Firecrackers | അന്തരീക്ഷവായു വളരെ മോശമായി; പടക്കങ്ങള്‍ സുപ്രീംകോടതി ശാശ്വതമായി നിരോധിക്കുമോ?
● ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായു ഗുണനിലവാരം ഗണ്യമായി കുറഞ്ഞു.
● കോടതി പല തവണ പടക്ക നിരോധനം സംബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
● പടക്ക നിരോധനം സാംസ്കാരിക ആചാരങ്ങളെ ബാധിക്കുമെന്ന ആശങ്ക ഉയർന്നുവരുന്നു.
അർണവ് അനിത
(KVARTHA) രാജ്യതലസ്ഥാനത്ത് ദീപാവലിക്ക് ശേഷം അന്തരീക്ഷമലിനീകരണം അതിരൂക്ഷമായി. പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും ജനം അതെല്ലാം കാറ്റില്‍പറത്തി. കേന്ദ്രസര്‍ക്കാര്‍ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കാനും ശ്രമം നടത്തി. പടക്കങ്ങളുടെ 'ശാശ്വത നിരോധന'ത്തിന്റെ സാധ്യതയെക്കുറിച്ച് ഒരു അഭിപ്രായം പുറപ്പെടുവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാനരുമായും ആലോചിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചു.
ദീപാവലിക്ക് ശേഷം നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മാരകമായ വിഷാംശത്തിലേക്ക് കൂപ്പുകുത്തിയതിനെ തുടര്‍ന്ന്, പടക്കങ്ങള്‍ക്ക് സ്ഥിരമായ നിരോധനം ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി ആദ്യം നിര്‍ദ്ദേശിച്ചിരുന്നു. നിരോധനം വന്നാല്‍ തൃശൂര്‍പൂരം അടക്കം കേരളത്തിലെ നിരവധി സാംസ്‌കാരിക ഉത്സവങ്ങളെയും മറ്റ് ആഘോഷങ്ങളെയും ബാധിക്കും. അത് വലിയ രാഷ്ട്രീയ ആയുധമാക്കാനുള്ള സാധ്യത കൂടുതലാണ്.
മലിനീകരണമില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്റെയും മൗലികാവകാശമാണ്, അത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം സംരക്ഷിക്കപ്പെടുന്നു. മലിനീകരണം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഈ രീതിയില്‍ പടക്കങ്ങള്‍ കത്തിച്ചാല്‍ അത് പൗരന്മാരുടെ ആരോഗ്യത്തിനുള്ള മൗലികാവകാശത്തെയും ബാധിക്കും,' തിങ്കളാഴ്ച വിഷയത്തില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
ഈ നിരീക്ഷണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, ഒക്ടോബര്‍ 28 നും ഒക്ടോബര്‍ 31 നും ഇടയില്‍, ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി (ഡിപിസിസി) പടക്കങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വില്‍പന ഉള്‍പ്പെടെ പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ അളവ് അപകടകരമാംവിധം ഉയര്‍ന്നിരുന്നു.
2025 ജനുവരി വരെ ഡല്‍ഹിയില്‍ എല്ലാത്തരം പടക്കങ്ങളുടെയും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ഉള്ള ഡെലിവറി നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ കോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അധികാരികളുടെ ഭാഗത്ത് യാതൊരു നീക്കവും ഉണ്ടാകുന്നില്ല എന്നത് ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
നിയന്ത്രണ ശ്രമങ്ങള്‍ മുമ്പും
പടക്ക നിരോധനവും പടക്ക നിയന്ത്രണവും സംബന്ധിച്ച ഹര്‍ജികള്‍ വര്‍ഷങ്ങളായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 2015 ല്‍, ഡല്‍ഹിയില്‍ ദീപാവലി ആരംഭിക്കുന്നതിന് മുമ്പ് പടക്കങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ശിശുക്കള്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഒരു റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. ഈ കേസ് പരിഗണിച്ച കോടതി സുപ്രധാന ഉത്തരവുകള്‍ പുറപ്പെടുവിച്ചു.
