യുപിഐ പേയ്‌മെന്റ് സംവിധാനത്തില്‍ വന്‍ പരിഷ്‌കാരവുമായി ആര്‍ ബി ഐ; ഇനി മുതല്‍ നിങ്ങളുടെ അകൗണ്ട് മറ്റൊരാള്‍ക്ക് ഉപയോഗിക്കാനാകും; 5 ലക്ഷം വരെ നികുതി അടയ്ക്കാം, മറ്റ് മാറ്റങ്ങള്‍ ഇങ്ങനെ!
 

 
UPI, RBI, digital payments, India, financial technology, banking, payments, remittance, financial inclusion
UPI, RBI, digital payments, India, financial technology, banking, payments, remittance, financial inclusion

Photo Credit: Facebook / Shaktikanta Das

5 ലക്ഷം വരെ നികുതി അടയ്ക്കാം, മറ്റൊരാള്‍ക്ക് അകൗണ്ട് ഉപയോഗിക്കാം, ചെക്ക് ക്ലിയറന്‍സ് വേഗത്തില്‍

ന്യൂഡെല്‍ഹി: (KVARTHA)  അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റം വരുത്തിയില്ലെങ്കിലും ജനപ്രിയ ഡിജിറ്റല്‍ പണമിടപാട് സൗകര്യമായ യൂനിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസില്‍ (UPI) ശ്രദ്ധേയ മാറ്റങ്ങള്‍ കൊണ്ടുവന്ന് റിസര്‍വ് ബാങ്ക്. യുപിഐയില്‍ ഡെലിഗേറ്റഡ് പേയ്മെന്റ് സംവിധാനം അവതിരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി പ്രാഥമിക ഉപഭോക്താവിന്റെ യുപിഐ ഐഡി ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഇടപാടുകള്‍ നടത്താനാവും എന്നതാണ് പ്രത്യേകത. 

എന്നാല്‍ പ്രാഥമിക ഉപഭോക്താവിന്റെ അനുമതിയോടെയാകും ഇതിന് സാധ്യമാവുക. അനുമതി ലഭിച്ചയാള്‍ക്ക്  പ്രാഥമിക ഉപയോക്താവിന്റെ യുപിഐയില്‍ ബന്ധിപ്പിച്ച ബാങ്ക് അകൗണ്ടില്‍ നിന്ന് ഒരു പരിധി വരെ യുപിഐ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. സെകന്‍ഡറി യൂസര്‍ക്ക് സ്വന്തം ബാങ്ക് അകൗണ്ട് ആവശ്യമില്ലെന്നതാണു മറ്റൊരു പ്രത്യേകത. യുപിഐ/ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ ഇത് സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.


യുപിഐ ഉപയോഗിച്ച് ഇനി അഞ്ചു ലക്ഷം രൂപവരെ നികുതി അടയ്ക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. നിലവില്‍ പരിധി ഒരു ലക്ഷം രൂപയായിരുന്നു. ആര്‍ബിഐയുടെ പുതിയ തീരുമാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് നികുതിയില്‍ നിന്നും രക്ഷ നേടാം. എന്നാല്‍ സാധാരണ യുപിഐ ഇടപാടുകളുടെ പരിധിയില്‍ മാറ്റമില്ല. അത് ഒരുലക്ഷം രൂപയായി തന്നെ തുടരും. 

നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ വ്യവസ്ഥകള്‍ പ്രകാരം, ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ നികുതിക്ക് വിധേയമായിരുന്നു. ഇടപാട് പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തുമ്പോള്‍ അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് മാത്രം ഉപയോക്താക്കള്‍ നികുതി നല്‍കിയാല്‍ മതിയാകും.

ഓഹരി/കടപ്പത്ര നിക്ഷേപം, ഇന്‍ഷുറന്‍സ് അടയ്ക്കല്‍, വിദേശത്തേക്ക് പണമയയ്ക്കല്‍ തുടങ്ങിയവയുടെ യുപിഐ പരിധി രണ്ടുലക്ഷം രൂപയായും പ്രാരംഭ ഓഹരി വില്‍പനയിലെ (IPO) നിക്ഷേപം, റിസര്‍വ് ബാങ്കിന്റെ റീറ്റെയ്ല്‍ ഡയറക്റ്റ് സ്‌കീം എന്നിവയില്‍ യുപിഐ ഉപയോഗിച്ച് നടത്താവുന്ന ഇടപാടിന്റെ പരിധി അഞ്ചുലക്ഷം രൂപയായും തുടരും.

ചെക്ക് ക്ലിയറന്‍സ് വൈകില്ലെന്നതാണ് മറ്റൊരു പ്രത്യേകത. നിലവില്‍ ചെക് ട്രാന്‍സാക്ഷന്‍ സിസ്റ്റത്തില്‍ (CTS) ഓരോ ബാചുകളായി രണ്ട് പ്രവൃത്തിദിനം വരെ എടുത്താണ് ബാങ്കുകള്‍ ചെകുകള്‍ പാസാക്കുന്നത്. ചെക് ക്ലിയറിങ് സമയം കുറയ്ക്കുമെന്നും സിടിഎസില്‍ ഓണ്‍-റിയലൈസേഷന്‍ സെറ്റില്‍മെന്റ് അവതരിപ്പിക്കുന്നതിലൂടെ മണിക്കൂറുകള്‍ക്കകം ചെക് പാസാകാനുള്ള സംവിധാനം കൊണ്ടുവരുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇതു ജനങ്ങള്‍ക്കും ബിസിനസുകാര്‍ക്കും അതിവേഗം പണലഭ്യത ഉറപ്പാക്കാന്‍ സഹായിക്കും.

ക്രെഡിറ്റ് റിപോര്‍ട് ഇനി അതിവേഗം ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. നിലവില്‍ ഓരോ വായ്പാ ഇടപാടുകാരന്റെയും വായ്പാ തിരിച്ചടവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കുകള്‍ മാസാടിസ്ഥാനത്തിലാണ് സിബില്‍ ഉള്‍പെടെയുള്ള ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കംപനികള്‍ക്ക് (CIC) കൈമാറുന്നത്. ഓരോ തവണയും റിപോര്‍ട് അപ്‌ഡേറ്റ് ചെയ്യപ്പെടാന്‍ ഒരു മാസത്തോളം കാത്തിരിക്കേണ്ട സ്ഥിതിയുമാണ്. 

ഈ സമയപരിധി കുറയ്ക്കുമെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇത്, ക്രെഡിറ്റ് സ്‌കോര്‍ അതിവേഗം അപ്‌ഡേറ്റ് ചെയ്യാന്‍ സഹായിക്കും. ഉപയോക്താക്കള്‍ക്കും ബാങ്കുകള്‍ക്കും ഒരുപോലെ നേട്ടമാകുമെന്നും വായ്പാ തിരിച്ചടവുകള്‍ കൂടുതല്‍ സജീവമാകുമെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.


രാജ്യത്ത് കുറഞ്ഞകാലം കൊണ്ട് വന്‍ ജനപ്രീതി യുപിഐ സംവിധാനം നേടിയിരുന്നു. ഒന്നിലധികം ബാങ്ക് അകൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലികേഷനിലേക്ക് ഒന്നിപ്പിക്കുന്ന സംവിധാനമാണ് ഇത്. തടസ്സമില്ലാത്ത പണമിടപാടുകള്‍ നടത്താന്‍ യുപിഐ അനുവദിക്കുന്നു. പണനയ യോഗത്തില്‍ തുടര്‍ചയായി ഒമ്പതാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്. 6.5 ശതമാനമാണ് റിപ്പോ നിരക്ക്. അതിനാല്‍ പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകില്ല.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia