Shashi Tharoor | കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ശശി തരൂര്‍ 30 ന് നാമനിര്‍ദേശ പത്രിക സമര്‍പിക്കും; ഇനിയും എതിരാളിയായില്ല; എ കെ ആന്റണിയെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ച് സോണിയ
Sep 27, 2022, 17:37 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഒക്ടോബര്‍ 17 ന് ആണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തിരുവനന്തപുരം എം പി ശശി തരൂര്‍ സെപ്റ്റംബര്‍ 30 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തിന്റെ പ്രതിനിധി അറിയിച്ചതായി പാര്‍ടി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്മാന് മധുസൂദനന് മിസ്ത്രി അറിയിച്ചു.
എ ഐ സി സി ട്രഷറര്‍ പവന് ബന്‍സാല്‍ കഴിഞ്ഞ ദിവസം നോമിനേഷന് പത്രികയുടെ ഫോം വാങ്ങിയിരുന്നുവെങ്കിലും മത്സരിക്കാനില്ലെന്നാണ് അദ്ദേഹം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയാണ് നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള സമയം. ഒക്ടോബര്‍ എട്ടിന് ആണ് നോമിനേഷന് പിന്‍വലിക്കാനുള്ള അവസാന സമയം. അന്ന് വൈകുന്നേരം അഞ്ച് മണിക്ക് സ്ഥാനാര്‍ഥി ചിത്രം തെളിയും. പോളിംഗ് ആവശ്യമായി വന്നാല്‍ മാത്രം ഒക്ടോബര്‍ 17 ന് നടക്കും. ഒക്ടോബര്‍ 19 ന് തന്നെ വോടെണ്ണുകയും അന്ന് തന്നെ പുതിയ അധ്യക്ഷ പ്രഖ്യാപനവുമുണ്ടാവും.
ശശി തരൂരും അശോക് ഗെലോടുമായിരിക്കും മത്സര രംഗത്തെന്ന് കരുതിയിരുന്നതെങ്കിലും രാജസ്താന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തോടെ ചര്‍ചകള്‍ വഴിമാറിയിരിക്കുകയാണ്. അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ രാജസ്താനിലെ മുഖ്യമന്ത്രി ആരായിരിക്കും എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കോണ്ഗ്രസസിനെ പ്രതിസന്ധിയിലാക്കിയത്.
സചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജിവെക്കുമെന്നാണ് ഗെലോടിനെ പിന്തുണയ്ക്കുന്ന 90 എം എല്‍ എമാരുടെ ഭീഷണി. എന്നാല്‍ ഇതൊന്നും തന്റെ അറിവോടെ അല്ലെന്നാണ് ഗെലോടിന്റെ വാദം. കോണ്‍ഗ്രസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇതോടെ ഗെലോടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് തിരിച്ചടിയാവുകയും ചെയ്തു.
അതുകൊണ്ടുതന്നെ തരൂരിന്റെ എതിരാളി ആരായിരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. പത്രിക സമര്‍പ്പണത്തിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴും മത്സര സന്നദ്ധത അറിയിച്ച് തരൂര്‍ ഒഴിച്ച് മറ്റൊരാളും ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അതേ സമയം കോണ്‍ഗ്രസ് ആസ്ഥാനം കേന്ദ്രീകരിച്ച് സജീവ ചര്‍ചകളും നടന്നുവരികയാണ്. കഴിഞ്ഞ ദിവസം രാത്രി മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിനെ സോണിയ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ താന്‍ മത്സരത്തിനില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. നേതാക്കള്‍ക്ക് നവരാത്രി ആശംസകള്‍ അറിയിക്കാനാണ് ഡെല്‍ഹിയില്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച മുതിര്‍ന്ന നേതാവ് എ കെ ആന്റണിയോട് ഡെല്ഹിയിലേക്കെത്താന് സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തെ കുറിച്ച് ചര്‍ച ചെയ്യാനാണെന്നാണ് അറിയുന്നത്.
Keywords: Shashi Tharoor to File Nomination on September 30, New Delhi, News, Politics, Congress, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.