Rescue Efforts | അര്‍ജുനായി 13-ാം നാള്‍; ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ തിരച്ചില്‍ അതീവദുഷ്‌കരം

​​​​​​​

 
Shirur Landslide: Rescue Operation for Arjun: Day 13, Kerala, Karnataka, Landslide, Missing Person.
Shirur Landslide: Rescue Operation for Arjun: Day 13, Kerala, Karnataka, Landslide, Missing Person.

Image: Facebook/P A Muhammad Riyas

ഈശ്വര്‍ മല്‍പെയുടെ സഹായത്തോടെ നാവിക സേനയുടെ തിരച്ചില്‍ പുന:രാരംഭിച്ചു. 

അര്‍ജുനായുള്ള തിരച്ചില്‍ പതിമൂന്നാം ദിവസവും കനത്ത മഴ ദുഷ്‌കരമാക്കിയിരിക്കുകയാണ്. 

ഷിരൂര്‍: (KVARTHA) കര്‍ണാടകയിലെ ഗംഗാവലിപ്പുഴയില്‍ അര്‍ജുനായുള്ള തിരച്ചില്‍ അതീവദുഷ്‌കരം. മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പതിമൂന്നാം ദിവസവും കനത്ത മഴ (Heavy Rain) ദുഷ്‌കരമാക്കിയിരിക്കുകയാണ്. കുന്ദാപുരയില്‍ നിന്നെത്തിയ ഈശ്വര്‍ മല്‍പെയുടെ സഹായത്തോടെ നാവിക സേനയുടെ തിരച്ചില്‍ ഞായറാഴ്ച (28.07.2024) രാവിലെ ഒന്‍പത് മണിയോടെ പുന:രാരംഭിച്ചു. 

തിരച്ചില്‍ സ്വന്തം സാഹസത്തിലെന്നും ഗംഗാവലി അപകടം നിറഞ്ഞ നദിയെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും മീന്‍പിടുത്തത്തൊഴിലാളി ഈശ്വര്‍ മല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. അടിയൊഴുക്ക് ശക്തമാണ്. മുങ്ങുമ്പോള്‍ ഒന്നും കാണാനാകുന്നില്ല. കണ്ണ് കെട്ടി ഇറങ്ങുന്നതുപോലെയാണ്. സ്വന്തം റിസ്‌കിലാണ് ഇറങ്ങുന്നതെന്ന് എഴുതി നല്‍കിയാണ് പുഴയില്‍ ഇറങ്ങുന്നത്. ഇതുവരെ ട്രക് കാണാനായിട്ടില്ല. 

ശനിയാഴ്ച (27.07.2024) ആറുതവണ പുഴയിലിറങ്ങി. പുഴയുടെ അടിത്തട്ടില്‍ തടിയും പാറയും ഇളകിയ മണ്ണും ധാരാളമുണ്ട്. ഇതുവരെ തകരഷീറ്റുകളും തടികളും വൈദ്യുതി കമ്പികളുമാണ് കണ്ടത്. ഒന്നും കാണാന്‍ പറ്റാത്ത സ്ഥിതിയില്‍ കമ്പി ഉപയോഗിച്ച് കുത്തിയാണ് പരിശോധനയെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.
        
അതേസമയം, പ്രതികൂല കാലാവസ്ഥയെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ട് പോകുന്നതിനോട് സംസ്ഥാന സര്‍കാരിന് യോജിപ്പില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മാറ്റുന്നതില്‍ സംസ്ഥാനം അതൃപ്തി അറിയിച്ചിട്ടുണ്ട്. എടുത്ത തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകുകയാണ്. മീറ്റിങ്ങില്‍ ഒരു കാര്യം പറയുകയും പിറ്റേന്ന് അതില്‍ നിന്നും പുറകോട്ട് പോകുന്നതും ശരിയല്ല. കര്‍ണാടക മന്ത്രിമാര്‍ സ്ഥലത്ത് കാംപ് ചെയ്യണം. രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ കുടുംബത്തെ അറിയിക്കണമെന്നും പക്ഷേ അങ്ങനെ ഉണ്ടാകുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം, ഷിരൂരില്‍ തിരച്ചില്‍ തുടരണമെന്ന് കേരള സര്‍കാര്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച കൂടി പരമാവധി ശ്രമിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നതില്‍ കര്‍ണാടക സര്‍കാര്‍ നിര്‍ദേശം അനുസരിച്ച് മാത്രമായിരിക്കും തീരുമാനമെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കുകയെ നിവൃത്തിയുള്ളൂവെന്ന് കലക്ടര്‍ അവലോകന യോഗത്തില്‍ വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia