Alka Yagnik | തനിക്ക് അപൂര്‍വമായ അസുഖം ബാധിച്ച് കേള്‍വിക്ക് തകരാര്‍ സംഭവിച്ചെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് ഗായിക അല്‍ക്ക യാഗ്‌നിക്; തന്റെ മടങ്ങിവരവിനായി പ്രാര്‍ഥിക്കണമെന്നും അഭ്യര്‍ഥന
ആഴ്ചകള്‍ക്ക് മുമ്പ് ഒരു വിമാനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ പെട്ടെന്ന് ഒന്നും കേള്‍ക്കാന്‍ സാധിക്കാതെ ആവുകയായിരുന്നു
ഇപ്പോള്‍ ചികിത്സയിലാണെന്നും വെളിപ്പെടുത്തല്‍
മുംബൈ: (KVARTHA) തനിക്ക് അപൂര്‍വമായ അസുഖം ബാധിച്ച് കേള്‍വിക്ക് തകരാര്‍ സംഭവിച്ചെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് ഗായിക അല്‍ക്ക യാഗ്‌നിക്. 1990 കളില്‍ ബോളിവുഡിലെ നിറസാന്നിധ്യമായിരുന്നു അല്‍ക്ക യാഗ്‌നിക്. തന്റെ മധുരമായ ആലാപനം കൊണ്ടുതന്നെ അവര്‍ ബോളിവുഡ് കീഴടക്കി.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് 58 കാരിയായ ഗായിക അസുഖ വിവരം വെളിപ്പെടുത്തിയത്. ഇപ്പോള്‍ ചികിത്സയിലാണെന്നും തന്റെ മടങ്ങിവരവിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്നും അവര്‍ കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതും ഹെഡ് ഫോണുകളുടെ അമിത ഉപയോഗവും ശ്രദ്ധിക്കണമെന്നും അവര്‍ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം:
'എന്റെ എല്ലാ ആരാധകര്‍ക്കും, സുഹൃത്തുക്കള്‍ക്കും, അനുയായികള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും, ആഴ്ചകള്‍ക്ക് മുമ്പ് ഒരു വിമാനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ പെട്ടെന്ന് ഒന്നും കേള്‍ക്കാന്‍ സാധിക്കാതെയായി. കുറച്ചു നാളുകളായി എന്നെ മുഖ്യധാരയില്‍ കാണാതായതോടെ പലരും അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഞാന്‍ മൗനം വെടിയുന്നത്. അപൂര്‍വമായി സംഭവിക്കുന്ന രോഗാവസ്ഥയാണ് എന്റെ കേള്‍വി നഷ്ടപ്പെടാനുള്ള കാരണം. പെട്ടെന്നുണ്ടായ ഈ അപ്രതീക്ഷിത രോഗാവസ്ഥ എന്നെ പൂര്‍ണമായും ഉലച്ചു. ഇപ്പോള്‍ ഞാന്‍ അതിനോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്.
ദയവായി നിങ്ങള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം. ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതും ഹെഡ് ഫോണുകളുടെ അമിത ഉപയോഗവും ശ്രദ്ധിക്കണം. നിങ്ങളുടെ പിന്തുണയിലൂടെ പഴയ ജീവിതത്തിലേക്കു മടങ്ങിവരാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നിര്‍ണായകമായ നിമിഷത്തില്‍ നിങ്ങളുടെ സ്‌നേഹം എനിക്ക് ശക്തി നല്‍കട്ടെ.