രാഷ്ട്രപതിയുടെ കാറില്‍ ഒബാമ കയറില്ല; അമേരിക്കന്‍ കാറില്‍ രാഷ്ട്രപതിക്ക് സീറ്റ്

 


ഡെല്‍ഹി: (www.kvartha.com 06/01/2015) റിപ്പബ്ലിക്ദിനത്തിന് മുഖ്യാതിഥിയായെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യാ ഗേറ്റിനു സമീപം അമേരിക്കന്‍ വാഹനത്തില്‍ എത്തണമെന്ന നിബന്ധന അമേരിക്കന്‍ രഹസ്യ സര്‍വിസ് ബന്ധപ്പെട്ടവരെ അറിയിച്ചു. സുരക്ഷ കണക്കിലെടുത്താണ് ഒബാമ അമേരിക്കന്‍ വാഹന വ്യൂഹത്തില്‍ കയറി ഇന്ത്യാഗേറ്റിനു സമീപം എത്തുന്നത്.

രാഷ്ട്രപതി ഭവനില്‍നിന്ന് രാജ്പഥിലൂടെ ഇന്ത്യാ ഗേറ്റിനടുത്ത് തയ്യാറാക്കിയ  പ്രത്യേക വേദിയിലേക്ക് രാഷ്ട്രപതിക്കൊപ്പം മുഖ്യാതിഥി എത്തുന്നതാണ് പതിവ് രീതി. എന്നാല്‍ പ്രണബ് മുഖര്‍ജിക്കൊപ്പം അതേ കാറില്‍ ബറാക് ഒബാമക്ക് സഞ്ചരിക്കാനാവില്ലെന്നാണ് അമേരിക്കയുടെ ഇപ്പോഴത്തെ നിലപാട്.  ഗുജറാത്ത് തീരത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പാക് ബോട്ടുകള്‍ കത്തിയതിനെ തുടര്‍ന്ന് ഒബാമയുടെ നേര്‍ക്ക് ആക്രമണം ഉണ്ടാകുമെന്ന് കരുതിയാണ് ഇത്തരം തയ്യാറെടുപ്പുകള്‍ അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

രണ്ട് വ്യവസ്ഥകളാണ് അമേരിക്ക യാത്രയുടെ കാര്യത്തില്‍ പറയുന്നത്. ഒന്നുകില്‍ രണ്ടുകാറില്‍ പ്രത്യേക വേദിയിലേക്ക് എത്താം. അതല്ലെങ്കില്‍, അമേരിക്കന്‍ പതാക വെച്ച പ്രസിഡന്റിന്റെ കാറില്‍ യാത്ര ചെയ്യാം. എന്നാല്‍  രാഷ്ട്രപതിയും അതില്‍ കയറണം എന്നാണ് വ്യവസ്ഥ. അമേരിക്കയില്‍ നിന്ന് വിമാനമാര്‍ഗം എത്തിക്കുന്ന പ്രസിഡന്റിന്റെ കാറിലാണ്  അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുകയെന്നാണ് അമേരിക്കയുടെ നിലപാട്.

എന്നാല്‍  രാഷ്ട്രപതി അമേരിക്കന്‍ പ്രസിഡന്റിന്റെ കാറില്‍ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന  നിലപാടിലാണ് കേന്ദ്രം. ബറാക് ഒബാമയുടെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡെല്‍ഹിയിലെത്തിയിട്ടുണ്ട്. യാത്രയുടെ കാര്യത്തില്‍ അമേരിക്കയുടെ തീരുമാനത്തില്‍  ഇളവു നേടുന്നതിന് അമേരിക്കയിലെ ഉന്നത അധികൃതരുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടുവരുന്നുണ്ട്.

ഒബാമ മുഖ്യാതിഥിയായെത്തുന്നതിനാല്‍ ഇപ്രാവശ്യത്തെ റിപ്പബ്ലിക് ദിനത്തിന് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് നടക്കുന്നത്. പ്രധാന സ്ഥലങ്ങളെല്ലാം തന്നെ മെറ്റല്‍ ഡിറ്റക്ടറും നൂതന ഉപകരണങ്ങളും ഉപയോഗിച്ചു പരിശോധിക്കുന്നുണ്ട്.

രാഷ്ട്രപതി ഭവനു മുന്നിലെ വിജയ്ചൗക്കില്‍നിന്ന് ഇന്ത്യാഗേറ്റ് വരെ നീളുന്ന റോഡിലാണ് റിപ്പബ്ലിക്ദിന പരേഡ് നടക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന്റെ നിറക്കൂട്ടും എടുത്തുകാട്ടുന്നതാണ് പരേഡ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് റിപ്പബ്‌ളിക് ദിനത്തില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റ് അതിഥിയായെത്തുന്നത്.
രാഷ്ട്രപതിയുടെ കാറില്‍ ഒബാമ കയറില്ല; അമേരിക്കന്‍ കാറില്‍ രാഷ്ട്രപതിക്ക് സീറ്റ്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  New Delhi, America, Protection, President, National, Obama.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia