്ച് സംസാരിക്കുന്നത് മെഗനെ സങ്കടത്തിലാക്കി.

ശേഷം രണ്ടാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു ബോധവത്കരണ ക്ലാസിന് ശേഷമാണ് തന്റെ രോഗം അത്ര ഗുരുതരം അല്ലെന്ന സത്യാവസ്ഥ മനസിലാക്കുന്നത്. മൂന്നാം ഗ്രേഡില്‍ പഠിക്കുമ്പോഴാണ് മെഗന്റെ മനസിൽ പുതിയൊരു ചിന്ത ഉടലെടുത്തത്. എന്തുകൊണ്ട് അപസ്മാരത്തിന് മാത്രം പ്രത്യേക ദിനം ആചരിക്കുന്നില്ലെന്ന ചിന്തയായിരുന്നു അത്. പിന്നീടത് ശക്തമാവുകയും എങ്ങനെ അക്കാര്യം പ്രാബല്യത്തിൽ കൊണ്ട് വരാം എന്നതിന് വേണ്ടിയുള്ള പ്രവൃത്തികളും ആരംഭിച്ചു.

കാനഡയില്‍ മാര്‍ച്ച് മാസം അപസ്മാര ബോധവത്കരണ മാസമായി ആചരിക്കുന്നുണ്ടെന്നും മറ്റ് രാജ്യങ്ങളിലും ഇതുപോലെ തന്നെ വെവ്വേറെ സമയങ്ങളിൽ നടക്കാറുണ്ടെന്നും മെഗൻ അറിയുകയുണ്ടായി. എന്നാൽ ഇതിൽ മെഗൻ തൃപ്തയായില്ല. അപസ്മാര രോഗികൾക്ക് വേണ്ടി എല്ലാവരും ഒരുമിച്ചുള്ള ദിനാചരണമായിരുന്നു ആ കുട്ടിയുടെ സ്വപ്നം. ഇക്കാര്യം ആദ്യം അവള്‍ സ്കൂൾ പ്രിന്‍സിപ്പാളിനോട് നിർദേശിച്ചു. ഇതോടെ മാര്‍ച്ച് മാസത്തിലെ 26-ാം തീയതി മുന്നോട്ട് വെച്ചു. പിന്നീട് ലാവൻഡറിന്റെ നിറമായ പർപ്പിൾ നിറമുള്ള വസ്ത്രം മാർച്ച് 26ന് സ്കൂളിൽ എല്ലാവരും ധരിക്കണമെന്ന കാര്യം കൂടി അവൾ ആവശ്യപ്പെട്ടു.

തുടർന്ന് സഹോദരന്‍ പഠിക്കുന്ന സ്‌കൂളിലെത്തി അവിടെയും തന്റെ നീക്കങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയുണ്ടായി. എന്നിട്ടും മെഗൻ വെറുതെ ഇരുന്നില്ല. തുടർന്നും ശ്രമങ്ങൾ തുടർന്നു. കാനഡയിലെ മുഴുവന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും വിദ്യാലയങ്ങള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കുമെല്ലാം മെഗന്‍ കത്തുകളയച്ചു. മെഗന്റെ കഷ്ടപ്പാടിന് വലിയ പിന്തുണയാണ് ലഭിച്ചത്. കാസിഡി മെഗന്റെ ഇടപെടലുകളില്‍ ആകൃഷ്ടരായ 'ദി എപ്പിലെപ്‌സി അസോസിയേഷന്‍ ഓഫ് നോവ സ്‌കോട്ടിയ' ഈ ആശയം ഏറ്റെടുക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഒടുവിൽ 2008 മാർച്ച് 26 നാണ് ആദ്യമായി ലോക പർപ്പിൾ ദിനം ആചരിച്ചത്.

Keywords: News, News-Malayalam-News, National, National-News, New Delhi, Purple Day, History, Significance, Purple Day: Supporting Epilepsy Around The World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia