Death Probe | 'ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്, ചികിത്സയില്‍ ഇടപെട്ടിട്ടില്ല'; ജയലളിതയുടെ മരണത്തില്‍ പങ്കില്ലെന്ന് ശശികല
Oct 19, 2022, 08:55 IST
ചെന്നൈ: (www.kvartha.com) തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തില്‍ പ്രതികരിച്ച് അണ്ണാഡിഎംകെ മുന്‍ നേതാവ് വി കെ ശശികല. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ചികിത്സ വൈകിപ്പിച്ചെന്നുമുള്ള ജുഡീഷ്യല്‍ കമിഷന്‍ റിപോര്‍ട് ശശികല നിഷേധിച്ചു.
റിപോര്‍ടില്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായി ശശികല പറഞ്ഞു. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും മൂന്നു പേജുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി. ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം ആവശ്യമില്ലായിരുന്നെന്നും ചികിത്സയില്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. ഇക്കാര്യത്തില്‍ അന്വേഷണം നേരിടാന്‍ തയ്യാറാണ്. ജയലളിതയെ വിദേശചികിത്സക്ക് കൊണ്ടുപോകുന്നത് താന്‍ തടഞ്ഞിട്ടില്ല. ചികിത്സാകാര്യങ്ങളെല്ലാം മെഡികല്‍ സംഘത്തിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ശശികല പറഞ്ഞു.
ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള വിദഗ്ധ ഡോകട്‌റുടെ നിര്‍ദേശം ശശികല ഇടപെട്ട് തടഞ്ഞുവെന്നാണ് റിപോര്‍ടില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എയിംസില്‍നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള നിര്‍ദേശപ്രകാരമാണ് ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം വേണ്ടെന്ന് തീരുമാനിച്ചതെന്നും ശശികല വിശദീകരിച്ചു.
ജയലളിതയുടെ ചികിത്സയ്ക്കായി അപോളോ ആശുപത്രി തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട ആരോപണത്തില്‍, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയാണതെന്നാണ് ശശികലയുടെ വിശദീകരണം. ലോകനിലവാരമുള്ള ഡോക്ടര്‍മാരാണ് അവിടെയുള്ളത്. ജയലളിത നേരത്തെയും അവിടെയാണ് ചികിത്സ തേടിയത്. സൗഹൃദത്തിന്റെ മാതൃകയായിരുന്നു താനും ജയലളിതയുമെന്നും, തങ്ങളെ വേര്‍പെടുത്താന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നതായും ശശികല പറഞ്ഞു.
ജയലളിതയുടെ മരണത്തില്‍ വി കെ ശശികല ഉള്‍പെടെ നാല് പേര്‍ കുറ്റക്കാരെന്നും ഇതില്‍ അന്വേഷണം വേണമെന്നുമാണ് ജസ്റ്റിസ് അറുമുഖസാമി അന്വേഷണ കമിഷന്‍ റിപോര്‍ട്. അന്നത്തെ ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, ശശികലയുടെ ബന്ധു കൂടിയായ ഡോ. കെ എസ് ശിവകുമാര്‍, ആരോഗ്യ സെക്രടറിയായിരുന്ന ഡോ. ജെ രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റു മൂന്ന് പേര്‍.
ചികിത്സാ നടപടിക്കായി സര്‍കാരിനെ അറിയിക്കാതെ 21 രേഖകളില്‍ ഒപ്പിട്ട അന്നത്തെ ചീഫ് സെക്രടറി രാമമോഹന റാവുവിനെതിരെ ക്രിമിനല്‍ നടപടി ശുപാര്‍ശ ചെയ്തു. മറ്റു 2 ഡോക്ടര്‍മാര്‍ക്കെതിരെയും അന്വേഷണത്തിന് ശുപാര്‍ശയുണ്ട്. 2017 ഓഗസ്റ്റില്‍ അണ്ണാ ഡിഎംകെ സര്‍കാര്‍ നിയോഗിച്ച കമിഷന്റെ റിപോര്‍ട് ചൊവ്വാഴ്ചയാണ് തമിഴ്‌നാട് നിയമസഭയില്‍ സമര്‍പിച്ചത്.
ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് 2016 സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 74 ദിവസത്തിന് ശേഷം ഡിസംബര്‍ അഞ്ചിന് രാത്രി 11.30നു ജയ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍, തെളിവുകള്‍ പ്രകാരം തലേന്ന് ഉച്ചകഴിഞ്ഞ് മൂന്നിനും മൂന്നരയ്ക്കുമിടയ്ക്ക് മരണം സംഭവിച്ചിരിക്കാമെന്ന് കമിഷന്‍ റിപോര്‍ടില്‍ പറയുന്നു.
യുഎസില്‍നിന്നെത്തിയ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ നവംബര്‍ 25ന് ആശുപത്രിയില്‍ ജയയെ പരിശോധിച്ചിരുന്നു. ഹൃദയ ശസ്ത്രക്രിയ വേണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം ജയ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് യുകെയില്‍നിന്നുള്ള മറ്റൊരു വിദഗ്ധനെത്തി പരിശോധിക്കുകയും ശസ്ത്രക്രിയ ആവശ്യമില്ലെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. ഈ ഇടപെടല്‍ സംശയാസ്പദമാണെന്ന് റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.