2016-ല്‍ സുപ്രീം കോടതി കേന്ദ്രത്തോട് ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍ആര്‍സി) പടക്കങ്ങളുടെ പെര്‍മിറ്റ്, മൊത്തവ്യാപാരം, ചില്ലറ വില്‍പ്പന തുടങ്ങിയ എല്ലാ ലൈസന്‍സുകളും സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. കോടതിയുടെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഉത്തരവ് നിലനില്‍ക്കുമെന്നും അനുമതിയില്ലാതെ ലൈസന്‍സുകള്‍ അനുവദിക്കുകയോ പുതുക്കുകയോ ചെയ്യില്ലെന്നും കോടതി വ്യക്തമാക്കി.
2017 സെപ്റ്റംബറില്‍ ഈ ഉത്തരവ് പിന്‍വലിച്ചു. ഡല്‍ഹി-എന്‍സിആറില്‍ താല്‍ക്കാലിക ലൈസന്‍സുകള്‍ അനുവദിക്കുന്നത് 50 ശതമാനം കുറയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. വില്‍പനയ്ക്ക് അനുമതിയുള്ള പടക്കങ്ങളുടെ അളവ് ക്രമാനുഗതമായി കുറയ്ക്കാന്‍ നിര്‍ദേശിച്ച് സ്ഥിരം ലൈസന്‍സികള്‍ക്കും കോടതി നോട്ടീസ് നല്‍കി.
2008-ലെ സ്ഫോടകവസ്തു നിയമങ്ങള്‍ പാലിക്കുന്നതും, നിശബ്ദ മേഖലകള്‍ക്ക് (ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവ) ചുറ്റുമുള്ള പ്രദേശങ്ങളില്‍, കുറഞ്ഞത് 100 മീറ്റര്‍ ചുറ്റളവില്‍ വെടിക്കെട്ട് നിരോധനം പോലെയുള്ള ശബ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉള്‍പ്പെടെ, വിശദമായ വിധിന്യായത്തില്‍ മറ്റ് നിരവധി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ദസറ, ദീപാവലി ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ പൊട്ടിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് എന്ത് ആഘാതമുണ്ടാക്കുമെന്ന് വിലയിരുത്താന്‍ ഒരു ഗവേഷണ പഠനം ആവശ്യമാണെന്നും കോടതി നിര്‍ദ്ദേശിച്ചു. അത് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. അവര്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഈ വിലക്കുകളും നിയന്ത്രണങ്ങളും പ്രാവര്‍ത്തികമായിട്ടുണ്ടോ?
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2018 ലെ കോടതി ഉത്തരവില്‍, , ദീപാവലി സമയത്ത് പടക്കം പൊട്ടിക്കുന്നത് മലിനീകരണ തോതില്‍ സ്വാധീനം ചെലുത്തുന്നെന്ന് നിരീക്ഷിച്ചു, ഇത് താമസക്കാരുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നെന്നും ചൂണ്ടിക്കാണിച്ചു.
ഈ ഉത്തരവില്‍, പൊതുജന ആരോഗ്യവും പടക്കവില്‍പ്പനക്കാരുടെയും നിര്‍മാതാക്കളുടെയും ഉപജീവനവും കോടതി പരിഗണിച്ചു. ഹരിത പടക്കങ്ങളും മലിനീകരണം കുറഞ്ഞ പടക്കങ്ങളും മാത്രമേ നിര്‍മ്മിക്കാനും വില്‍ക്കാനും അനുവദിക്കൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. ഹരിത അല്ലെങ്കില്‍ മെച്ചപ്പെട്ട പടക്കങ്ങള്‍ ഒഴികെയുള്ള പടക്കങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും നിരോധിച്ചു.
