Priyanka Gandhi | പ്രിയങ്ക ഗാന്ധി ഒടുവില്‍ മത്സരിക്കാന്‍ തീരുമാനിച്ചു; ചേട്ടന്റെ മണ്ഡലമായ വയനാട്ടില്‍; റായ് ബറേലി രാഹുല്‍ ഗാന്ധി നിലനിര്‍ത്തും
സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇതാദ്യം
ന്യൂഡെല്‍ഹി: (KVARTHA) നീണ്ടനാളത്തെ ചര്‍ചകള്‍ക്കൊടുവില്‍ വയനാട് ലോക് സഭാ മണ്ഡലം ഒഴിയാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തീരുമാനിച്ചു. ഉത്തര്‍പ്രദേശിലെ റായ് ബറേലി മണ്ഡലം നിലനിര്‍ത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും. പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇതാദ്യമായാണ്. നേരത്തെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ നിര്‍ബന്ധിച്ചിട്ടും പ്രിയങ്ക അതിന് തയാറായിരുന്നില്ല. ഇപ്പോള്‍ നേതാക്കളുടെ എല്ലാം നിര്‍ബന്ധത്തിന് വഴങ്ങിയാണ് പ്രിയങ്ക മത്സരിക്കാന്‍ തീരുമാനിച്ചത്. ചേട്ടന് വേണ്ടി തിരഞ്ഞെടുപ്പില്‍ വോട് ചോദിക്കാന്‍ പല തവണ പ്രിയങ്ക വയനാട്ടില്‍ എത്തിയിരുന്നു. അതുകൊണ്ടുതന്നെ രാഹുലിനെ പോലെ തന്നെ പ്രിയങ്കയും വയനാട്ടുകാര്‍ക്ക് സുപരിചിതയാണ്.
ഖര്‍ഗെയുടെ വാക്കുകള്‍:
രാഹുല്‍ രണ്ട് സീറ്റില്‍ മത്സരിച്ചു. എന്നാല്‍ അതില്‍ ഒരു സീറ്റ് ഒഴിയണം. രാഹുല്‍ റായ് ബറേലിയില്‍ തുടരാന്‍ പാര്‍ടി യോഗത്തില്‍ തീരുമാനിച്ചു. ഗാന്ധി കുടുംബവുമായി വലിയ ബന്ധമുള്ള സ്ഥലമാണ് റായ് ബറേലി. അവിടെ തുടരുന്നതാണ് നല്ലതെന്നാണ് അവിടുത്തെ പാര്‍ടി പ്രവര്‍ത്തകര്‍ പറയുന്നത്.
വയനാട്ടിലും ഇതേ ആവശ്യം ഉയര്‍ന്നു. പക്ഷേ, രണ്ടു സീറ്റില്‍ തുടരാന്‍ നിയമം അനുവദിക്കുന്നില്ല. ഇതിനാല്‍ ദു:ഖത്തോടെ വയനാട് ഒഴിയാന്‍ തീരുമാനിച്ചു. പ്രിയങ്ക വയനാട്ടില്‍ മത്സരിക്കും. പ്രിയങ്കയ്ക്ക് എന്റെ പേരിലും പാര്‍ടിയുടെ പേരിലും ആശംസകളറിയിക്കുന്നു.
അവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. റായ്ബറേലിയില്‍ രാഹുലും വയനാട്ടില്‍ പ്രിയങ്കയും വേണമെന്നതാണ് ജനങ്ങളുടെയും ആഗ്രഹം. ഹസ്രത്തില്‍ പ്രിയങ്ക പറഞ്ഞ മുദ്രാവാക്യം ഓര്‍ക്കുന്നു: 'ഞാന്‍ പെണ്‍കുട്ടിയാണ്, പോരാടാന്‍ പോവുകയാണ്'. അങ്ങനെ പോരാട്ടത്തിന് ഒരുങ്ങുന്ന ആ പെണ്‍കുട്ടിക്ക് എല്ലാ ഭാവുകങ്ങളും. രാഹുലിന്റെ സീറ്റില്‍ പ്രിയങ്കയും വിജയം നേടും' - എന്ന് യോഗത്തിനുശേഷം എഐസിസി അധ്യക്ഷന്‍ ഖര്‍ഗെ പറഞ്ഞു.
ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും നിലനിര്‍ത്തിയ റായ്ബറേലി മണ്ഡലത്തില്‍ ഇത്തവണ രാഹുല്‍ 3.9 ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് നേടിയത്. ബിജെപി സ്ഥാനാര്‍ഥി ദിനേശ് പ്രതാപ് സിങിനെയാണ് പരാജയപ്പെടുത്തിയത്. വയനാട്ടില്‍ 3.64 ലക്ഷം വോടിനായിരുന്നു രാഹുലിന്റെ വിജയം. സിപിഐയിലെ ആനിരാജ രണ്ടാം സ്ഥാനത്തും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തുമായി.
വയനാട്ടിലെ വോടര്‍മാര്‍ക്കു നന്ദി പറയാനായി കഴിഞ്ഞയാഴ്ച വയനാട്ടില്‍ എത്തിയ രാഹുല്‍, മണ്ഡലം ഒഴിയുമോ എന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനിര്‍ത്തുകയായിരുന്നു. എടവണ്ണയിലും കല്‍പറ്റയിലും നടന്ന പൊതുയോഗങ്ങളിലൊന്നും ഏതു മണ്ഡലമാകും നിലനിര്‍ത്തുകയെന്ന് വ്യക്തമാക്കിയില്ല. എന്തു തീരുമാനമെടുത്താലും വയനാടിനും റായ് ബറേലിക്കും സന്തോഷത്തോടെ സ്വീകരിക്കാനാകുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
'വയനാടോ റായ് ബറേലിയോ എന്ന് പല ആളുകളും ഊഹാപോഹം നടത്തുകയാണ്. എനിക്കൊഴികെ എല്ലാവര്‍ക്കും അതിന്റെ ഉത്തരമറിയാം. രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും എല്ലാമറിയാം. എന്നാല്‍, ആ തീരുമാനം എടുക്കേണ്ടയാള്‍ മാത്രം അത് അറിയണമെന്നില്ല' രാഹുല്‍ ഗാന്ധി കല്‍പറ്റയിലെ പൊതുയോഗത്തില്‍ പറഞ്ഞതിങ്ങനെ. കുടുംബാംഗത്തെപ്പോലെ പരിഗണിച്ചതിനും പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നതിനും വയനാട്ടിലെ ഓരോ വോടര്‍മാരോടും രാഹുല്‍ നന്ദിയും പറഞ്ഞിരുന്നു.