Controversy | തിരുപ്പതി ലഡ്ഡു നിര്‍മിക്കാനുപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ്, മത്സ്യ എണ്ണ എന്നിവയുടെ സാന്നിധ്യം; ആരോപണത്തില്‍ ചന്ദ്രബാബു നായിഡുവിനോട് റിപ്പോര്‍ട്ട് തേടി ജെപി നഡ്ഡ

 
Tirupati Laddu Scandal, Animal Fat Found, Chandrababu Naidu
Tirupati Laddu Scandal, Animal Fat Found, Chandrababu Naidu

Photo Credit: Facebook / J.P.Nadda


● ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതും ഹൈന്ദവ ആചാരങ്ങളുടെ ലംഘനവുമാണെന്നാരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി
● ഹിന്ദു ആചാരങ്ങളുടെ പവിത്രത സംരക്ഷിക്കണമെന്നും ആവശ്യം 

ന്യൂഡെല്‍ഹി: (KVARTHA) തിരുപ്പതി ലഡ്ഡുവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ. വൈ എസ് ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചുവെന്നായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. 

സംഭവം വലിയ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി വിഷയത്തില്‍ ഇടപെടുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തത്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  റിപ്പോര്‍ട്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും നഡ്ഡ മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുപ്പതി ലഡ്ഡു നിര്‍മിക്കാനുപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ്, മത്സ്യ എണ്ണ എന്നിവയുടെ സാന്നിധ്യം ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറി സ്ഥിരീകരിച്ചുവെന്നായിരുന്നു നായിഡുവിന്റെ ആരോപണം. ടിഡിപി വക്താവ് അനം വെങ്കട രമണ റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിലെ സെന്റര്‍ ഓഫ് അനാലിസിസ് ആന്‍ഡ് ലേണിങ് ഇന്‍ ലൈവ് സ്റ്റോക്ക് ആന്‍ഡ് ഫുഡ് (CALF) റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്തിരുന്നു.

സംഭവം ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതും ഹൈന്ദവ ആചാരങ്ങളുടെ ലംഘനവുമാണെന്നാരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണം ക്ഷേത്ര ഭരണത്തിലെ വലിയ പിഴവുകളുടെ ലഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹിന്ദു ആചാരങ്ങളുടെ പവിത്രത സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

#TirupatiLaddu #FoodSafety #ReligiousControversy #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia