ഇനി രണ്ടുവഴി; ശിവസേന എന്‍ ഡി എ വിടുന്നു; കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെക്കും; പിന്തുണ നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സോണിയ ഗാന്ധിയുമായി തിരക്കിട്ട ചര്‍ച്ച

 


മുംബൈ: (www.kvartha.com 11.11.2019)  മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള എന്‍സിപിയുടെ ഉപാധി അംഗീകരിച്ച് ശിവസേന എന്‍ഡിഎ വിടുന്നു. ഇതിന്റെ ഭാഗമായി നരേന്ദ്രമോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിപദം വഹിക്കുന്ന ശിവസേന എം പി അരവിന്ദ് സാവന്ത് ഉടന്‍ രാജിവയ്ക്കുമെന്ന് അറിയിച്ചു.

നരേന്ദ്രമോദി സര്‍ക്കാരില്‍ ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രിസ്ഥാനമാണ് സാവന്ത് വഹിക്കുന്നത്. സഖ്യം രൂപീകരിക്കാന്‍ ശിവസേന എന്‍ഡിഎ വിടണമെന്നായിരുന്നു എന്‍സിപിയുടെ ഉപാധി.

ഇനി രണ്ടുവഴി; ശിവസേന എന്‍ ഡി എ വിടുന്നു; കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെക്കും; പിന്തുണ നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സോണിയ ഗാന്ധിയുമായി തിരക്കിട്ട ചര്‍ച്ച

'ശിവസേനയുടെ ഭാഗമാണ് ശരി. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ഡെല്‍ഹിയില്‍ നില്‍ക്കുന്നത് എന്തിനാണ്? അതിനാല്‍ താന്‍ കേന്ദ്രമന്ത്രിപദം രാജിവയ്ക്കുകയാണ്' എന്ന് അരവിന്ദ് സാവന്ത് ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം അനന്തമായി നീളുന്ന സാഹചര്യത്തില്‍ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളാണ് സംസ്ഥാനവും ഡെല്‍ഹിയും കേന്ദ്രീകരിച്ച് നടക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനായി ശരത് പവാറിന്റെ അധ്യക്ഷതയില്‍ എന്‍സിപി നേതൃയോഗം തിങ്കളാഴ്ച ചേരും. സേനാ തലവന്‍ ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയിലെത്തി ചര്‍ച്ച നടത്തും.

പ്രഫുല്‍ പട്ടേല്‍, സുപ്രിയ സൂലെ, അജിത് പവര്‍, ജയന്ത് പാട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേരും. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയില്‍ ബിജെപി നേതൃയോഗവും ചേരുന്നുണ്ട്.

സര്‍ക്കാരുണ്ടാക്കാനില്ലെന്നു ബിജെപി വ്യക്തമാക്കിയതിനു പിന്നാലെ, ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായ ശിവസേനയെ സര്‍ക്കാരുണ്ടാക്കാനായി ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ഏഴരയ്ക്കകം മറുപടി നല്‍കണമെന്ന കത്തു ലഭിച്ചതിനു പിന്നാലെ ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അടിയന്തര പാര്‍ട്ടി യോഗം വിളിച്ചു.

അതിനിടെ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഉച്ചയ്ക്ക് രണ്ടുമണിക്ക്‌ ശിവസേന ഗവര്‍ണറെ കാണും. പ്രതിപക്ഷ കക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കേവലഭൂരിപക്ഷം സഭയില്‍ തെളിയിക്കാമെന്ന് ശിവസേന ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കും.

288 അംഗ നിയമസഭയില്‍ 56 അംഗങ്ങള്‍ മാത്രമുള്ള ശിവസേന, എന്‍ സി പിയെ ഒപ്പം കൂട്ടി കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചരടുവലി മുറുക്കിയിരിക്കയാണ്. കോണ്‍ഗ്രസിന്റ പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. പ്രതിപക്ഷത്തിന്റെ പിന്തുണ സംബന്ധിച്ചു നിര്‍ണായകമായ രണ്ട് കൂടിക്കാഴ്ചകള്‍ തിങ്കളാഴ്ച നടക്കും. ശിവസേനയ്ക്കു പിന്തുണ നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയെ കാണും. ഉദ്ധവുമായുള്ള ചര്‍ച്ച അനുകൂലമായാല്‍ പവാര്‍ തിങ്കളാഴ്ച തന്നെ ഡെല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ കാണും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയും ശിവസേനയും സഖ്യമായി മത്സരിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകളില്‍ പരസ്പരം ഇടയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ്, ഒറ്റയ്ക്ക് കേവലഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ക്ഷണിച്ചത്.

എന്നാല്‍, പാര്‍ട്ടിക്ക് കേവലഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ ഭഗത്സിംഗ് കോഷിയാരിയെ ബി ജെ പി കഴിഞ്ഞദിവസം അറിയിക്കുകയായിരുന്നു. കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയില്‍ രണ്ടു തവണ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിനു ശേഷമായിരുന്നു ബി ജെ പിയുടെ നാടകീയ നീക്കം.

അതേസമയം, മഹാരാഷ്ട്രയിലെ ജനങ്ങള്‍ ബി ജെ പി- ശിവസേന സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നല്‍കിയതാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാതെ ശിവസേന ജനവിധിയെ അവഹേളിക്കുകയാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ കഴിഞ്ഞദിവസം കുറ്റപ്പെടുത്തി.

കേവലഭൂരിപക്ഷത്തിന് 145 പേരുടെ അംഗബലം വേണമെന്നിരിക്കെ, ബി ജെ പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമില്ല. എന്‍ സി പി, കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന ആഗ്രഹിക്കുകയാണെങ്കില്‍ ആശംസകള്‍ നേരുന്നതായും പാട്ടീല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Shiv Sena to Meet Governor at 2:30 pm, Hand Over Letter of Support as Impasse Nears Finishing Line, Mumbai, News, Politics, Trending, Shiv Sena, Congress, BJP, Governor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia