Investigation | പുഴയില്‍ നിന്ന് ലോഹഭാഗം കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ; തിരച്ചിലില്‍ പ്രതീക്ഷയുണ്ടെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു
● രണ്ടാം ദിവസത്തെ പരിശോധന നടക്കുന്നത് നാവികസേന അടയാളപ്പെടുത്തിയ ഭാഗത്ത്
● നാലു ഡൈവര്‍മാര്‍ കൂടി എത്തിയിട്ടുണ്ട്
കര്‍ണാടക: (KVARTHA) ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കുമായുള്ള തിരച്ചില്‍ രണ്ടാം ദിവസവും പുരോഗമിക്കുന്നു. പുഴയില്‍ നിന്ന് ഒരു സ്‌കൂട്ടറും തടിക്കഷണങ്ങളും കണ്ടെത്തിയതായി മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ പറഞ്ഞു. തിരച്ചിലില്‍ പ്രതീക്ഷയുണ്ടെന്ന് അര്‍ജുന്റെ സഹോദരി അഞ്ജുവും പ്രതികരിച്ചു.
ഡ്രഡ് ജര്‍ ഉപയോഗിച്ച് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതിനൊപ്പം പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയും തിരച്ചിലിനിറങ്ങിയിട്ടുണ്ട്. തിരച്ചിലിന് നാലു ഡൈവര്‍മാര്‍ കൂടി എത്തിയിട്ടുണ്ട്. ഡ്രഡ് ജര്‍ ഉപയോഗിച്ചുള്ള രണ്ടാമത്തെ ദിവസത്തെ പരിശോധന നാവികസേന അടയാളപ്പെടുത്തിയ ഭാഗത്താണ് നടക്കുന്നത്.
കഴിഞ്ഞദിവസം തിരച്ചിലില്‍ ടയര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും അതൊന്നും അര്‍ജുന്റെ ട്രക്കിന്റേതല്ലെന്ന് വാഹനമുടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. ഡ്രജിങ് അവസാനത്തെ ശ്രമമാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം. ഗോവയില്‍ നിന്നും വ്യാഴാഴ്ചയാണ് ഡ്രഡ്ജര്‍ കര്‍ണാടകയില്‍ എത്തിച്ചത്. ലക്ഷക്കണക്കിന് രൂപയാണ് ഇതിന് ചെലവ് വരുന്നത്. ചെലവായ തുക മുഴുവനും കര്‍ണാടക സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. അപകടം നടന്ന് രണ്ടുമാസം കഴിഞ്ഞിട്ടും ഇതുവരെ അര്‍ജുനെ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
#ShiruurLandslide #MissingPerson #SearchAndRescue #Karnataka #India