ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 19 കാരനെ തേടി സ്വിഡെനില്‍ നിന്നെത്തിയ 16കാരി മുംബൈയിലെത്തി; പിന്നീട് സംഭവിച്ചത്!

 


മുംബൈ: (www.kvartha.com 12.12.2021) ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 19 കാരനെ തേടി സ്വിഡെനില്‍ നിന്നെത്തിയ 16കാരി മുംബൈയിലെത്തി. മുംബൈ പൊലീസിന്റെ സമയോചിത ഇടപെടല്‍ മൂലം പെണ്‍കുട്ടിയെ കണ്ടെത്തുകയും കുടുംബത്തോടൊപ്പം തിരിച്ചയക്കുകയും ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്യുന്നു.
                   
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 19 കാരനെ തേടി സ്വിഡെനില്‍ നിന്നെത്തിയ 16കാരി മുംബൈയിലെത്തി; പിന്നീട് സംഭവിച്ചത്!

സ്വിഡെനില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായെന്ന് കാട്ടി മുബൈ പൊലീസിന് ഇന്റര്‍പോള്‍ യെലോ നേടിസ് അയച്ചിരുന്നു. ഇതോടെയാണ് മുബൈ പൊലീസ് അന്വേഷണം തുടങ്ങിയത്. ക്രൈം ബ്രാഞ്ച് ആറാം യൂനിറ്റിനായിരുന്നു അന്വേഷണ ചുമതല. നഗരത്തില്‍ നിന്ന് കുട്ടിയെ അന്വേഷിച്ച് കണ്ടെത്തിയ പൊലീസ് സംഘം സ്വിഡെനിലുള്ള കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ കുടുംബം സ്വിഡെനില്‍ നിന്ന് ഇന്‍ഡ്യയിലെത്തുകയും ചെയ്തതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്തു.

മുംബൈ സ്വദേശിയായ 19കാരനുമായി പെണ്‍കുട്ടി കുറച്ചു നാളായി പരിചയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ കഴിഞ്ഞ നവംബര്‍ 27ന് പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് പിതാവ് സ്വിഡെനിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇന്‍ഡ്യന്‍ എംബസിയെ വിവരം അറിയിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇന്‍ഡ്യയില്‍ ബന്ധങ്ങള്‍ ഉണ്ടെന്നും റിപോര്‍ടില്‍ പറയുന്നു.

കുട്ടി ഇന്‍ഡ്യയില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തും അന്വേഷണം വ്യാപിപ്പിച്ചത്. സാങ്കേതികവിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ സുഹൃത്തായ യുവാവിനെ പൊലീസ് കണ്ടെത്തുകയും ഇയാളെ ചോദ്യം ചെയയ്ുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി കിഴക്കന്‍ മുംബൈയിലുള്ള ചീറ്റ കാംപില്‍ കഴിയുന്നതായുള്ള വിവരം ലഭിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ സുഹൃത്ത് കോളജ് വിദ്യാര്‍ഥിയാണെന്നും പൊലീസ് പറഞ്ഞു.

സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും ദക്ഷിണ മുംബൈയിലെ ദോംഗ്രിയിലുള്ള ചില്‍ഡ്രന്‍സ് ഹോമിലേയ്ക്ക് മാറ്റുകയും ചെയ്തു. ഇതിനു ശേഷം മുംബൈ പൊലീസ് സ്വിഡിഷ് എംബസിക്കും ഇന്റര്‍പോളിനും ഇതു സംബന്ധിച്ച് വിവരം കൈമാറുകയായിരുന്നു.

കുട്ടിയെ മടക്കിക്കൊണ്ടു പോകാനായി വെള്ളിയാഴ്ച അച്ഛന്‍ അടക്കമുള്ളവര്‍ സ്വിഡെനില്‍ നിന്ന് മുംബൈയിലെത്തി. നടപടികള്‍ക്കു ശേഷം കുട്ടിയെ കുടുംബത്തിനു കൈമാറിയെന്നും കുട്ടിയുമായി കുടുംബം തിരിച്ചു സ്വിഡെനിലേയ്ക്ക് തന്നെ പോയെന്നും പൊലീസ് വ്യക്തമാക്കി.

ടൂറിസ്റ്റ് വിസയിലാണ് കുട്ടി ഇന്‍ഡ്യയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, യുവാവിനെതിരെ പെണ്‍കുട്ടി പരാതിയൊന്നും നല്‍കാത്തതിനാല്‍ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നീലോത്പാല്‍ ഡിസിപി വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കി.

Keywords:  Swedish teenage girl, who came to Mumbai to meet her Instagram friend, reunites with family, Mumbai, News, Missing, Girl, Social Media, Police, Probe, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia