Criticism | ലാറ്ററല്‍ എന്‍ട്രി: ബിജെപിയുടെ ഗൂഢാലോചനകളെ പരാജയപ്പെടുത്തും; ഭരണഘടനയും സംവരണവും എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: (KVARTHA) ലാറ്ററല്‍ എന്‍ട്രിയിലൂടെ സ്വകാര്യമേഖലയില്‍ നിന്ന് 45 ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞ കേന്ദ്രസര്‍കാര്‍ നടപടിയില്‍ പ്രതികരണവുമായി ലോക് സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് ലാറ്ററല്‍ എന്‍ട്രി സംബന്ധിച്ച പരസ്യം കേന്ദ്രസര്‍കാര്‍ കഴിഞ്ഞദിവസം പിന്‍വലിച്ചത്.
തന്റെ എക്‌സ് പോസ്റ്റിലൂടെയാണ് ഇതിനെതിരെയുള്ള രാഹുലിന്റെ പ്രതികരണം. ലാറ്ററല്‍ എന്‍ട്രി പോലുള്ള ബിജെപിയുടെ ഗൂഢാലോചനകളെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തുമെന്നും ഭരണഘടനയും സംവരണവും എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നുമായിരുന്നു രാഹുല്‍ എക്സില്‍ കുറിച്ചത്.
രാഹുലിന്റെ കുറിപ്പ്:
ഇന്‍ഡ്യന്‍ ഭരണഘടനയും സംവരണവും ഞങ്ങള്‍ എന്ത് വില കൊടുത്തും സംരക്ഷിക്കും. ബിജെപിയുടെ ലാറ്ററല്‍ എന്‍ട്രി പോലുള്ള ഗൂഢാലോചനകളെ ഞങ്ങള്‍ എന്ത് വില കൊടുത്തും പരാജയപ്പെടുത്തും. ഞാന്‍ വീണ്ടും പറയുന്നു - 50 ശതമാനം എന്ന പരിധി ലംഘിച്ചുകൊണ്ട് ജാതി കണക്കുകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ സാമൂഹ്യനീതി നടപ്പാക്കും. ജയ്ഹിന്ദ്. - എന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
संविधान और आरक्षण व्यवस्था की हम हर कीमत पर रक्षा करेंगे।
— Rahul Gandhi (@RahulGandhi) August 20, 2024
भाजपा की ‘लेटरल एंट्री’ जैसी साजिशों को हम हर हाल में नाकाम कर के दिखाएंगे।
मैं एक बार फिर कह रहा हूं - 50% आरक्षण सीमा को तोड़ कर हम जातिगत गिनती के आधार पर सामाजिक न्याय सुनिश्चित करेंगे।
जय हिन्द।
സംവരണം അട്ടിമറിക്കാനാണ് സര്‍കാര്‍ നീക്കമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ ബിജെപിയും കേന്ദ്രസര്‍കാരും രംഗത്തെത്തിയെങ്കിലും സഖ്യകക്ഷി മന്ത്രിയായ ചിരാഗ് പസ്വാനും നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് വിവാദ നീക്കം പിന്‍വലിക്കുന്നത്.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ലാറ്ററല്‍ എന്‍ട്രി വഴി സ്വകാര്യമേഖലയില്‍ നിന്ന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള പരസ്യം പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് യു പി എസ് സിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി യു പി എസ് സി അധ്യക്ഷന് കത്തും നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് കത്തില്‍ വ്യക്തമാക്കിയിരുന്നത്.
പിന്നോക്ക-ദളിത്-ന്യൂനപക്ഷ (പിഡിഎ) ഐക്യത്തിന് മുന്നില്‍ കേന്ദ്രസര്‍കാര്‍ കീഴടങ്ങിയെന്നാണ് ഇതേകുറിച്ചുള്ള സമാജ് വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രതികരണം. ബിജെപിയുടെ ഗൂഢാലോചനകള്‍ ഇപ്പോള്‍ വിജയിക്കുന്നില്ലെന്നും പിഡിഎ ഉണര്‍ന്നെണീറ്റതും ബോധവത്കരിക്കപ്പെട്ടതുമാണ് അതിന് കാരണമെന്നും അഖിലേഷ് വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ ലാറ്ററല്‍ എന്‍ട്രിക്കെതിരായി ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന സമരം മാറ്റിവെക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്ത് ജോയിന്റ് സെക്രടറിമാര്‍, 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂടി സെക്രടറിമാര്‍ എന്നിവരെ സ്വകാര്യ മേഖലകളില്‍ നിന്ന് നിയമിക്കാനായിരുന്നു കേന്ദ്ര തീരുമാനം. ഒന്നര ലക്ഷം മുതല്‍ 2.7 വരെയാണ് ശമ്പളം. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സ്റ്റീല്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രടറിമാരെ ക്ഷണിച്ചിരുന്നത്. ആഭ്യന്തരം, വിദ്യാഭ്യാസം, ഐടി, കോര്‍പ്പറേറ്റ് അഫയേഴ്സ്, വിദേശകാര്യം, സ്റ്റീല്‍, ധനകാര്യം തുടങ്ങിയ വകുപ്പുകളിലേക്കായിരുന്നു 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരുടെ നിയമനം.
#RahulGandhi #LateralEntry #BJP #IndianPolitics #Reservation #Constitution