New Rules | നിങ്ങളറിഞ്ഞോ, നവംബർ 1 മുതൽ ഈ നിയമങ്ങൾ മാറി! ഇവയിൽ നിങ്ങളെ കീശയെ നേരിട്ട് ബാധിക്കുന്നതും
Nov 1, 2023, 11:23 IST
ന്യൂഡെൽഹി: (KVARTHA) നവംബർ ഒന്ന് മുതൽ രാജ്യത്ത് പല നിയമങ്ങളിലും മാറ്റം വന്നു. ജിഎസ്ടി ചട്ടങ്ങളിലടക്കം മാറ്റമുണ്ടായിട്ടുണ്ട്. ഈ മാറ്റങ്ങളിൽ നിങ്ങളുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കുന്നവയുമുണ്ട്. അത്തരത്തിലുള്ള വലിയ മാറ്റങ്ങൾ പരിശോധിക്കാം.
സീറ്റ് ബെൽറ്റ് നിർബന്ധം
കേരളത്തിൽ കെഎസ്ആർടിസി ഉള്‍പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും നവംബർ ഒന്ന് മുതൽ സീറ്റ് ബെല്‍റ്റ് നിർബന്ധമാണ്. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എ ഐ കാമറ പിഴ ചുമത്തും.
എൽപിജി സിലിൻഡർ വില വർധിച്ചു
എല്ലാ മാസവും ഒന്നാം തീയതി എണ്ണ വിപണന കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നു. ഓഗസ്റ്റ് 30 ന്, 14 കിലോഗ്രാം എൽപിജി സിലിൻഡറിന്റെ വില കുത്തനെ കുറച്ച് സർക്കാർ പൊതുജനങ്ങൾക്ക് വലിയ ആശ്വാസം നൽകിയിരുന്നു, എന്നാൽ വാണിജ്യ ഗ്യാസ് സിലിൻഡറുകളുടെ വില തുടർച്ചയായി വർധിക്കുകയാണ്. നവംബർ ഒന്നിന് വീണ്ടും 19 കിലോഗ്രാം ഗ്യാസ് സിലിൻഡറിന് 103 രൂപ വർധിപ്പിച്ചു. തലസ്ഥാനമായ ഡെൽഹിയിൽ 1731 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിൻഡറിന് ഇനി 1,833 രൂപ നൽകണം.
ജെറ്റ് ഇന്ധന വില കുറഞ്ഞു
എയർ ടർബൈൻ ഇന്ധനത്തിന്റെ (ATF) തുടർച്ചയായ വില വർധനവിനൊടുവിൽ ആശ്വാസം. നവംബർ ഒന്നിന്
എണ്ണ വിപണന കമ്പനികൾ എടിഎഫിന്റെ വില കിലോലിറ്ററിന് 1074 രൂപ കുറച്ചു. വിമാന ഇന്ധനത്തിന്റെ വില കുറയുന്നത് വിമാന ടിക്കറ്റ് നിരക്കിലും പ്രകടമാകുമോയെന്ന് കണ്ടറിയണം.
ജിഎസ്ടി ഇൻവോയ്സ്
നവംബർ ഒന്ന് മുതൽ 100 കോടി രൂപയോ അതിൽ കൂടുതലോ വിറ്റുവരവുള്ള വ്യാപാരികൾ 30 ദിവസത്തിനകം ജിഎസ്ടി ചലാൻ ഇ-ചലാൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
ഓഹരി വിപണിയിലെ ഇടപാടുകൾ ചിലവേറും
ഇക്വിറ്റിയുടെ ഡെറിവേറ്റീവ് വിഭാഗത്തിലെ ഇടപാടുകളുടെ ഫീസ് നവംബർ ഒന്ന് മുതൽ വർധിക്കുമെന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഒക്ടോബർ 20ന് പ്രഖ്യാപിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, നവംബർ ഒന്നാം തീയതി മുതൽ ഓഹരി വിപണി ഇടപാടുകളിൽ നിക്ഷേപകർക്ക് കുറച്ച് അധിക പണം നൽകേണ്ടി വന്നേക്കാം. നിയമങ്ങളിലെ മാറ്റം ഫ്യൂച്ചറുകളിലും ഓപ്ഷനുകളിലും ട്രേഡ് ചെയ്യുന്ന ഡീമാറ്റ് അക്കൗണ്ടുകൾ കൈവശമുള്ള നിക്ഷേപകരെ ബാധിക്കും.
ഡെൽഹിയിൽ ബസുകൾക്ക് നിയന്ത്രണം
ഡെൽഹിയിൽ വർദ്ധിച്ചുവരുന്ന മലിനീകരണം തടയാൻ, നവംബർ ഒന്ന് മുതൽ ഡൽഹി-എൻസിആറിൽ ബിഎസ്-3, ബിഎസ്-4 ഡീസൽ ബസുകളുടെ പ്രവേശനം നിരോധിച്ചു. ഡെൽഹിയോട് ചേർന്നുള്ള ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്ന ഇത്തരം ഡീസൽ ബസുകൾക്ക് തലസ്ഥാനമായ ഡൽഹിയിൽ പ്രവേശിക്കാനാകില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇനി ഇലക്ട്രിക്, സിഎൻജി, ഭാരത് സ്റ്റേജ് (ബിഎസ്-6) ബസുകൾക്ക് മാത്രമേ ഡൽഹിയിൽ പ്രവേശിക്കാൻ കഴിയൂ.
മറ്റ് മാറ്റങ്ങൾ
ഈ പ്രധാന മാറ്റങ്ങളോടൊപ്പം, മറ്റ് പല നിയമങ്ങളും രാജ്യത്ത് മാറിയിട്ടുണ്ട്, അതിലൊന്ന് ഇൻഷുറൻസ് പോളിസി ഉടമകളുമായി ബന്ധപ്പെട്ടതാണ്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഒന്നാം തീയതി മുതൽ ഇൻഷ്വർ ചെയ്ത എല്ലാ ആളുകൾക്കും കെവൈസി നിർബന്ധമാക്കിയിട്ടുണ്ട്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ബാങ്ക് അവധിക്കാല പട്ടിക പ്രകാരം നവംബർ മാസത്തിൽ ദീപാവലി, ഛത് പൂജ, ഭായ് ദൂജ്, ഗുരുനാനക് ജയന്തി എന്നിവയുൾപ്പെടെ നിരവധി ഉത്സവങ്ങളും മറ്റുമുള്ളതിനാൽ ബാങ്കുകൾ 15 ദിവസം അടഞ്ഞുകിടക്കും. എന്നിരുന്നാലും ബാങ്ക് അവധി ദിനങ്ങൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടാം, ഈ ദിവസങ്ങളിൽ ഓൺലൈൻ ബാങ്കിംഗ് വഴി നിങ്ങളുടെ ഇടപാടുകൾ നടത്താനാവും.
Keywords: News, National, New Delhi, Rules, Finance, Seat Belt, LPG Cylinder Price, Jet Fuel Price, GST Invoice, Stock Market Transaction, Rules Changing in November 1
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.