Spices | നാം ഉപയോഗിക്കുന്ന കറിമസാലകൾ എത്രമാത്രം സുരക്ഷിതമാണ്, ഇന്ത്യയിലെ പരിശോധനകൾ പ്രഹസനമോ?
* കയറ്റുമതിയുടെ 51.1 ശതമാനത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്
അര്‍ണവ് അനിത
(KVARTHA) ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത കറിമസാലകളില്‍ (Spices) അര്‍ബുദത്തിന് (Cancer) കാരണമാകുന്ന മിശ്രിതങ്ങള്‍ ഏപ്രിലില്‍ ഹോങ്കോങ്ങും (Hong Kong) സിംഗപ്പൂരും (Singapore) കണ്ടെത്തിയതോടെ ഇവ നിരോധിച്ചത് രാജ്യത്ത് വലിയ വാര്‍ത്തയായിരുന്നു. എവറസ്റ്റിന്റെ ഫിഷ് കറി മസാലയും (Everest Fish Curry Masala) എംഡിഎച്ച് (MDH) അഥവാ മഹിഷിയാന്‍ ദ ഹട്ടിന്റെയും മദ്രാസ് കറിപ്പൊടി, സാമ്പാര്‍ മസാല, കിസ്സഡ് പൗഡര്‍, മിക്‌സഡ് കറിപ്പൊടി എന്നിവകളില്‍ എഥിലിന്‍ ഓക്‌സൈഡ് (Ethylene oxide) എന്ന രാസവസ്തുവിന്റെ അംശം കണ്ടെത്തിയെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് രണ്ട് കമ്പനികളും ആരോപണം നിഷേധിച്ചിരുന്നു.
ഏപ്രില്‍ 18 ന് സിംഗപ്പൂര്‍ ഫുഡ് ഏജന്‍സി എവറസ്റ്റിന്റെ ഫിഷ് കറി മസാല വിപണിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇവ ഇതിനകം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഏപ്രില്‍ അവസാനത്തോടെ, അഞ്ച് രാജ്യങ്ങള്‍ കൂടി ഇന്ത്യന്‍ കറിമസാലകള്‍ നിരോധിക്കുകയോ വിപണിയില്‍ നിന്ന് തിരിച്ചെടുക്കുകയോ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. ചില രാജ്യങ്ങള്‍ ഇറക്കുമതി ചെയ്ത ഇന്ത്യന്‍ കറിസമാലകളെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രഖ്യാപിക്കുകയോ ചെയ്തു.
എന്തുകൊണ്ടാണ് ഇന്ത്യയില്‍ കണ്ടെത്താഞ്ഞത്?
ഈ വാര്‍ത്തകള്‍ ഇന്ത്യയിലെ ഉപഭോക്താക്കളില്‍ വലിയ ആശങ്ക പടര്‍ത്തി. എന്തുകൊണ്ടാണ് കറിമസാലകളിലെ അര്‍ബുദത്തിന്റെ സാന്നിദ്ധ്യം ഇതിന് മുമ്പ് ഇന്ത്യയില്‍ കണ്ടെത്താഞ്ഞത്? എന്തുകൊണ്ട് ഹോങ്കോങ്ങ് ഈ വിഷയം പുറത്തുവിട്ടു, തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ന്നു. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണത്തില്‍ കീടനാശിനിയുടെ സാന്നിധ്യം, ഒരുപക്ഷേ, വലിയ തോതില്‍ കണ്ടെത്താനായിട്ടില്ല - ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന കറിമസാലകളില്‍ എഥിലീന്‍ ഓക്‌സൈഡിനോ ഏതെങ്കിലും കീടനാശിനിയോ പരിശോധിക്കണമെന്ന് ഇന്ത്യയില്‍ നിയമമില്ല. നിയമങ്ങള്‍ അനുശാസിക്കുന്നില്ല. അധികാരികളുടെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം രാസവസ്തുക്കളുടെ സാനിധ്യം ഉണ്ടോ എന്ന് പരിശോധന നടത്തൂ.
ഹോങ്കോംങ്ങ് നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) എല്ലാ സംസ്ഥാനങ്ങളോടും കറിമസാലകളിലെ കീടനാശിനി സാനിധ്യം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് പല ബ്രാന്‍ഡുകളിലും അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തി. മഹാരാഷ്ട്ര ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയില്‍ എവറസ്റ്റ് മസാലയുടെ അഞ്ച് സാമ്പിളുകളില്‍ എഥിലീന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ അടുത്ത നടപടി എങ്ങനെയായിരിക്കണമെന്ന് അവര്‍ക്ക് അറിയില്ല, അതിനാല്‍ എഫ്എസ്എസ്എഐയോട് എന്ത് നടപടി സ്വീകരിക്കണമെന്ന് ചോദിച്ചിട്ടുണ്ട്.
