Tragedy | തിരുമല തിരുപ്പതി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തം; മരിച്ചവരുടെ എണ്ണം ആറായി; 40 പേര്‍ക്ക് പരുക്കേറ്റു 

 
Crowds of people pushing and shoving at the Tirumala Tirupati Temple during the Vaikunta Ekadasi festival.
Crowds of people pushing and shoving at the Tirumala Tirupati Temple during the Vaikunta Ekadasi festival.

Photo Credit: X/Amitabh Chaudhary

● വീണ ആളുകള്‍ക്ക് മുകളിലുടെ മറ്റു ആളുകള്‍ പരിഭ്രാന്തരായി ഓടി.
● പരുക്കേറ്റവരില്‍ 20 പേരുടെ നില ഗുരുതരമാണ്.
● ഇടപെട്ട് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
● ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി.

ഹൈദരാബാദ്: (KVARTHA) തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശന്‍ കൂപ്പണ്‍ വിതരണത്തിനായി താഴെ തിരുപ്പതിയില്‍ സജ്ജമാക്കിയ കൗണ്ടറിലുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. ഇതില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. മരിച്ചവരില്‍ ഒരാള്‍ സേലം സ്വദേശിനിയാണ്. സേലം സ്വദേശിനി മല്ലികയാണ് മരിച്ച ഒരാള്‍. സ്ത്രീകളും മുതിര്‍ന്നവരുമടക്കം 40 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്.

ബുധനാഴ്ച രാത്രിയോടെയാണ് തിരുപ്പതിയില്‍ തിക്കിലും തിരക്കിലുംപെട്ട് വലിയ അപകടമുണ്ടായത്. തിരുമലയിലെ തിരുപ്പതി ക്ഷേത്ര പരിസരത്തെ കൗണ്ടറുകളില്‍ നിന്ന് കൂപ്പണ്‍ വിതരണം ചെയ്യുന്നതിന് വ്യത്യസ്തമായി തിരക്ക് കണക്കിലെടുത്ത് ഇത്തവണ താഴെ തിരുപ്പതിയിലെ വിവിധയിടങ്ങളിലായാണ് കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നത്. ഇത്തരത്തില്‍ സജ്ജമാക്കിയ കൗണ്ടറിലാണ് അപകടമുണ്ടാത്. 

ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. ഇതോടെ പൊലീസ് ഒരുക്കിയ സകലനിയന്ത്രണങ്ങളും പാളി. തുടര്‍ന്നാണ് വലിയ ദുരന്തം ഉണ്ടായത്. താഴെ വീണ ആളുകള്‍ക്ക്  മുകളിലുടെ മറ്റു ആളുകള്‍ പരിഭ്രാന്തരായി ഓടിയതോടെ അപകടത്തിന്റെ വ്യാപ്തി കൂടി. 

സംഭവത്തെ തുടര്‍ന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇടപെട്ടു. തിരുപ്പതി തിരുമല ദേവസ്ഥാനം അധികൃതരുമായി സംസാരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. രാത്രി തന്നെ ചന്ദ്രബാബു നായിഡു അടിയന്തര യോഗം ചേര്‍ന്നു. ഇത്രയധികം തിരക്ക് ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് സുരക്ഷ ഒരുക്കാത്തത് എന്താണെന്ന് കളക്ടറോടും എസ്പിയോടും മുഖ്യമന്ത്രി അന്വേഷിച്ചു. 

അപകടത്തില്‍ മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഞെട്ടല്‍ രേഖപ്പെടുത്തി. ദുരന്തത്തില്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയാണെന്നും പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ജഗന്‍ മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടു. പ്രദേശത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജനുവരി പത്തിനാണ് വൈകുണ്ഠ ഏകാദശി ദര്‍ശനം. വൈകുണ്ഠ ദ്വാര ദര്‍ശനത്തിനായാണ് കൂപ്പണ്‍ വിതരണം ചെയ്യുന്നത്. ഇതിനുള്ള കൂപ്പണ്‍ നല്‍കുന്നതിനായി തിരുപ്പതിയില്‍ 90 കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്.

#Tirupati #stampede #India #temple #tragedy #pilgrimage #disaster #AndhraPradesh #VaikuntaEkadasi


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia