CBI | കേരളത്തിന് പിന്നാലെ സംസ്ഥാന സര്‍കാരിന്റെ അധികാര പരിധിക്കുള്ളില്‍ വരുന്ന വിഷയങ്ങളില്‍ സി ബി ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ച് തെലങ്കാനയും
Oct 30, 2022, 16:29 IST
ഹൈദരാബാദ്: (www.kvartha.com) കേരളത്തിന് പിന്നാലെ സംസ്ഥാന സര്‍കാരിന്റെ അധികാര പരിധിക്കുള്ളില്‍ വരുന്ന വിഷയങ്ങളില്‍ സി ബി ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ച് തെലങ്കാനയും. ഇക്കാര്യം ശനിയാഴ്ച സര്‍കാര്‍ ഹൈകോടതിയെ അറിയിച്ചിരുന്നെങ്കിലും ഞായറാഴ്ചയാണ് സര്‍കാര്‍ ഉത്തരവ് ഇറങ്ങിയത്. ഇതോടെ സംസ്ഥാനത്തിന്റെ അധികാര പരിധിക്കുള്ളിലെ എല്ലാ വിഷയത്തിലും സി ബി ഐ അന്വേഷണത്തിന് സര്‍കാരിന്റെ അനുമതി വേണ്ടിവരും.
ഡെല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള പൊതുസമ്മതമാണ് സര്‍കാര്‍ പിന്‍വലിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അനുമതി പിന്‍വലിക്കുന്ന പത്താമത്തെ സംസ്ഥാനമാണ് തെലങ്കാന. നേരത്തെ കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്താന്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മിസോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ സി ബി ഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചിട്ടുണ്ട്. ബിഹാറും സമ്മതം പിന്‍വലിക്കാനുള്ള നീക്കം ചര്‍ചകളിലാണ്.
ഭരണകക്ഷിയായ ടി ആര് എസിന്റെ നാല് എം എല്‍ എമാരെ പണം നല്കി പാര്‍ടി മാറ്റാന്‍ ബിജെപി ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കവെയാണ് സര്‍കാര്‍ അനുമതി പിന്‍വലിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് രണ്ടു സ്വാമിമാരടക്കം മൂന്ന് പേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
പാര്‍ടി മാറാന്‍ ടിആര്‍എസ് എംഎല്‍എമാര്‍ക്ക് നൂറു കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെ പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസ്. പൈലറ്റ് രോഹിത് റെഡ്ഡി എന്ന ടിആര്‍എസ് എംഎല്‍എയുടെ ഫാം ഹൗസില്‍ നിന്നാണ് മൂന്ന് പേരെയും പൊലീസ് പിടികൂടിയത്. എംഎല്‍എ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫാം ഹൗസില്‍ എത്തുമ്പോള്‍ എംഎല്‍എമാരുടെ മേശയില്‍ 250 കോടി രൂപ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.
സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജെനറല്‍ സെക്രടറി ഗുജ്ജുല പ്രേമേന്ദര്‍ റെഡ്ഡി ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുമ്പോഴാണ് അനുമതി പിന്‍വലിച്ച കാര്യം സര്‍കാര്‍ കോടതിയെ അറിയിച്ചത്.
Keywords: Telangana government withdraws general consent to CBI, Hyderabad, News, Politics, CBI, High Court, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.