എവറസ്റ്റിന്റെയും എംഡിഎച്ചിന്റെയും കറിമസാലകളുടെ ചില ബാച്ചുകള്‍ കടകളില്‍ നിന്ന് തിരിച്ചെടുക്കാന്‍ രാജസ്ഥാനും (Rajasthan) നിര്‍ദേശിച്ചു. അതേസമയം രാജ്യത്തുടനീളം നടത്തിയ പരിശോധനയില്‍ എന്താണ് കണ്ടെത്തിയത്, അല്ലെങ്കില്‍ ഈ രണ്ട് ബ്രാന്‍ഡുകള്‍ക്കെതിരെ എന്ത് നടപടിയാണ് പരിഗണിക്കുന്നത് എന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. കറിമസാലകളുടെ കയറ്റുമതി നിയന്ത്രിക്കുന്ന സ്പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യ (Spices Board of India), ഹോങ്കോംഗ് സംഭവത്തിന് ശേഷം കയറ്റുമതി ചെയ്യുന്ന എല്ലാ സുഗന്ധവ്യഞ്ജനങ്ങളും എഥിലീന്‍ ഓക്സൈഡ് സാനിധ്യം ഉണ്ടോ എന്നറിയാനുള്ള പരിശോധന നിര്‍ബന്ധമാക്കി. ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ഇത്തരമൊരു പരിശോധന നിര്‍ബന്ധമാക്കിയിട്ടുമില്ല.
പരിശോധന നടത്താറില്ല
കറിമസാലകളിലെ പതിവ് പരിശോധനകള്‍ക്കായി, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ കീടനാശിനി കണ്ടുപിടിക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ല. മാത്രമല്ല, പ്രത്യേക സാഹചര്യങ്ങളില്‍, മാത്രമേ കീടനാശിനികളുടെ സാനിധ്യം പൂര്‍ണ്ണമായോ ഏതെങ്കിലും ഒരു പ്രത്യേക പാക്കറ്റിലൊ ഉണ്ടോ എന്ന് പരിശോധിക്കാറുള്ളൂ. അല്ലാതെ ഹോങ്കോംഗ് നടത്തിയത് പോലെ കറിമസാലകളില്‍ പരിശോധന നടത്താറില്ല. ഫിഷ് കറി മസാല പോലുള്ള മസാല മിശ്രിതങ്ങളുടെ പതിവ് പരിശോധനയില്‍, കൃത്രിമ നിറങ്ങള്‍ക്കുള്ള വസ്തുക്കള്‍, തെറ്റായ ബ്രാന്‍ഡിംഗ്, ലേബലില്‍ പറഞ്ഞിരിക്കുന്ന ചേരുവകകള്‍ തന്നെയാണോ, മായം ചേര്‍ക്കല്‍ തുടങ്ങിയവയുണ്ടോയെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.
സംസ്ഥാനമോ കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പോ ഒരു പ്രത്യേക ക്യാമ്പയിന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലോ ഞങ്ങള്‍ക്ക് പ്രത്യേക ആവശ്യമുണ്ടെങ്കിലോ മാത്രമേ കീടനാശിനി പരിശോധിക്കൂ എന്ന് മഹാരാഷ്ട്രയിലെ ഭക്ഷ്യ ജോയിന്റ് കമ്മീഷണര്‍ സുഹാസ് ഇംഗോള്‍ പറഞ്ഞു. ഇന്ത്യന്‍ ഉല്‍പന്നങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്രതലത്തിലെ ജാഗ്രതയ്ക്ക് ശേഷമാണ് ഇത്തരമൊരു സാഹചര്യം ഉയര്‍ന്നുവന്നത്.
ഏപ്രിലില്‍, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാ സംസ്ഥാനങ്ങളോടും എംഡിഎച്ച്, എവറസ്റ്റ്, മറ്റ് ബ്രാന്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച കറിമസാലകളിലെ കീടനാശിനികളുടെ സാന്നിധ്യം പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
പരിശോധനകളുടെ കണ്ടെത്തലുകളെ കുറിച്ച് എഫ്എസ്എസ്എഐയോട് വിവരാവകാശ നിയമപ്രകാരം ചോദിച്ചിരുന്നു. അതോറിറ്റി ദേശീയ തലത്തിലുള്ള ഡാറ്റ നല്‍കിയിയില്ല. ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച കറിമസാലകളുടെ 13 സാമ്പിളുകള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തി, മറ്റ് ഏഴെണ്ണം തെറ്റായി ബ്രാന്‍ഡ് ചെയ്തതും മൂന്നെണ്ണം നിലവാരമില്ലാത്തവയുമാണ്. ശേഖരിച്ച 251 സാമ്പിളുകളില്‍ 104 എണ്ണവും ഇതുവരെ പരിശോധിച്ചിട്ടില്ല. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ ബ്രാന്‍ഡുകളില്‍ ഒന്നുകില്‍ കീടനാശിനികളോ അല്ലെങ്കില്‍ ഹാനികരമായ മായമോ കണ്ടെത്തിയതായിരിക്കാം.
മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, മധ്യപ്രദേശ്, കേന്ദ്രഭരണ പ്രദേശങ്ങളായ ദാമന്‍, ദിയു, ദാദ്ര, നാഗര്‍ ഹവേലി എന്നിവ ഉള്‍പ്പെടുന്ന എഫ്എസ്എസ്എഐയുടെ വെസ്റ്റ് സോണല്‍ ഓഫീസ്, എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ രണ്ട് സാമ്പിളുകള്‍ ഉപയോഗത്തിന് സുരക്ഷിതമല്ലെന്ന് വിവരാവകാശപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. നോര്‍ത്ത് ഈസ്റ്റ് സോണിലെ ഫുഡ് റെഗുലേറ്റര്‍മാര്‍ (Food Regulator) എവറസ്റ്റിന്റെ നാല് സാമ്പിളുകള്‍ ശേഖരിച്ച് അവ സുരക്ഷിതമാണെന്ന് കണ്ടെത്തിയെങ്കിലും എംഡിഎച്ച് സാമ്പിളുകളൊന്നും പരിശോധിച്ചിട്ടില്ലെന്നും പറയുന്നു.
മധുരഗന്ധമുള്ള നിറമില്ലാത്ത വാതകം
എവറസ്റ്റിന്റെ ഒരു ബാച്ചും എംഡിഎച്ചിന്റെ രണ്ട് ബാച്ചുകളും ഉപയോഗിക്കാന്‍ കൊള്ളില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായി രാജസ്ഥാന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. എവറസ്റ്റ് മസാലയുടെ അഞ്ച് സാമ്പിളുകളില്‍ കാന്‍സറിന് കാരണമാകുന്ന എഥിലീന്‍ ഓക്‌സൈഡിന്റെ സാമ്പിളുകള്‍ കണ്ടെത്തിയതായി മഹാരാഷ്ട്രയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം പരിശോധനകള്‍, രാജ്യവ്യാപകമായി നടത്തിയിട്ടില്ല. എഥിലീന്‍ ഓക്‌സൈഡ് ഒരു കീടനാശിനിയായും (Pesticide) കാര്‍ഷിക ഉല്‍പന്നങ്ങളില്‍ അണുനാശിനിയായും വ്യാവസായിക (Industry) മേഖലയില്‍ മെഡിക്കല്‍ (Medical) ഉപകരണങ്ങള്‍ക്കും സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ ഫ്യൂമിഗേഷനുമുള്ള അണുനാശിനിയായും ഉപയോഗിക്കുന്ന മധുരഗന്ധമുള്ള നിറമില്ലാത്ത വാതകമാണ്.
ഇത് നേരിട്ട് ശ്വസിക്കുന്നത് ലിംഫോമ (Lymphoma), സ്തനാര്‍ബുദം (Breast cancer), രക്താര്‍ബുദം (Leukemia) എന്നിവയ്ക്ക് കാരണമാകുന്നുവെന്നാണ് പറയുന്നത്. ഹോങ്കോങ്ങിലെ ഫുഡ് സേഫ്റ്റി സെന്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, 'ഇതിനെ ഗ്രൂപ്പ് 1 ക്യാന്‍സര്‍ ആയാണ് കണക്കാക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളിലും ഭക്ഷണത്തില്‍ (Food) ഇതിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.
കീടനാശിനികളുടെ സാന്നിധ്യം
ഇന്ത്യന്‍ കറിമസാലകളില്‍ കീടനാശിനികളുടെ സാന്നിധ്യം പല രാജ്യങ്ങളും നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രോപ്പ് കെയര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2023-ല്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത കറിമസാലകളില്‍ എട്ട് ശതമാനം യുഎസ്എയും 18 ശതമാനം ജര്‍മ്മനിയും തിരിച്ചയിച്ചു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കറിമസാലകളിലാണ് എഥിലീന്‍ ഓക്‌സൈഡ് കൂടുതലായി കാണപ്പെടുന്നതെന്ന് ഹോങ്കോംഗ് കണ്ടെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷം യൂറോപ്യന്‍ യൂണിയന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം ചൂണ്ടിക്കാട്ടി.
ഇതെല്ലാം ഇന്ത്യയുടെ കറിമസാല വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മെയ് മാസത്തില്‍ ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ കറിമസാലകള്‍ വിദേശ രാജ്യങ്ങള്‍ നിരസിക്കുന്നത് തുടരുകയാണെങ്കില്‍, 2.17 ബില്യണ്‍ ഡോളര്‍ കയറ്റുമതിയുടെ 51.1 ശതമാനത്തെ ബാധിക്കക്കുമെന്ന് പറയുന്നു.
കടപ്പാട് ദി സ്‌ക്രോള്‍