Child Died | സിക്കിമിലുണ്ടായ മിന്നല്‍പ്രളയത്തിനിടെ വെള്ളത്തില്‍നിന്ന് കിട്ടിയ ഷെല്‍ പൊട്ടിത്തെറിച്ച് 8 വയസുകാരന് ദാരുണാന്ത്യം
Oct 7, 2023, 07:52 IST
ന്യൂഡെല്‍ഹി: (KVARTHA) മേഘസ്‌ഫോടനത്തെത്തുടര്‍ന്ന് സിക്കിമിലുണ്ടായ മിന്നല്‍പ്രളയത്തിനിടെ ഒഴുകിയെത്തിയ ഷെല്‍ പൊട്ടിത്തെറിച്ച് പിഞ്ചുബാലന് ദാരുണാന്ത്യം. ബംഗാളിലെ ജല്‍പായ്ഗുഡിയിലെ ക്രാന്തി ബ്ലോകിലെ ചപദംഗ സ്വദേശിയായ 8 വയസുള്ള ആണ്‍കുട്ടിയാണ് മരിച്ചത്.
പ്രളയജലത്തില്‍ ഒഴുകിയെത്തിയ ഷെല്‍ വീട്ടിലെത്തിച്ച് തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികളടക്കം ആറ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വെള്ളത്തിലൂടെ ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
പ്രളയത്തില്‍പെട്ട ഏഴ് സൈനികരുടേതടക്കം 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ 6 പേര്‍ വനിതകളാണ്. ഇതോടെ, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി. സിക്കിമിലൂടെ ഒഴുകിയെത്തുന്ന ടീസ്റ്റ നദിയില്‍ ബംഗാളിലെ ജല്‍പായ്ഗുഡി, കൂച് ബെഹാര്‍ എന്നിവിടങ്ങളില്‍നിന്നാണ് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
അതേസമയം, പ്രളയത്തില്‍ ഒഴുകിപ്പോയ 15 സൈനികരടക്കം 143 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മരിച്ച 7 സൈനികരില്‍ 3 പേരെ തിരിച്ചറിഞ്ഞിട്ടില്ല. സേനാംഗങ്ങളായ ഗോപാല്‍ മഡ്ഡി, എന്‍ ജി പ്രസാദ്, ഭവാനി സിങ് ചൗഹാന്‍, ബിമല്‍ ഒറാവ് എന്നിവരെ തിരിച്ചറിഞ്ഞു.
സംസ്ഥാനത്തിനുള്ള അടിയന്തര സഹായമായി 44.8 കോടി രൂപ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചു. സിക്കിം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി റിപോര്‍ട് നല്‍കാന്‍ മന്ത്രിതല സമിതിക്കും കേന്ദ്രം രൂപം നല്‍കി.
മുഖ്യമന്ത്രി പ്രേംസിങ് തമാങ് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. 26 കാംപുകളിലായി 7644 പേരെയാണ് മാറ്റിപ്പാര്‍പിച്ചിരിക്കുന്നത്. ആകെ 25,000 പേരെ പ്രളയം ബാധിച്ചുവെന്നും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നും തമാങ് പറഞ്ഞു.
ഇതിനിടെ, വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള മൂവായിരത്തോളം വിനോദസഞ്ചാരികളെ ഹെലികോപ്റ്റര്‍ മാര്‍ഗം സുരക്ഷിത സ്ഥലങ്ങളിലേക്കെത്തിക്കാനുള്ള ശ്രമം സംസ്ഥാന സര്‍കാരും കരസേനയും ആരംഭിച്ചു. ലാച്ചുങ്, ലാച്ചെന്‍, ചുങ്താങ് എന്നിവിടങ്ങളിലാണ് സഞ്ചാരികളിലധികവുമുള്ളത്. ഇവിടേയ്ക്കുള്ള റോഡുകളും പാലങ്ങളും തകര്‍ന്ന നിലയിലാണ്. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് ഹെലികോപ്റ്ററുകളില്‍ ഇവരെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: News, National, National-News, Accident-News, Jalpaiguri News, Mortar Shell, Injured, Cloudburst, Children, Teesta Riverbank, Exploded, Chapadanga, Kranti block, Kid, Died, Sikkim Flash Floods, Sikkim Flash Floods: Kid dies as mortar that was washed away bursts on being picked up.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.