സിഐഎസ്എഫ് ക്യാംപില്‍നിന്ന് തലയ്ക്ക് വെടിയേറ്റ് ചികിത്സയിലായിരുന്ന 11 കാരന് മരിച്ചു
Jan 4, 2022, 15:34 IST
ചെന്നൈ: (www.kvartha.com 04.01.2022) സിഐഎസ്എഫ്(CISF) ക്യാംപില്‍നിന്ന് തലയ്ക്ക് വെടിയേറ്റ് ചികിത്സയിലായിരുന്ന 11 കാരന് മരിച്ചു. തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ സിഐഎസ്എഫിന്റെ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തില്‍നിന്ന് വെടിയേറ്റ പുതുക്കോട്ട നാര്‍ത്താമലൈ സ്വദേശി കലൈസെല്‍വന്റെ മകന് പുകഴേന്തിയാണ് മരിച്ചത്.
തഞ്ചാവൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. വെടിയേറ്റതിന് പിന്നാലെ അബോധാവസ്ഥയിലായിരുന്ന കുട്ടി തിങ്കളാഴ്ച വൈകിട്ട് ആറേകാലോടെയാണ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ മാസം 30ന് പുതുക്കോട്ട അമ്മഛത്രം പഞ്ചായത്തിലെ സിഐഎസ്എഫ് സ്നൈപര്‍ പരിശീലന കേന്ദ്രത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാവിലെ വീടിന് മുന്നിലിരുന്ന് മുത്തച്ഛനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പുകഴേന്തിയുടെ തലയ്ക്ക് വെടിയേറ്റത്. സൈനികര്‍ സ്നൈപര്‍ റൈഫിള്‍ പരിശീലനം നടത്തുന്നതിനിടെ കുട്ടിയുടെ തലയില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
ഷൂടിംഗ് റേഞ്ചില്‍ നിന്ന് ഉന്നംതെറ്റി പുറത്തേക്ക് പോയതോ സ്ട്രേ ബുലെറ്റോ സൈനികരുടെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയതോ ആണ് അപകടകാരണം എന്നാണ് റിപോര്‍ട്.
സംഭവത്തില്‍ പുതുക്കോട്ട പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോലീസ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. സംഭവത്തിന് പിന്നാലെ ഷൂടിംഗ് പരിശീലന കേന്ദ്രം താല്‍ക്കാലികമായി അടച്ചുപൂട്ടി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.