Spice Jet Flight | സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡെല്‍ഹി-ദുബൈ സ്പൈസ് ജെറ്റ് വിമാനം കറാച്ചിയില്‍ ഇറക്കി; യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍
Jul 5, 2022, 14:25 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം കറാച്ചിയില്‍ ലാന്‍ഡ് ചെയ്‌തെന്നും അടിയന്തര സ്ഥിതിയില്ലെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്നും ഇവരെ മറ്റൊരു വിമാനത്തില്‍ കറാച്ചിയില്‍നിന്ന് ദുബൈയിലെത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്‍ഡികേറ്റര്‍ ലൈറ്റ് തകരാറിലായതിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയതെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ വിശദീകരിച്ചു.
രണ്ട് ദിവസം മുമ്പ് സ്‌പൈസ് ജെറ്റിന്റെ ഡെല്‍ഹി- ജബല്‍പൂര്‍ വിമാനം കാബിനില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. വിമാനം 5,000 അടി ഉയരത്തില്‍ ഇരിക്കെയാണ് പുക യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടത്. ഉയരം കൂടുംതോറും പുക കൂടിയതോടെ, ഫയര്‍ അലാം പുറപ്പെടുവിച്ച ശേഷം പൈലറ്റ് എയര്‍ ട്രാഫിക് കന്‍ട്രോള്‍ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസം സ്‌പൈസ് ജെറ്റിന്റെ ഡെല്‍ഹിയിലേക്കുള്ള വിമാനം പാറ്റ്‌നയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയിരുന്നു. പറന്നുയരുന്നതിനിടെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചതാണ് എമര്‍ജന്‍സി ലാന്‍ഡിംഗിലേക്ക് നയിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.