പടക്കങ്ങളില്‍ ബേരിയം ലവണങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. പടക്കങ്ങളിലെ രാസഘടന, പ്രത്യേകിച്ച് അലുമിനിയം ഉള്ളടക്കം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധിക്കാന്‍ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനോട് (PESO) കോടതി നിര്‍ദ്ദേശം നല്‍കി. മൂന്ന് വര്‍ഷത്തിന് ശേഷം, 2021-ല്‍, കോടതി പുറപ്പെടുവിച്ച വിവിധ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും അവയുടെ നഗ്‌നമായ ലംഘനം നടക്കുന്നെന്നും സംസ്ഥാന ഏജന്‍സികള്‍ക്ക് നടപ്പിലാക്കാന്‍ താല്‍പ്പര്യമില്ലെന്നും' സുപ്രീം കോടതി അംഗീകരിച്ചു.
പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതി വീണ്ടും നിര്‍ദ്ദേശം നല്‍കി. എന്നിരുന്നാലും, ഇത്രയും വര്‍ഷങ്ങളായി നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും, പടക്കങ്ങളുടെ ഉപയോഗം കുറയുകയോ നഗരത്തിലെ മലിനീകരണ തോത് കാര്യമായ പുരോഗതി കാണിക്കുകയോ ചെയ്തിട്ടില്ല.
ഡല്‍ഹിയുടെ കാര്യത്തില്‍, പ്രധാന വെല്ലുവിളികളിലൊന്ന്, മലിനീകരണത്തിന്റെ മറ്റ് പ്രധാന സ്രോതസ്സുകളായ കൃഷി അവശിഷ്ടങ്ങളായ കച്ചിയും മറ്റും കത്തിക്കുന്നത്, വാഹനങ്ങള്‍ പുറന്തള്ളുന്ന പുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്. അതിനാല്‍, പടക്കങ്ങള്‍ നിരോധിക്കുന്നതിലൂടെ മാത്രം പ്രശ്നം പരിഹരിക്കപ്പെടുമെന്ന മിഥ്യാധാരണ ആര്‍ക്കുമില്ല. സമഗ്രമായ നിര്‍ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും പടക്ക നിരോധനവും പടക്കങ്ങളുടെ ഉപയോഗവും വില്‍പനയും നിയന്ത്രിക്കുന്ന നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്ന ഏജന്‍സികളുടെ പങ്കാളിത്തമില്ലാതെ ഫലപ്രദമാകില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നത്
1981-ലെ വായു (മലിനീകരണം തടയലും നിയന്ത്രണവും) നിയമത്തിന്റെ 31 എ വകുപ്പ്, നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരായ 'ഏത് വ്യക്തിക്കും ഉദ്യോഗസ്ഥര്‍ക്കും അല്ലെങ്കില്‍ അധികാരിക്കും' നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള അധികാരം മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണ്. ഡല്‍ഹിയിലെ തലസ്ഥാനമേഖലയില്‍ പടക്കങ്ങളുടെ നിര്‍മ്മാണം, സംഭരണം, വില്‍പന എന്നിവയ്ക്ക് ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ഡിപിസി സിയുടെ താല്‍ക്കാലിക നിരോധനം ഈ വ്യവസ്ഥയ്ക്ക് കീഴിലാണ് പാസാക്കിയത്.
സെക്ഷന്‍ 31 എ പ്രകാരം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ശിക്ഷാ നടപടികളും വായൂ നിയമത്തില്‍ അടങ്ങിയിരിക്കുന്നു. അതുപോലെ, സ്ഫോടകവസ്തു നിയമത്തില്‍ ലൈസന്‍സ് വ്യവസ്ഥകളും അതിന് കീഴിലുള്ള ചട്ടങ്ങളും ലംഘിക്കുന്നതിനുള്ള ശിക്ഷാ നടപടികള്‍ക്ക് വ്യവസ്ഥ ചെയ്യുന്നു. പടക്കങ്ങളുടെ രാസഘടന പരിശോധിക്കാന്‍ കോടതി ഉത്തരവിട്ട PESO പോലുള്ള വിദഗ്ധ സംഘടനകളുമുണ്ട്. പടക്കങ്ങളുടെ വില്‍പന, ഉപയോഗം, ദുരുപയോഗം എന്നിവ നിയന്ത്രിക്കാന്‍ അധികാരികള്‍ക്ക് എല്ലാ അധികാരവും ഉണ്ടെന്നാണ് ഇതെല്ലാം വ്യക്തമാണ്. അതിനാല്‍, നിര്‍ദിഷ്ട ശാശ്വത പടക്ക നിരോധനം ആദ്യം ആകര്‍ഷകമാണ്, എന്നാല്‍ നിരവധി ഇടപെടലുകള്‍ ആ സാധ്യത പരാജയപ്പെടുത്തിയിരിക്കുന്നു.
