Robert Vadra | പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് റോബര്‍ട് വദ്ര
വയനാടിനായുള്ള രാഹുലിന്റെ പദ്ധതികളുമായി പ്രിയങ്ക മുന്നോട്ട് പോകും
മത്സരിക്കുന്നത് താന്‍ രാഷ്ട്രീയത്തില്‍ വരുന്നതിനെ ബാധിക്കില്ല
അടുത്ത അവസരത്തില്‍ ലോക് സഭയിലേക്ക് മത്സരിക്കും
ന്യൂഡെല്‍ഹി: (KVARTHA) പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് ഭര്‍ത്താവ് റോബര്‍ട് വദ്ര. പ്രിയങ്ക മത്സരിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും ശരിയായ സമയത്താണ് മത്സരിക്കാനുള്ള തീരുമാനമെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ സാന്നിധ്യം പാര്‍ടിയെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് വദ്ര ഇക്കാര്യം വ്യക്തമാക്കിയത്.
വയനാടിനായുള്ള രാഹുലിന്റെ പദ്ധതികളുമായി പ്രിയങ്ക മുന്നോട്ട് പോകുമെന്നും ഭാര്യ മത്സരിക്കുന്നത് താന്‍ രാഷ്ട്രീയത്തില്‍ വരുന്നതിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. അടുത്ത അവസരത്തില്‍ ലോക് സഭയിലേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയ വദ്ര, കുടുംബവാഴ്ചയെന്ന ആക്ഷേപം ഇനി വിലപോകില്ലെന്നും പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒരുപാഠം പഠിപ്പിച്ച ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് എത്തുന്നത്. സഹോദരന്‍ രാഹുല്‍ ഗാന്ധി ഒഴിയുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. നേരത്തെ വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുന്നതായുള്ള വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പ്രിയങ്ക മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച റായ് ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാന്‍ തീരുമാനിച്ചത്. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാനും കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃയോഗം തീരുമാനിക്കുകയായിരുന്നു. അതേസമയം, പ്രിയങ്കയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ബിജെപി രംഗത്തെത്തി. ധൈര്യമുണ്ടെങ്കില്‍ റായ് ബറേലിയില്‍ പ്രിയങ്ക മത്സരിക്കണമായിരുന്നുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ഭീരുവിനെ പോലെ വയനാട്ടിലേക്ക് ഓടിപ്പോയെന്നും യുപിയില്‍ ബിജെപിയെ നേരിടുകയായിരുന്നു പ്രിയങ്ക ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.