Challenge | അര്‍ജുന്‍ ദൗത്യം ദുഷ്‌കരം; കലക്കവെള്ളമായതിനാല്‍ നദിക്ക് അടിയിലെ ദൃശ്യങ്ങള്‍ കാണാനാകുന്നില്ലെന്ന് ഈശ്വര്‍ മല്‍പെ; ഡ്രെഡ്ജര്‍ എത്തിക്കാന്‍ വൈകും
ഷിരൂര്‍: (KVARTHA) മണ്ണിടിച്ചിലില്‍ (Landslide) കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം ദുഷ്‌കരമായേക്കുമെന്ന് വിലയിരുത്തല്‍. നാവികസേന (Navy Team) ഗംഗാവലി പുഴയില്‍ തിരച്ചില്‍ തുടങ്ങിയെങ്കിലും കലക്കവെള്ളമായതിനാല്‍ നദിക്ക് അടിയിലെ ദൃശ്യങ്ങള്‍ കാണാനാകുന്നില്ലെന്ന് മുങ്ങല്‍വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ പറഞ്ഞു. മഴ മാറിനിന്നു കാലാവസ്ഥ അനുകൂലമാണെങ്കിലും വെള്ളം കലങ്ങിയൊഴുകുകയാണ്. കഴിഞ്ഞദിവസം മേഖലയില്‍ കനത്ത മഴ പെയ്തിരുന്നു.
കാര്‍വാറില്‍ നിന്നാണ് നാവികസേനയുടെ സംഘമെത്തിയിരിക്കുന്നത്. ഇതിനിടെ, ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലിനിടെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗങ്ങള്‍ വീണ്ടും കണ്ടെത്തി. നാവിക സേന ഇന്ന് നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. എന്‍ഡിആര്‍എഫിന്റെ മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തും. പുഴയിലേക്ക് മറിഞ്ഞ വലിയ ആല്‍മരവും ഇന്ന് കരയ്‌ക്കെത്തിക്കും.
അതേസമയം, പുഴയിലെ മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിനായുള്ള ഡ്രെഡ്ജര്‍ എത്തിക്കുന്നതില്‍ പ്രതിസന്ധി നേരിട്ടിരിക്കുകയാണ്. ഗോവയിലെ ഡ്രെഡ്ജിംഗ് കമ്പനിയുടെ എംഡിയാണ് ഡ്രെഡ്ജര്‍ എത്തിക്കുന്നത് വൈകുമെന്ന് അറിയിച്ചത്. തിങ്കളാഴ്ച ഡ്രജര്‍ എത്തുന്നതുവരെ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ചാകും തിരച്ചില്‍ തുടരുക.
അര്‍ജുന്‍ ഓടിച്ച ലോറിയുടെ കയര്‍ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും തിരച്ചില്‍ നടത്തുക. ഈ ഭാഗം കഴിഞ്ഞ ദിവസം നാവികസേന അടയാളപ്പെടുത്തിയിരുന്നു. അന്നു മണ്ണിടിച്ചിലില്‍ കാണാതെ പോയ ടാങ്കറിന്റേതെന്നു സംശയിക്കപ്പെടുന്ന ലോഹഭാഗങ്ങള്‍ കിട്ടിയ ഭാഗവും അടയാളപ്പെടുത്തിയിട്ടുണ്ട്.
ആഴത്തിലേക്ക് പോയാലും വലിയ പാറക്കഷണങ്ങളും മരങ്ങളും മണ്ണും ഉള്‍പ്പെടെയുള്ളവ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവയുടെ അടിയിലാകാം ലോറിയുടെ ഭാഗങ്ങളും മറ്റുമെന്നാണ് കരുതുന്നത്.
അപകടത്തില്‍ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കര്‍ണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരാണ് കാണാതായ മറ്റുള്ളവര്‍.#KeralaLandslide #RescueMission #MissingPerson #India