ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നതും ഓക്‌സിജന്‍ ക്ഷാമവും കോവിഡ് വീഴ്ചയും വാര്‍ത്തയാക്കിയ പ്രമുഖ മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
Jul 22, 2021, 14:50 IST
ന്യൂഡെല്‍ഹി: (www.kvartha.com 22.07.2021) ഉത്തരേന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനമായ 'ദൈനിക് ഭാസ്‌കറി'ന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ദൈനിക് ഭാസ്‌കറിന്റെ രാജ്യത്തെ വിവിധ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന നടത്തുന്നത്.
കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍കാരിന്റെ വീഴ്ചകള്‍ തുടര്‍ച്ചയായി ചൂണ്ടിക്കാട്ടിയ പത്രമാണ് ദൈനിക് ഭാസ്‌കര്‍. ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നതും, ഗംഗാതീരത്ത് നിറയെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചതും അടക്കമുള്ള കാര്യങ്ങളില്‍ നിരവധി ഗ്രൗന്‍ഡ് റിപോര്‍ടുകളാണ് പത്രം പ്രസിദ്ധീകരിച്ചത്.
രാജ്യതലസ്ഥാനത്ത് ഉള്‍പെടെ കോവിഡ് കാരണമുള്ള പ്രശ്നങ്ങളും ദൈനിക് ഭാസ്‌കര്‍ റിപോര്‍ട് ചെയ്തിരുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗവും തുടര്‍ന്നുള്ള ഓക്സിജന്‍ ക്ഷാമം സൃഷ്ടിച്ച പ്രശ്നങ്ങളും ദൈനിക് ഭാസ്‌കര്‍ നിരന്തരം റിപോര്‍ട് ചെയ്തിരുന്നു.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡെല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിലാണ് ഐടി വകുപ്പ് റെയ്ഡ് നടത്തുന്നത്. അതേസമയം സി ബി ഡി ടി - സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഇതുവരെ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രസ്താവന ഇറക്കിയിട്ടില്ല. ദൈനിക് ഭാസ്‌കറും റെയ്ഡിനെക്കുറിച്ച് ഇതേവരെ പ്രതികരിച്ചിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.