Political Crissi | ഇന്‍ഡ്യയില്‍ കഴിയുന്ന അമ്മ ശെയ്ഖ് ഹസീന തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബംഗ്ലാദേശില്‍ തിരികെ എത്തുമെന്ന് മകന്‍ സജീബ് വസീദ് ജോയ്
ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യയില്‍ കഴിയുന്ന അമ്മ ശെയ്ഖ് ഹസീന തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബംഗ്ലാദേശില്‍ തിരികെ എത്തുമെന്ന് മകന്‍ സജീബ് വസീദ് ജോയ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സജീബ് ഇക്കാര്യം വ്യക്തമാക്കിയത്. ആഴ്ചകള്‍ നീണ്ട പ്രക്ഷോഭത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ശെയ്ഖ് ഹസീന രാജിവച്ച് ഇന്‍ഡ്യയിലെത്തിയത്.
ബ്രിടനില്‍ അഭയം തേടാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും അനുകൂല നിലപാട് ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇന്‍ഡ്യയില്‍ അഭയം തേടിയെത്തിയത്. ഇപ്പോള്‍ ഡെല്‍ഹിയില്‍ അതീവ സുരക്ഷയില്‍ കഴിയുകയാണ് ഹസീന. ഹസീനയുടെ അഭയം സംബന്ധിച്ച് ബ്രിടീഷ് വിദേശകാര്യ സെക്രടറിയുമായി സംസാരിച്ചിരുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു. എന്നാല്‍ സംഭാഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍കാര്‍ കഴിഞ്ഞദിവസമാണ് അധികാരത്തിലെത്തിയത്. സര്‍കാര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുമ്പോള്‍ അമ്മ ബംഗ്ലാദേശിലേക്കു മടങ്ങുമെന്നാണ് മകന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അറിയിച്ചത്.
സജീബിന്റെ വാക്കുകള്‍:
നിലവില്‍ അമ്മ ഇന്‍ഡ്യയിലാണ്. ഇടക്കാല സര്‍കാര്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചാല്‍ അവര്‍ തിരികെപ്പോകും. അവാമി ലീഗ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും, ചിലപ്പോള്‍ ജയിക്കുകയും ചെയ്യും. നിലവില്‍ യുഎസിലാണ് സജീബ് ഉള്ളത്. ഇടക്കാല സര്‍കാരില്‍ ഹസീനയുടെ അവാമി ലീഗിന് പ്രാതിനിധ്യമില്ല. ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ 300 ഓളം പേരാണ് കൊല്ലപ്പെട്ടത്.