Fairness Cream | വെളുക്കാൻ ക്രീമുകള്‍ തേച്ചവരിൽ അപൂർവ വൃക്കരോഗം: അന്വേഷണവുമായി ദേശീയ രഹസ്യാന്വേഷണവിഭാഗം; കൃത്യമായ നിര്‍മാണ മേല്‍വിലാസമില്ലാത്ത ഉത്‌പന്നങ്ങൾ വിപണിയിൽ സുലഭം; സുന്ദരമായ ചർമത്തോടുള്ള ആളുകളുടെ അഭിനിവേശം പണിയാകുന്നു

 


കോഴിക്കോട്: (KVARTHA) സൗന്ദര്യ വര്‍ധക ക്രീമുകള്‍ വൃക്കരോഗത്തിന് കാരണമാകുന്നുവെന്ന ഞെട്ടിക്കുന്ന പഠന റിപോർട് പുറത്തുവന്നതിന് പിന്നാലെ സൗന്ദര്യവര്‍ധക ഉത്പന്നങ്ങൾ മലബാര്‍ വിപണിയില്‍ പെരുകുന്നതിനെക്കുറിച്ച് ദേശീയ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങിയതായി വിവരം. കൃത്യമായ നിര്‍മാണ മേല്‍വിലാസമില്ലാത്ത ഉത്‌പന്നങ്ങളും വിപണിയിൽ ഏറെയാണ്. സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയാണ് പല ഉത്പന്നങ്ങളും വിൽക്കുന്നത്. ക്രീം തേച്ച് വെളുത്തവരിൽ 'നെഫ്രോടിക് സിൻഡ്രോം' കണ്ടെത്തിയതായാണ് പഠനം വ്യക്തമാക്കിയത്.

Fairness Cream | വെളുക്കാൻ ക്രീമുകള്‍ തേച്ചവരിൽ അപൂർവ വൃക്കരോഗം: അന്വേഷണവുമായി ദേശീയ രഹസ്യാന്വേഷണവിഭാഗം; കൃത്യമായ നിര്‍മാണ മേല്‍വിലാസമില്ലാത്ത ഉത്‌പന്നങ്ങൾ വിപണിയിൽ സുലഭം; സുന്ദരമായ ചർമത്തോടുള്ള ആളുകളുടെ അഭിനിവേശം പണിയാകുന്നു

തവിട്ടുനിറവും ഇരുണ്ട ചർമവുമുള്ള പുരുഷന്മാരും സ്ത്രീകളും സൗന്ദര്യ വര്‍ധക ക്രീമുകള്‍ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതോടെ, നേരിയ തോതിൽ വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉള്ള രോഗികളുടെ എണ്ണം വർധിക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാണിച്ചിരുന്നു. വളരെക്കാലം ചികിത്സിച്ചില്ലെങ്കിൽ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കോട്ടക്കൽ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാർ നടത്തിയ പഠനത്തിലാണ് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയപരിധിക്കിടയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീകളും പുരുഷന്മാരും ഉള്‍പെടെയുള്ള രോഗികളിൽ മെമ്പനസ് നെഫ്രോപ്പതി (MN) എന്ന അപൂര്‍വമായ വൃക്കരോഗം തിരിച്ചറിഞ്ഞത്. ഇവരില്‍ മഹാഭൂരിപക്ഷം പേരും തൊലിവെളുക്കാനുള്ള, ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചവരായിരുന്നുവെന്ന് പഠന സംഘം വെളിപ്പെടുത്തിയിരുന്നു.

രോഗികളിൽ മെർകുറിയുടെയും ഈയ്യത്തിന്റെയും അളവ് അനുവദനീയമായതിനേക്കാൾ 100 മടങ്ങ് കൂടുതലാണെന്ന് പരിശോധനാ റിപോർടുകൾ വ്യക്തമാക്കുന്നു. മനുഷ്യശരീരത്തിലെ മെർകുറിയുടെ സാധാരണ അളവ് ലിറ്ററിന് 0.21 മുതൽ 1.3 മൈക്രോഗ്രാം വരെയാണെങ്കിൽ, ഈയ്യത്തിന്റെ അളവ് ലിറ്ററിന് 150 മൈക്രോഗ്രാമിൽ താഴെയാണ്. കുറച്ച് രോഗികളിൽ, കാഡ്മിയം, കോബാൾട്ട്, ക്രോമിയം തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറത്ത് ‘യൂത് ഫെയ്‌സ്’, ‘ഫാഇസ’ തുടങ്ങിയ ചര്‍മം വെളുപ്പിക്കല്‍ ക്രീമുകള്‍ ഉപയോഗിച്ച 11 പേര്‍ക്കാണ് നെഫ്രോടിക് സിന്‍ഡ്രോം കണ്ടെത്തിയതെന്നാണ് റിപോർടുകൾ. ഇതില്‍ ഗുരുതരനിലയിലായ പെൺകുട്ടി തുടര്‍ച്ചയായി ‘യൂത് ഫെയ്‌സ്’ ഉപയോഗിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.

ഇത്തരം ഫെയര്‍നസ് ക്രീമുകളില്‍ ചേരുവകൾ സംബന്ധിച്ചോ, നിര്‍മാണം സംബന്ധിച്ചോ യാതൊരു വിവരങ്ങളും ഇല്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. മലപ്പുറം ഡ്രഗ്സ് കൺട്രോൾ വിഭാഗം ഓഫിസിലും കോട്ടയ്ക്കലിലെ ആശുപത്രിയിലും അന്വേഷണ സംഘമെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മലപ്പുറം ഡ്രഗ്സ് കൺട്രോൾ വിഭാഗം നേരത്തേ തന്നെ ഇത്തരം ക്രീമുകളുടെ വിൽപന നിരീക്ഷിച്ചുവരികയാണ്.

നെഫ്രോടിക് സിൻഡ്രോം സാധാരണയായി വൃക്കയിലെ ചെറിയ രക്തക്കുഴലുകളുടെ ക്ലസ്റ്ററുകൾക്ക് കേടുപാടുകൾ വരുത്തുന്നു. ക്രീമുകളില്‍ ലോഹമൂലകങ്ങള്‍ അമിതമായുള്ളതിനാല്‍ പെട്ടെന്ന് ചര്‍മത്തിനു തിളക്കമുണ്ടാകും. എന്നാല്‍, ഈ മൂലകങ്ങള്‍ രക്തത്തില്‍ കലര്‍ന്നു വൃക്കയെ ബാധിക്കും. ഇത്തരം രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ദേശീയ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങിയത്.

Keywords: News, Kerala, Kozhikode, Fairness Cream, Health, Disease, Lifestyle,   Rare kidney disease in people who apply whitening creams: National Intelligence Service investigates.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia