Tragedy | കണ്ണുനീറുന്ന കാഴ്ച: അര്‍ജുന്റെ ലോറിയുടെ ക്യാബിനില്‍ മകനുവേണ്ടി അവസാനമായി വാങ്ങിയ കളിപ്പാട്ടവും
Tragedy | കണ്ണുനീറുന്ന കാഴ്ച: അര്‍ജുന്റെ ലോറിയുടെ ക്യാബിനില്‍ മകനുവേണ്ടി അവസാനമായി വാങ്ങിയ കളിപ്പാട്ടവും
● കണ്ടെത്തിയ വസ്തുക്കള്‍ വീട്ടിലേക്ക് കൊണ്ടുപോകും
● ഭാര്യ ആവശ്യപ്പെട്ടതായി സഹോദരി ഭര്‍ത്താവ് ജിതിന്‍
ഷിരൂര്‍: (KVARTHA) ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെത്തിയ അര്‍ജുന്റെ ലോറിയുടെ ക്യാബിനില്‍ നിന്ന് കണ്ടെത്തിയ സാധനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. അര്‍ജുന്റെ രണ്ടുഫോണുകള്‍, ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, ബാഗ്, വാച്ച്, മകനുവാങ്ങിയ കളിപ്പാട്ടം എന്നിവയാണ് കണ്ടെടുത്തത്.
ക്യാബിനില്‍ ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്നതിന് വേണ്ടിയാണ് ലോറി പൊളിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചത്. അതിനിടെയാണ് അര്‍ജുന്‍ അവസാനമായി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ലോറിയില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങളുടെ 75 ശതമാനമാണ് പുറത്തെടുത്തത്. ഇക്കാര്യം കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍ അറിയിച്ചിരുന്നു.
അര്‍ജുന്‍ അവസാന സമയത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ലഭിക്കുകയാണെങ്കില്‍ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നതായി അധികൃതരെ അറിയിച്ചതായി അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞിരുന്നു. അര്‍ജുന്റെ ഭാര്യ ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടിരുന്നതായും ജിതിന്‍ വെളിപ്പെടുത്തി.
#GangavaliRiver, #ShirurNews, #MLASatish