കള്ളപ്പണ നിക്ഷേപം; മുഴുവന്‍ പേരുവിവരങ്ങളും ബുധനാഴ്ച സുപ്രീംകോടതിയില്‍ സമര്‍പിക്കും

 


ഡെല്‍ഹി: (www.kvartha.com 29.10.2014) വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യന്‍ പൗരന്മാരുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ ബുധനാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. സര്‍ക്കാര്‍ നല്‍കുന്ന ലിസ്റ്റില്‍ അറുന്നൂറിലധികം പൗരന്മാരുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്കി അറിയിച്ചു. രാഷ്ട്രീയക്കാരെ ഒഴിവാക്കിയുള്ള പേരു വിവരങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയതെന്ന് നേരത്തെ വിമര്‍ശനം ഉണ്ടായിരുന്നു.

ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന ചോദ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉയര്‍ത്തിയിരുന്നു. ശരിയായ പേരുവിവരങ്ങള്‍ നല്‍കാത്തതിന് കേന്ദ്ര ഗവണ്‍മെന്റിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണ വിഷയത്തില്‍ നിലപാട് മാറ്റത്തിന് തയ്യാറായത്.

വിദേശരാജ്യങ്ങളില്‍നിന്ന് ലഭിച്ച പേരുകള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്ന ഉത്തരവ് ഭേദഗതിചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നില്ല.  മുന്‍ ഉത്തരവിലെ ഒരുവരിപോലും ഭേദഗതി ചെയ്യാനോ പരിഷ്‌കരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച്. എല്‍. ദത്തുവും ജസ്റ്റിസുമാരായ രഞ്ജന പ്രകാശ് ദേശായി, മദന്‍ ബി.ലോക്കൂര്‍ എന്നിവരുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കേസില്‍ സിബിഐ അന്വേഷണം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ കേസ്  ഏത് ഏജന്‍സിയെ കൊണ്ട്  അന്വേഷിപ്പിച്ചാലും അതിനോട് എതിര്‍പ്പില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. അന്വേഷണം നടക്കുന്ന കേസുകളിലെ പേരുകള്‍  മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് നേരത്തേ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കേസില്‍ നേരത്തെ യു.പി. എ സര്‍ക്കാര്‍ എടുത്തിരുന്ന അതേ നിലപാട് തന്നെ എന്‍ഡിഎ സര്‍ക്കാരും എടുത്തത് വിവാദമുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ച് കോടതിയും രംഗത്തെത്തിയിരിക്കുന്നത്. ഇരട്ടനികുതി കരാറിന്റെ മറവില്‍ കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്തുവിടാതിരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ്  കോടതിയില്‍ പൊളിഞ്ഞത്. അന്വേഷണം പൂര്‍ത്തിയാക്കാത്ത കേസുകളില്‍ പേരുകള്‍ പുറത്തുവിടുന്നതിനെ കരാര്‍ അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനത്തിന് സര്‍ക്കാരിന്റെ മറുപടി. മൂന്ന് പ്രമുഖ വ്യവസായികളടക്കം എട്ട് പേരുടെ പേരു വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു രാജ്യത്തെ മുഴുവന്‍ കള്ളപ്പണ ഉറവിടവും തിരിച്ചെത്തിക്കുമെന്നുള്ളത്. അധികാരത്തിലെത്തിയാല്‍ കള്ളപ്പണക്കാരുടെ പേരു വിവരങ്ങള്‍ 100 ദിവസത്തിനകം പുറത്തുവിടുമെന്നും ബിജെപി പറഞ്ഞിരുന്നു.

ഡാബര്‍ ഇന്ത്യയുടെ പ്രമോട്ടര്‍ പ്രദീപ് ബര്‍മനന്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍ സ്വര്‍ണവ്യാപാരിയായ പങ്കജ് ചിമന്‍ലാല്‍ ലോധ്യ, ഗോവയിലെ ഖനി കമ്പനിയായ ടിംബ്ലോയുടെ ഉടമ രാധ സതീഷ് ടിംബ്ലോ, ഡയറക്ടര്‍മാരായ ചേതന്‍ എസ്. ടിംബ്ലോ, റോഹന്‍ എസ്.ടിംബ്ലോ, അന്ന എസ്. ടിംബ്ലോ, മല്ലിക എസ്. ടിംബ്ലോ തുടങ്ങിയ പല പ്രമുഖരുടെ പേരുകളും ഉള്‍പെടുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

  കള്ളപ്പണ നിക്ഷേപം; മുഴുവന്‍ പേരുവിവരങ്ങളും ബുധനാഴ്ച സുപ്രീംകോടതിയില്‍ സമര്‍പിക്കും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മുരളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Keywords:  SC orders govt. to submit all black money names on Wednesday, New Delhi, Politics, Protection, Criticism, Justice, BJP, Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia