ആണ്‍കുട്ടികള്‍ ഈ ബിസ്‌കറ്റ് കഴിക്കണം, ഇല്ലെങ്കില്‍ ജീവിതത്തില്‍ കാത്തിരിക്കുന്നത് മഹാദുരന്തം; മക്കളുടെ ആയുസിനായി ബിഹാറില്‍ ബിസ്‌കെറ്റിനായി ആളുകളുടെ പരക്കം പാച്ചില്‍; കോളടിച്ചത് കച്ചവടക്കാര്‍ക്ക്
Oct 3, 2021, 10:21 IST
പട്‌ന: (www.kvartha.com 03.10.2021) ആണ്‍കുട്ടികള്‍ പാര്‍ലെ ജി ബിസ്‌കറ്റ് കഴിക്കണം, ഇല്ലെങ്കില്‍ ജീവിതത്തില്‍ അവരെ കാത്തിരിക്കുന്നത് മഹാദുരന്തമെന്ന് പ്രചരണം. ഇതോടെ മക്കളുടെ ആയുസിനായി ബിഹാറില്‍ ബിസ്‌കെറ്റിനായി ആളുകളുടെ പരക്കം പാച്ചില്‍. കാരണമറിയാതെ അന്താളിച്ച് കച്ചവടക്കാര്‍, ഒപ്പം ബിസ്‌കെറ്റ് ചെലവായതിലുള്ള ആശ്വാസവും.
സാമൂഹ്യമാധ്യമങ്ങള്‍ പലപ്പോഴും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നിരവധി വാര്‍ത്തകള്‍ നല്‍കാറുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് ആളുകളെ ഇത്തരത്തില്‍ ബിസ്‌കെറ്റിനായി പരക്കം പായാന്‍ നിര്‍ബന്ധിതരാക്കിയത്. ബിഹാറിലെ സിതാമാര്‍ഹി ജില്ലയിലാണ് സംഭവം അരങ്ങേറിയതെന്ന് ടൈംസ് നൗവ് ആണ് റിപോര്‍ട് ചെയ്തത്.
ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പെടുന്ന പ്രദേശത്ത് മൈഥിലി, മഗധി, ഭോജ്പുരി ഭാഷകള്‍ സംസാരിക്കുന്ന വിഭാഗങ്ങള്‍ക്കിടയിലുള്ള ആഘോഷമാണ് ജിതിയ. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷത്തില്‍ മക്കളുടെ ആരോഗ്യത്തിനും ആയുസിനും വേണ്ടി അമ്മമാര്‍ ഒരു ദിവസം നീളുന്ന വ്രതം എടുക്കാറുണ്ട്.
ഈ ആഘോഷവുമായി ബന്ധപ്പെട്ടാണ് വിശ്വാസികള്‍ക്കിടയില്‍ ഒരു കിംവദന്തി പ്രചരിച്ചത്. ഈ ആഘോഷ ദിവസങ്ങളില്‍ ആണ്‍കുട്ടികള്‍ പാര്‍ലെ ജി ബിസ്‌കറ്റ് കഴിക്കണമെന്നും കഴിക്കാതിരുന്നാല്‍ ജീവിതത്തില്‍ വലിയ ദുരന്താനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു പ്രചാരണം. ഇത് ഒരു വിഭാഗം വിശ്വാസികള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് കടകളിലും സൂപെര്‍മാര്‍കെറ്റുകളിലും ജനങ്ങള്‍ തിക്കിത്തിരിക്കാന്‍ തുടങ്ങിയത്.
സിതാമാര്‍ഹി ജില്ലയിലെ ബൈര്‍ഗാനിയ, ധൈന്‍ഗ്, നാന്‍പുര്‍, ദുമ്ര, ബജ്പട്ടി എന്നീ പ്രദേശങ്ങളിലാണ് ബിസ്‌കെറ്റിനായുള്ള പരക്കംപാച്ചില്‍ അരങ്ങേറിയത്. തുടര്‍ന്ന് അടുത്ത ഏതാനും ജില്ലകളിലും ഇതിന്റെ ചലനം ഉണ്ടായി. ഇതോടെ പല കച്ചവടക്കാരും കരിഞ്ചന്തയില്‍ ബിസ്‌കെറ്റ് വില്‍ക്കാന്‍ തുടങ്ങി. അഞ്ച് രൂപയുടെ ബിസ്‌കറ്റ് 50 രൂപയ്ക്കു വരെ വില്‍പന നടത്തിയതായി പ്രദേശവാസികള്‍ പറയുന്നു. ഏതായാലും ഇത്തരമൊരു പ്രചരണത്തിലൂടെ കോളടിച്ചത് കച്ചവടക്കാര്‍ക്കാണ്.
Keywords: 'Sons should eat Parle-G on Jitiya or face untoward incident': Strange rumour increases sales of biscuit in Bihar's Sitamarhi, Patna, News, Local News, Children, Social Media, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.