Emotional | തനിക്ക് ഇന്ന് മുതല്‍ മൂന്നല്ല മക്കള്‍ നാലെന്ന് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്; മാതാപിതാക്കള്‍ക്ക് ഇനിയുള്ള കാലം മകനായി കൂടെയുണ്ടാകുമെന്നും ഉറപ്പ്
● തിരച്ചിലിന്റെ ഭാഗമായി 72 ദിവസമായി കര്‍ണാടകയില്‍ തന്നെ തുടര്‍ന്നു
● സ്ഥാപനം മറ്റൊരാള്‍ കയ്യേറി മരമെല്ലാം വിറ്റു
ഷിരൂര്‍: (KVARTHA) മരിച്ച അര്‍ജുന്റെ കുട്ടിയെ സ്വന്തം കുട്ടികള്‍ക്കൊപ്പം വളര്‍ത്തുമെന്നും മാതാപിതാക്കള്‍ക്ക് ഇനിയുള്ള കാലം മകനായി കൂടെയുണ്ടാകുമെന്നും അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. ഷിരൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ഇന്ന് മുതല്‍ മൂന്നല്ല മക്കള്‍ നാലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ 72 ദിവസങ്ങളായി അര്‍ജുനെ തിരയുന്നതിനായി തന്റെ ബിസിനസ് പോലും ഉപേക്ഷിച്ചാണ് മനാഫ് കര്‍ണാടകയില്‍ തുടര്‍ന്നത്. അതിന്റെ ഫലമായി ഒരുപാട് നഷ്ടവും അദ്ദേഹത്തിനുണ്ടായി.
കഴിഞ്ഞ 72 ദിവസങ്ങളായി ഷിരൂരില്‍ തിരച്ചിലിനായി അലയുമ്പോള്‍ കല്ലായിയിലെ തന്റെ സ്ഥാപനം മറ്റൊരാള്‍ കയ്യേറി മരമെല്ലാം വിറ്റുവെന്ന് മനാഫ് പറഞ്ഞു. മനാഫിന്റെ ദൃഢനിശ്ചയത്തിന്റെ കൂടി ഭാഗമായിട്ടായിരുന്നു, ഒരുഘട്ടത്തില്‍ അവസാനിച്ചെന്ന് തോന്നിയ തിരച്ചില്‍ 70 ദിവസം പിന്നിട്ടിട്ടും തുടര്‍ന്നത്. ആ തിരച്ചിലിന് ഒടുവില്‍ ഫലമുണ്ടാവുകയും ചെയ്തു.
മനാഫിന്റെ ദൃഢനിശ്ചയത്തെ സമൂഹമാധ്യമങ്ങള്‍ വാനോളം പുകഴ്ത്തുകയാണ്. ഇതുപോലൊരാള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നെങ്കിലെന്നാണ് പലരും പറയുന്നത്. ഷിരൂര്‍ ഗംഗാവലിപ്പുഴയില്‍ ലോറി കണ്ടെത്തിയ ശേഷം വിങ്ങിപ്പൊട്ടി മനാഫ് പറഞ്ഞ വാക്കുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
'ആ വണ്ടി പൊന്തിക്കുക. ആ ക്യാബിന്റ ഉള്ളില്‍ നിന്ന് അവനെ എടുക്കാ, എനിക്ക് ആ വണ്ടീം വേണ്ട, മരോം വേണ്ട. ഒരു സാധാരണക്കാരന് കഴിയുന്നതിന്റെ പരമാവധി ഞാന്‍ ചെയ്തു. അവന്റെ വീട്ടുകാര്‍ക്ക് ഞാന്‍ കൊടുത്ത വാക്ക് പാലിക്കുകയാണ്. ഒരാള്‍ ഒരു കാര്യത്തിന് ഉറപ്പിച്ച് ഇറങ്ങിയാല്‍ അത് സാധിക്കും. ആരും കൂടെ ഇല്ലെങ്കിലും സാധിക്കും. ആ ലോറി എനിക്ക് വേണ്ട. ഓനെ മതിയായിരുന്നു' - എന്നായിരുന്നു മനാഫിന്റെ വാക്കുകള്‍.
#EmotionalStory #ArjunsChild #ViralTribute #TruckOwnerSupport #KarnatakaNews #HeartfeltPromise