ശാശ്വത നിരോധനം എത്രത്തോളം സാധ്യമാകും?
* ശാശ്വതമായ നിരോധനം നടപ്പാക്കാനാവാത്ത കോടതി ഉത്തരവ് ഭീതി ഉയര്‍ത്തുന്നു.
* പടക്കങ്ങളുടെ ഹരിത രാസഘടന ഉറപ്പാക്കുക
* ചിലതരം പടക്കങ്ങള്‍ പൂര്‍ണ്ണമായി നിരോധിക്കുക
* വില്‍പ്പന നിയന്ത്രിക്കുക
വലിയ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് കോടതിയുടെയും എക്‌സിക്യൂട്ടീവിന്റെയും ഇടപെടലുകള്‍ ഉണ്ടാകണം. നവംബര്‍ 11 ന് സുപ്രീംകോടതി വാദം കേള്‍ക്കുമ്പോള്‍, ആളുകള്‍ ഇതിനകം പടക്കങ്ങള്‍ സംഭരിച്ചിരിക്കുമ്പോള്‍, ഒക്ടോബര്‍ 14 വരെ ഈ സീസണിലെ നിരോധനം കൊണ്ട് എന്താണ് പ്രയോജനമെന്ന് കോടതി ഡല്‍ഹി സര്‍ക്കാരിനോട് ചോദിച്ചു. ദുരുപയോഗം അല്ലെങ്കില്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള അടിയന്തര ഹെല്‍പ്പ് ലൈന്‍ പോലുള്ള ഇടപെടലുകളും പരസ്യവും നല്‍കുന്നത് നന്നായിരിക്കും. സുപ്രിം കോടതിയും ബോധവല്‍ക്കരണ നടപടികളെ ഒരു പ്രധാന കാര്യമായി വിലമതിക്കുന്നു.
അതേസമയം, പടക്ക നിരോധനം ഒരു ധ്രുവീകരണ പ്രശ്‌നമായി മാറിയിരിക്കുന്നു എന്ന വസ്തുത കോടതികള്‍ക്കും ഈ മേഖലയിലുള്ളവര്‍ക്കും മറക്കാന്‍ കഴിയില്ല. വെടിക്കെട്ടിന്റെ സാംസ്‌കാരിക ഉപയോഗം ഒഴിവാക്കാനാകില്ല, നിരോധനം വൈകാരിക പ്രതികരണങ്ങള്‍ ഉണ്ടാക്കും. വയോധികരുടെയോ, അവശതയില്ലാത്തവരുടെയോ അല്ലെങ്കില്‍ നിശിത പ്രത്യാഘാതങ്ങള്‍ക്ക് വിധേയരായവരുടെയോ അവകാശങ്ങളെ മാനിക്കുന്ന, മലിനീകരണമില്ലാത്ത രീതിയില്‍ സാംസ്‌കാരിക പരിപാടികള്‍ ആഘോഷിക്കണം. ആളുകളില്‍ നിന്ന് അത്തരത്തിലുള്ള പ്രതികരണം ഉണ്ടാകണമെങ്കില്‍ താഴേത്തട്ടിലുള്ള ബോധവല്‍ക്കരണം അനിവാര്യമാണ്.
#SupremeCourt #firecrackerban #airpollution #Diwali #Delhi #India #environment #health #culture #tradition