മോഡിക്കെതിരെ രാഹുല്‍ കൊണ്ടുവന്ന തുണ്ടുകടലാസ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

 


ഡെല്‍ഹി: (www.kvartha.com 13.08.2015) പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ കൊണ്ടുവന്ന തുണ്ടുപേപ്പറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ബുധനാഴ്ച പാര്‍ലമെന്റില്‍ സംസാരിക്കാന്‍ രാഹുല്‍ അക്കമിട്ടെഴുതിക്കൊണ്ടുവന്ന വിഷയങ്ങളടങ്ങിയ പേപ്പറിന്റെ ചിത്രം ദി ടെലഗ്രാഫ് എന്ന പത്രത്തിലെ ഫോട്ടോഗ്രാഫറാണ് വിദഗ്ദമായി പകര്‍ത്തിയത്.

വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉള്‍പ്പെടെയുള്ളവരെ രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രസംഗത്തിലെ പ്രധാന പ്രയോഗങ്ങളെല്ലാം രാഹുല്‍ എഴുതികൊണ്ടുവന്നതാണ് എന്നതാണ് ചിത്രം വൈറലാകാന്‍ കാരണമായിരിക്കുന്നത്.

രാഹുലിന്റെ 'ചീറ്റ് ഷീറ്റ്' വ്യാഴാഴ്ചത്തെ പത്രത്തില്‍ പ്രസിദ്ധീകരിച്ചതും സംഭവം വൈറലാകാന്‍ കാരണമായി. ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയിരിക്കുന്ന കുറിപ്പ് വ്യക്തമായി വായിക്കാന്‍ കഴിയുന്നുണ്ട്. മഹാത്മാഗാന്ധിയുടെ മൂന്ന് കുരങ്ങന്മാരുടെ കാര്യമടക്കം  രാഹുല്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞ പല കാര്യങ്ങളും ഇതില്‍ എഴുതിയിട്ടുണ്ട്.

കുറിപ്പിന്റെ ചിത്രം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ്  ടെലഗ്രാഫ് പുറത്തുവിട്ടത്. 'ജനങ്ങള്‍ക്ക് പ്രധാനമന്ത്രി മോഡി പറയുന്നത് എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. വ്യാപം കേസിലും ലളിത് മോഡി വിഷയത്തിലും അദ്ദേഹത്തിന്റെ അഭിപ്രായം എന്താണെന്നറിയാന്‍ താല്‍പര്യമുണ്ട്..' തുടങ്ങിയ രാഹുലിന്റെ പ്രസംഗത്തിലെ പ്രധാന വരികള്‍ ചിത്രത്തില്‍ വ്യക്തമായി കാണുന്നുണ്ട്. ഹിന്ദിയിലെ പ്രസംഗവരികള്‍ ഇംഗ്ലീഷിലാണ് രാഹുല്‍ എഴുതിയിരുന്നത്.

തുണ്ടു പേപ്പറിനെതിരെ പല വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഭരണപക്ഷത്തിനെതിരെ ഉന്നയിക്കാനുള്ള ആരോപണങ്ങള്‍ മറക്കാതിരിക്കാനാണ് രാഹുല്‍ തുണ്ടുപേപ്പര്‍ കൊണ്ടുവന്നതെന്ന വിമര്‍ശനമാണ് പ്രധാനമായും  ഉയര്‍ന്നിട്ടുള്ളത്. രാഹുല്‍ ഗാന്ധി അറിവില്ലാത്തൊരു വിദഗ്ദ്ധനാണെന്നും എഴുതിക്കൊടുക്കുന്നത് വായിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നുമാണ് മറ്റൊരു ആക്ഷേപം.

അതേസമയം സംസാരിക്കാനുള്ള പോയിന്റുകള്‍ കുറിച്ചു കൊണ്ടുവരുന്നത് തെറ്റല്ലെന്നും എന്നാല്‍
അതില്‍ ഗാന്ധിജിയുടെ കുരങ്ങന്മാരുടെ കഥയും മറ്റും എഴുതേണ്ട ആവശ്യമുണ്ടോ എന്നുമാണ് മറ്റൊരു കൂട്ടര്‍ ചോദിക്കുന്നത്.
മക്കള്‍ക്ക് താല്‍പര്യമില്ലാത്തൊരു കരിയറിലേക്ക് അവരെ തള്ളിവിടുന്ന മാതാപിതാക്കളെയാണ് രാഹുലിന്റെ ചീറ്റ് ഷീറ്റിലൂടെ വ്യക്തമാകുന്നതെന്നും ഒരാള്‍ കുറിച്ചിട്ടുണ്ട്.

നേരത്തെ നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവര്‍ക്കുള്ള അനുശോചനക്കുറിപ്പ് രാഹുല്‍ മൊബൈല്‍ ഫോണ്‍ നോക്കി എഴുതിയതിന്റെ ചിത്രവും വൈറലായിരുന്നു.

മോഡിക്കെതിരെ രാഹുല്‍ കൊണ്ടുവന്ന തുണ്ടുകടലാസ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Also Read:
ബസ് ഡ്രൈവര്‍മാര്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരത്തില്‍; സ്‌കൂളിന് അവധിനല്‍കി
Keywords:  Rahul Gandhi's 'cheat sheet' for Parliament speech caught on camera, Twitter, Criticism, Controversy, Parliament, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia