Wedding | മകന്‍ ശാരിഖ് ഹസന്റെ ഹല്‍ദി ചടങ്ങുകള്‍ ആഘോഷമാക്കി റിയാസ് ഖാനും ഭാര്യ ഉമയും; വിവാഹം ഓഗസ്റ്റ് 8 ന്; വീഡിയോ കണ്ട് കല്യാണ ചെക്കനെക്കാള്‍ പൊളിയാണ് അച്ഛന്‍ എന്ന് ആരാധകര്‍
ചെന്നൈ: (KVARTHA) മൂത്ത മകന്‍ ശാരിഖ് ഹസന്റെ ഹല്‍ദി ചടങ്ങുകള്‍ ആഘോഷമാക്കി റിയാസ് ഖാനും ഭാര്യ ഉമ റിയാസും. ചടങ്ങിന്റെ വീഡിയോ പുറത്തുവിട്ടു. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അച്ഛന്റെ ഹിറ്റ് ഡയലോഗായ 'അടിച്ചു കയറി വാ' എന്ന റാപ്പ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹല്‍ദി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പുറത്തുവന്ന ചിത്രങ്ങളിലും വീഡിയോകളിലും കല്യാണ ചെക്കനെക്കാള്‍ പൊളിയാണ് അച്ഛന്‍ റിയാസ് ഖാന്‍ എന്നാണ് ആരാധകരുടെ കമന്റ്. ഡാന്‍സും പാട്ടുമൊക്കെയായി ഫുള്‍ വൈബിലാണ് ആഘോഷം. മരിയ ജെന്നിഫറാണ് ശാരിഖിന്റെ വധു. ഏറെക്കാലമായി ശാരിഖും മരിയയും പ്രണയത്തിലായിരുന്നു. നടനും തമിഴ് ബിഗ് ബോസ് താരവുമായ ശാരിഖ് സിനിമാ രംഗത്തേക്കും കടക്കുകയാണ്. നിലവില്‍ ലോകേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന 'റിസോര്‍ട്ട്' എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്.
ഓഗസ്റ്റ് എട്ടിനാണ് ശാരിഖ് ഹസന്റെ വിവാഹം. മകന്റെ വിവാഹ വാര്‍ത്ത പ്രേക്ഷകരെ ആദ്യം അറിയിക്കുന്നത് അമ്മ ഉമ റിയാസ് ആണ്. 'അവസാനം എന്റെ ബേബി മാലാഖയെ പോലെ മനോഹരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പോകുന്നു. ഓഗസ്റ്റ് എട്ടിനാണ് വിവാഹം,' എന്നാണ് ശാരിഖിന്റെയും മരിയയുടെയും ചിത്രം പങ്കുവച്ച് ഉമ കുറിച്ചത്.
1992ല്‍ ആയിരുന്നു റിയാസ് ഖാന്റെയും ഉമയുടെയും വിവാഹം. ഫോര്‍ട് കൊച്ചിക്കാരനായ റിയാസ് ചെന്നൈയിലാണ് പഠിച്ചത്. മലയാളത്തിനൊപ്പം തമിഴ് സിനിമാ ലോകത്തും സജീവമായിരുന്നു. അതുവഴി തമിഴ് സംഗീത സംവിധായകന്‍ കമലേഷിന്റെയും നടി കമല കമലേഷിന്റെയും മകളായ ഉമയുമായി പ്രണയത്തിലാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു. ശാരിഖിനെ കൂടാതെ സമര്‍ഥ് എന്ന മകനും ദമ്പതികള്‍ക്കുണ്ട്.