Disaster | തെലങ്കാന ടണല്‍ അപകടം; തുരങ്കം പൂര്‍ണമായും അവശിഷ്ടങ്ങള്‍ മൂടിയ നിലയില്‍; വെല്ലുവിളിയായി ചെളി നിറഞ്ഞ വെള്ളക്കെട്ടും സിമന്റ് പാളികളും; രക്ഷാദൗത്യത്തിന് നാവിക സേനയും, വീഡിയോ


● നാവികസേനയുടെ മാർക്കോസ് കമാൻഡോസും രക്ഷാപ്രവർത്തനത്തിൽ.
● തുരങ്കം പൂർണമായും അവശിഷ്ടങ്ങൾ മൂടിയ നിലയിൽ.
● പ്രൊജക്ട് എന്‍ജിനീയറും സൈറ്റ് എന്‍ജിനീയറും അടക്കം എട്ട് പേർ കുടുങ്ങിക്കിടക്കുന്നു.
● മേൽക്കൂരയിലെ വിള്ളൽ മൂലം വെള്ളമിറങ്ങിയതാണ് അപകട കാരണം.
തെലങ്കാന: (KVARTHA) നാഗര്‍കുര്‍ണൂലില്‍ ടണല്‍ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിന് നാവികസേനയും രംഗത്തെത്തി. നാവികസേനാ മറൈന്‍ കമാന്‍ഡോസായ മാര്‍ക്കോസ് കൂടി രക്ഷാ ദൗത്യത്തില്‍ ഭാഗമാവും. മണ്ണിടിഞ്ഞ് എട്ട് പേര്‍ കുടുങ്ങിയതിന് 150 മീറ്റര്‍ അകലെ രക്ഷാപ്രവര്‍ത്തകരെത്തി. പതിനൊന്നര കിലോമീറ്റര്‍ അകത്ത് വരെ ഒരു ജനറേറ്ററടക്കമുള്ള യന്ത്രങ്ങളെത്തിച്ചു. പിന്നീടുള്ള രണ്ട് കിലോമീറ്റര്‍ താല്‍ക്കാലിക കണ്‍വെയര്‍ ബെല്‍റ്റ് സജ്ജീകരിച്ചിരിക്കുകയാണ്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് കുടുങ്ങി കിടക്കുന്നവരുടെ അടുത്തേക്ക് എത്താന്‍ അവശിഷ്ടങ്ങള്‍ ഇ-കണ്‍വെയര്‍ ബെല്‍റ്റ് വഴി പുറത്തേക്ക് മാറ്റുന്ന പ്രക്രിയ ആണ് നടക്കുന്നത്. തകര്‍ന്ന യന്ത്രഭാഗങ്ങളും ചെളി നിറഞ്ഞ വെള്ളക്കെട്ടും സിമന്റ് പാളികളും പാറക്കെട്ടുകളും രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നോട്ട് പോകാന്‍ കടുത്ത വെല്ലുവിളിയാണ്. ഒമ്പതര അടി വ്യാസമുള്ള തുരങ്കം പൂര്‍ണമായും അവശിഷ്ടങ്ങള്‍ വന്ന് മൂടിയ നിലയിലാണ്.
ടണലില്‍ കുടുങ്ങിക്കിടക്കുന്നത് എട്ട് പേരാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രൊജക്ട് എന്‍ജിനീയറും സൈറ്റ് എന്‍ജിനീയറും ആറ് തൊഴിലാളികളുമാണ് കുടുങ്ങിയത്. മേല്‍ക്കൂരയിലെ വിള്ളല്‍ മൂലം വെള്ളമിറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
രാത്രി മുഴുവനും രക്ഷാ പ്രവര്‍ത്തകര്‍ ലൗഡ് സ്പീക്കറിലൂടെ പേര് വിളിച്ചിട്ടും ഉള്ളില്‍ നിന്നും മറുപടിയില്ല. കുടുങ്ങിപ്പോയവര്‍ ചൂടും സമ്മര്‍ദ്ദവും നിര്‍ജലീകരണവും കാരണം ബോധരഹിതരാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഓക്‌സിജന്‍ പരമാവധി പമ്പ് ചെയ്ത് നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
In the #SLBCTunnel incident: Latest, Indian Army, NDRF teams stay 50 mts away from actual mishap. They are unable to reach due to heavy muck and slush which is 1718 ft deep says @Comm_HYDRAA pic.twitter.com/xQRsbDIP1Q
— Deepika Pasham (@pasham_deepika) February 23, 2025
കഴിഞ്ഞ ദിവസമാണ്, ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ജലസേചനപദ്ധതിയുടെ വമ്പന്‍ ടണലുകളിലൊന്നിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണത്. ടണലിന്റെ പ്രവേശന കവാടത്തില്‍ നിന്ന് ഏതാണ്ട് 13.5 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. വമ്പന്‍ ബോറിംഗ് മെഷീന്‍ കൊണ്ട് വന്ന് ടണല്‍ തുരക്കുന്ന ജോലികള്‍ പുരോഗമിക്കവേയാണ് മേല്‍ക്കൂര രണ്ടിടങ്ങളിലായി ഇടിഞ്ഞുവീണതും, ടണലിലേക്ക് വെള്ളവും ചെളിയും കുതിച്ചൊഴുകിയെത്തിയതുമെന്നാണ് മറ്റ് തൊഴിലാളികള്‍ പറയുന്നത്.
ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചില തൊഴിലാളികള്‍ ചോര്‍ച്ച പരിഹരിക്കാന്‍ അകത്ത് കയറിയപ്പോഴായിരുന്നു അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ തുരങ്കം അടച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി നാല് ദിവസം മുന്‍പാണ് ഇത് തുറന്നത്.
ഈ ദുരന്തത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക.
Rescue operations are ongoing in Nagarkurnool, Telangana, following a tunnel collapse that trapped eight people. The Navy, including MARCOS commandos, has joined the effort. Rescuers face challenges from debris, muddy water, and fallen cement.
#TunnelCollapse, #Telangana, #RescueOperation, #Disaster, #India, #MARCOS