പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കോളജ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി; പീഡനത്തെ തുടര്‍ന്നാണ് മരിച്ചതെന്ന ആരോപണവുമായി കുടുംബം
Dec 6, 2021, 18:00 IST
രാമനാഥപുരം: (www.kvartha.com 06.12.2021) തമിഴ്‌നാട്ടിലെ കീളത്തൂവലില്‍ കോളജ് വിദ്യാര്‍ഥിയെ സംശയാസ്പദമായ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീളത്തൂവല്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച് മണിക്കൂറുകള്‍ക്ക് അകമാണ് 20 കാരന്റെ മരണം.
നീര്‍കൊഴിനേന്തല്‍ ഗ്രാമത്തില്‍ താമസിക്കുന്ന എല്‍ മണികണ്ഠനെന്ന അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ഞായറാഴ്ച മരിച്ചത്. പൊലീസിന്റെ പീഡനമാണ് വിദ്യാര്‍ഥിയുടെ മരണകാരണമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. എന്നാല്‍ പാമ്പുകടിയേറ്റാകാം വിദ്യാര്‍ഥി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ആശുപത്രിക്ക് മുമ്പില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം നടത്തുകയും പൊലീസിനെതിരെ അന്വേഷണം നടത്തി കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പൊലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കുകയും മൃതദേഹം ഏറ്റുവാങ്ങുകയും ചെയ്തു.
ശനിയാഴ്ച രാത്രി മണികണ്ഠനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈകുകള്‍ പട്രോളിങ്ങിനിടെ പൊലീസ് തടഞ്ഞിരുന്നു. സുഹൃത്തുക്കള്‍ ബൈക് നിര്‍ത്തിയെങ്കിലും മണികണ്ഠന്‍ ഓടിച്ചിരുന്ന ബൈക് നിര്‍ത്താതെ പോയെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് വാഹനം പിന്തുടരുകയും മണികണ്ഠനെ പിടികൂടുകയും ചോദ്യം ചെയ്യാനായി പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം മണികണ്ഠന്റെ അമ്മയെയും സഹോദരനെയും വിളിച്ചുവരുത്തുകയും മൂവരെയും വീട്ടിലേക്ക് പറഞ്ഞയക്കുകയുമായിരുന്നു.
എന്നാല്‍, ഞായറാഴ്ച വെളുപ്പിന് രാവിലെ 3.30ഓടെ വായില്‍നിന്ന് നുരയും പതയും വന്ന് ദുരൂഹസാഹചര്യത്തില്‍ മണികണ്ഠനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ് മോര്‍ടെത്തിനായി മുതുക്കുളത്തൂര്‍ സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം വീട്ടുകാര്‍ ഏറ്റുവാങ്ങി.
പ്രാഥമിക പോസ്റ്റ് മോര്‍ടെം റിപോര്‍ടില്‍ യുവാവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെയോ മറ്റോ പാടുകളില്ല. ആന്തരികാവയങ്ങളുടെ പരിശോധനയിലേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.
'കീളത്തൂവല്‍ പൊലീസ് സ്‌റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങളില്‍ മണികണ്ഠനെ ചോദ്യം ചെയ്യുന്നത് കാണാം. എന്നാല്‍ പൊലീസ് ദേഹോപദ്രവം ഏല്‍പിച്ചിട്ടില്ല. രാത്രി എട്ടരയോടെ വീട്ടില്‍ പറഞ്ഞയക്കുകയും ചെയ്തു' -പൊലീസ് സൂപ്രണ്ട് ഇ കാര്‍ത്തിക് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.