സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് തമിഴ് മീന്‍ പിടുത്തക്കാര്‍ക്കുനേരെ ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു; ഒരാള്‍ക്ക് പരിക്ക്
Aug 3, 2021, 09:42 IST
ചെന്നൈ: (www.kvartha.com 03.08.2021) തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്നു കടലില്‍പോയ മീന്‍ പിടുത്തക്കാര്‍ക്കുനേരെ ശ്രീലങ്കന്‍ നാവികസേനയുടെ വെടിവെയ്പ്പ്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നാഗപട്ടണം സ്വദേശി ഇ കലൈസെല്‍വന് (33) ആണ് പരിക്കേറ്റത്. യുവാവിന്റെ തലയ്ക്കാണ് പരിക്ക്. കലൈസെല്‍വനെ ആശുപത്രിയിലെത്തി നാഗപട്ടണം ജില്ലാ കളക്ടര്‍ ഡോ. അരുണ്‍ തംബുരാജ് സന്ദര്‍ശിച്ചു.
ഒരു വെടിയുണ്ട ബോടില്‍ തുളച്ചുകയറുകയും കലൈസെല്‍വന്റെ തലയില്‍ തറയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ അബോധാവസ്ഥയിലായെന്നും തങ്ങള്‍ ബോടുമായി കരയിലേക്ക് തിരികെ വന്ന് അയാളെ നാഗപട്ടണത്തെ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ബോടിലുണ്ടായിരുന്ന ദീപന്‍രാജ് എന്ന മീന്‍പിടുത്തക്കാരന്‍ പി ടി ഐയോട് പറഞ്ഞു.
നാഗപട്ടണം തുറമുഖത്തുനിന്ന് ജൂലൈ 28നാണ് കലൈസെല്‍വന്‍ അടക്കം പത്തുപേര്‍ ബോടില്‍ പുറപ്പെട്ടത്. തിങ്കളാഴ്ച അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിക്കുസമീപം കൊടിയകരൈ തീരത്ത് മീന്‍ പിടിക്കുന്നതിനിടെ സ്പീഡ് ബോടിലെത്തിയ ശ്രീലങ്കന്‍ നാവികസേനയുടെ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നും ഉടന്‍ തിരിച്ചുപോകണമെന്നുമാണ് നാവിക ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പുലര്‍ച്ചെ 1.15നായിരുന്നു ഇതെന്ന് മീന്‍പിടുത്തക്കാര്‍ പറയുന്നു. മേഖലയിലുണ്ടായിരുന്ന മറ്റ് ബോടുകള്‍ക്കുനേരെയും ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തെന്നും മീന്‍ പിടുത്തക്കാര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.