ശബരിമലയും സ്ത്രീകളുടെ മതസ്വാതന്ത്ര്യവും; നിയമപ്രശ്നങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ പ്രതിദിനവാദം തിങ്കളാഴ്ച്ചമുതല്‍
Feb 17, 2020, 11:00 IST
ശബരിമല സ്ത്രീപ്രവേശം, മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രാര്‍ഥിക്കാനുള്ള അവകാശം, അന്യമതസ്ഥരെ വിവാഹംകഴിച്ച പാഴ്‌സിസ്ത്രീകളുടെ ക്ഷേത്രപ്രവേശം, ഷിയാ മുസ്‌ലിങ്ങള്‍ക്കിടയിലെ ദാവൂദിബോറ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളിലെ ചേലാകര്‍മം എന്നിവയുമായി ബന്ധപ്പെട്ട കേസുകളെ ബാധിക്കുന്ന പൊതുവായ നിയമപ്രശ്‌നങ്ങളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുക. ഒമ്പതംഗ ബെഞ്ചിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളെല്ലാം അതത് കേസുകള്‍ നിലവില്‍ പരിഗണിച്ച ജഡ്ജിമാരുടെ ബെഞ്ചുകള്‍തന്നെ തീര്‍പ്പാക്കും.
കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദം തുടങ്ങും. ക്രൂരമല്ലാത്ത മതാചാരങ്ങളില്‍ കോടതിയും ഭരണകൂടവും ഇടപെടേണ്ടതില്ലെന്ന നിലപാടാകും അദ്ദേഹം അറിയിക്കുക. നേരത്തേയും കേന്ദ്ര സര്‍ക്കാര്‍ സമാനനിലപാടാണ് സ്വീകരിച്ചിരുന്നത്.
കുറ്റകരമല്ലാത്ത (ക്രൂരമല്ലാത്ത) ആചാരങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തേയും പറഞ്ഞിരുന്നത്. എന്നാലിത് ഒമ്പതംഗ ബെഞ്ചിന്റെ മുന്നിലുള്ള കേസുകളെ എങ്ങനെയാണ് ബാധിക്കുക എന്ന് വ്യക്തമല്ല. ദാവൂദി ബോറ പെണ്‍കുട്ടികളിലെ ചേലാകര്‍മത്തെ എതിര്‍ക്കുന്നതാകുമോ കേന്ദ്ര നിലപാടെന്നാണ് അറിയാനുള്ളത്. പുനഃപരിശോധനാ ഹര്‍ജിയില്‍ ഉയര്‍ന്നുവരുന്ന നിയമപ്രശ്‌നങ്ങള്‍ വിശാലബെഞ്ചിന് വിടുന്നത് ശരിയാണോ എന്ന് ഒമ്ബതംഗ ബെഞ്ച് ആദ്യം പരിഗണിച്ചിരുന്നു. അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ഉത്തരവിറക്കിയാണ് ഏഴ് പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കിയത്.
പത്തുദിവസംകൊണ്ട് വാദം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ചിലപ്പോള്‍ രണ്ടുദിവസംകൂടി നല്‍കിയേക്കും. നിലവിലുള്ള മതാചാരങ്ങളെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരുമെന്ന് തരംതിരിച്ചാണ് വാദംകേള്‍ക്കാന്‍ പോകുന്നതെന്നാണ് സൂചന.
മുതിര്‍ന്ന അഭിഭാഷകരായ കെ പരാശരന്‍ (എന്‍.എസ്.എസ്.- ശബരിമല), ഫാലി എസ് നരിമാന്‍ (ദാവൂദി ബോറ), ശ്യാംദിവാന്‍ (ദാവൂദി ബോറ), ഇന്ദിരാ ജെയ്‌സിങ് (ശബരിമല-ബിന്ദു അമ്മിണി, കനകദുര്‍ഗ), കപില്‍ സിബല്‍ (മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്), രാജീവ് ധവാന്‍ (സ്വന്തം നിലയ്ക്ക്), വി ഗിരി (ശബരിമല തന്ത്രി), ജയ്ദീപ് ഗുപ്ത (സംസ്ഥാന സര്‍ക്കാര്‍), അഭിഷേക് മനു സിംഘ്‌വി (പ്രയാര്‍ ഗോപാലകൃഷ്ണന്‍), കെ. രാധാകൃഷ്ണന്‍ (പന്തളം രാജകുടുംബാംഗം) തുടങ്ങിയവര്‍ വാദം നടത്തും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.