Found Dead | പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ഹോസ്റ്റലിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
Sep 21, 2022, 16:04 IST
ചെന്നൈ: (www.kvartha.com) പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ഹോസ്റ്റലിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിനിയായ വൈദ്യേശ്വരി(17) യെയാണ് സ്‌കൂള്‍ ഹോസ്റ്റലിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
വീട്ടിലെ പ്രശ്നങ്ങള്‍ കാരണമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. എന്നാല്‍ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും പ്രദേശവാസികളും ആരോപിച്ചു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ കോവില്‍പ്പെട്ടിയില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. മൃതദേഹം കോവില്‍പ്പെട്ടിയിലെ ആശുപത്രിയിലേക്ക് മാറ്റി
വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പില്‍ പെണ്‍കുട്ടി വ്യക്തിപരമായ ചില കാരണങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അതിനാലാണ് പെണ്‍കുട്ടി അസ്വസ്ഥയായതെന്നും പൊലീസ് സൂപ്രണ്ട് എല്‍ ബാലാജി ശ്രീനിവാസനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട് ചെയ്തു.
'ഞങ്ങള്‍ക്ക് മരണം സംബന്ധിച്ച് കൃത്യമായ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. അന്വേഷണം നടക്കുന്നു,' ശ്രീനിവാസന്‍ പറഞ്ഞു.
അമ്മായിയുടെ മരണശേഷം വൈതീശ്വരി വളരെയധികം മനോവിഷമത്തിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
'പെണ്‍കുട്ടി അവളുടെ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥിയോട് നിങ്ങള്‍ എന്നെ ജീവനോടെ കാണുന്നത് ഇത് അവസാനമായിരിക്കുമെന്ന് പറഞ്ഞതായും പൊലീസ് അറിയിച്ചു.
മദ്രാസ് ഹൈകോടതിയുടെ സമീപകാല ഉത്തരവിനെ തുടര്‍ന്ന് മരണം സംബന്ധിച്ച കേസ് സംസ്ഥാന പൊലീസിന്റെ സിബിസിഐഡി വിഭാഗത്തിലേക്ക് മാറ്റി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മരണങ്ങള്‍ സംസ്ഥാന അന്വേഷണ സമിതിയായ സിബി-സിഐഡി അന്വേഷിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനത്ത് 12-ാം ക്ലാസ് വിദ്യാര്‍ഥികളായ നാല് പെണ്‍കുട്ടികളും 11-ാം ക്ലാസ് വിദ്യാര്‍ഥിയായ ഒരു ആണ്‍കുട്ടിയും ആത്മഹത്യ ചെയ്തിരുന്നു. പഠന സമ്മര്‍ദവും ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ (നീറ്റ്) യിലെ പ്രകടനത്തെക്കുറിച്ചുള്ള ഭയവും കാരണമാണ് സംസ്ഥാനത്ത് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത്.
ഇതേതുടര്‍ന്ന് അകാദമിക് സമ്മര്‍ദത്തിന് വഴങ്ങരുതെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അടുത്തിടെ വിദ്യാര്‍ഥികളോട് അഭ്യര്‍ത്ഥഥിച്ചിരുന്നു. 'നിങ്ങളുടെ പരീക്ഷണങ്ങളെ നേട്ടങ്ങളാക്കി മാറ്റുക,' എന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ മാനസിക ശക്തി പകരാന്‍ അദ്ദേഹം അധ്യാപകരോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.