Trade War | വ്യാപാര യുദ്ധം: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് താൽക്കാലിക ആശ്വാസം; ട്രംപ് ഒരു ചുവട് പിന്നോട്ട്, ലോകം ഉറ്റുനോക്കുന്നു അടുത്ത നീക്കം


● ട്രംപിൻ്റെ ഇറക്കുമതി തീരുവ ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണി.
● ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ തീരുവ കുറച്ചു.
● ചൈനക്കെതിരെ 125 ശതമാനം അധിക തീരുവ.
● ലോകം വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന് ആശങ്ക.
● ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ഇടിവ്.
കനവ് കണ്ണൂർ
(KVARTHA) ലോകം ഇതുവരെ കാണാത്ത വ്യാപാര യുദ്ധത്തിലേക്കാണ് നീങ്ങുന്നത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി ചുങ്കം പോളിസി ലോക രാജ്യങ്ങളിൽ മിക്കതിൻ്റെയും സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പ്രധാനമായും അമേരിക്ക - ചൈന വ്യാപാര യുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതേ നാണയത്തിലുള്ള തിരിച്ചടി നേരിട്ടതോടെ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തിരിച്ചടി തീരുവ മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒരു ചുവട് പിൻവാങ്ങിയിരിക്കുകയാണ്.
90 ദിവസത്തേക്ക് തിരിച്ചടി തീരുവ 10 ശതമാനം മാത്രമാക്കിയതായി ഗത്യന്തരമില്ലാതെ ട്രംപ് അറിയിക്കുകയായിരുന്നു. അതേസമയം, ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു. ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിൻ്റെ നടപടി. മൂന്നാംതവണയാണ് ചൈനയ്ക്കുമേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം നിലവിൽ വന്നതോടെ ചൈനയും യൂറോപ്യൻ യൂണിയനും പകര തീരുവ അമേരിക്കയ്ക്കെതിരെ ചുമത്തിയിരുന്നു. യുഎസ് ഉൽപന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽനിന്നു 84 ശതമാനമായാണ് ചൈന ഇന്നലെ ഉയർത്തിയത്. ഏപ്രിൽ 10 മുതൽ പുതിയ തീരുവ നിലവിൽ വന്നിട്ടുണ്ട്. ഇതോടെയാണ് ട്രംപ് ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയത്.
പ്രതികാരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ രംഗത്ത് വന്നിരുന്നു. തന്നോട് ചർച്ച നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾ എന്തിനും തയ്യാറാണെന്ന് ട്രംപ് പ്രതികരിച്ചു. ഒത്തു തീർപ്പിലെത്താൻ രാജ്യങ്ങൾ വിളിച്ചു കെഞ്ചുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രഷണൽ കമ്മിറ്റിയിൽ സംസാരിക്കവെയാണ് ട്രംപിന്‍റെ പ്രതികരണം. അമേരിക്കയുടെ പകരത്തീരുവ നയം കഴിഞ്ഞ ദിവസം രാവിലെ മുതലാണ് പ്രാബല്യത്തിലായത്. ചൈനയും ഇന്ത്യയും അടക്കം 86 രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് ഭീമൻ തീരുവകൾ ചുമത്തിയിരിക്കുന്നത്. അമേരിക്കയുടെ പുത്തൻ നയത്തിന്റെ ഏറ്റവും വലിയ ഇര ചൈനയായി മാറിയത് ലോകം വരും നാളുകളിൽ വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുന്നതിൻ്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.
ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ തിരിച്ചടി തീരുവ മരവിപ്പിച്ചത് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തിരിച്ചടി ശക്തമാകുമെന്ന് ഭയന്നാണ്. 'സൗഹൃദ രാജ്യങ്ങൾ പോലും അമേരിക്കയെ വ്യാപാര നയത്തിൽ പിൻതുണയ്ക്കുന്നില്ലെന്നാണ് യാഥാർത്ഥ്യം. ഇതു തിരിച്ചറിഞ്ഞു കൊണ്ടാണ് 90 ദിവസത്തേക്ക് തീരുവ 10 ശതമാനം മാത്രമാക്കുമെന്നു ട്രംപ് നയമാറ്റം വ്യക്തമാക്കിയത്.
അതേസമയം കമ്യൂണിസ്റ്റ് രാഷ്ട്രമെന്ന് അറിയപ്പെടുന്ന ചൈനയ്ക്ക് മേലുള്ള തീരുവ 125 ശതമാനമാക്കി ട്രംപ് ഉയർത്തിയതു വ്യാപാര യുദ്ധത്തിൽ താൻ പുറകോട്ടില്ലെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നുമുണ്ട്. ട്രൂത്ത് പോസ്റ്റിലൂടെയാണ് ട്രംപ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ചൈനയ്ക്കുമേലുള്ള തീരുവ 104 ശതമാനമായി യുഎസ് ഉയർത്തിയതിന് ശേഷം ബീജിംഗ് തിരിച്ചടിച്ചിരുന്നു. യുഎസ് ഇറക്കുമതികൾക്ക് 84 ശതമാനം തീരുവ ചുമത്തുമെന്നാണ് ചൈന മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് ചൈനയ്ക്ക് മേൽ അധിക തീരുവ ചുമത്തി ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ തിരിച്ചടി തീരുവ ട്രംപ് മരവിപ്പിച്ചത്. ഇതോടെ അമേരിക്കയ്ക്കും ചൈനയ്ക്കുമിടയിലൊരു വ്യാപാര യുദ്ധം ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് വിദേശ രാജ്യങ്ങൾക്ക് മേൽ ട്രംപ് പകരം തീരുവ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് മേൽ 26 ശതമാനം തീരുവയാണ് ചുമത്തിയത്. വിദേശ ഓട്ടോ മൊബൈൽ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തി. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക് വരുന്നതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്.
ഇന്ത്യ- 26 ശതമാനം, യൂറോപ്യൻ യൂണിയൻ- 20 ശതമാനം, വിയറ്റ്നാം- 46, ജപ്പാൻ- ശതമാനം, തായ്‌വാൻ- 46 ശതമാനം, പാകിസ്ഥാൻ- 58 ശതമാനം, ദക്ഷിണ കൊറിയ- 25 ശതമാനം, തായ്ലൻഡ്- 36 ശതമാനം, കമ്പോഡിയ- 49 ശതമാനം, സ്വിറ്റ്സർലൻഡ് - 31 ശതമാനം എന്നിങ്ങനെയാണ് ട്രംപ് ഇറക്കുമതി തീരുവ ചുമത്തിയത്.
വിമോചന ദിനമെന്ന് ട്രംപ് സ്വയം പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. വൈറ്റ്ഹൗസിലെ റോസ് ഗാർഡനിൽ വെച്ച് ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെയായിരുന്നു പകരത്തീരുവ പ്രഖ്യാപനം. പകരച്ചുങ്കം യുഎസിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഇത് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം ആണെന്നും അമേരിക്ക സുവർണ കാലഘട്ടത്തിലേക്ക് മടങ്ങുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്.
ട്രംപിൻ്റെ താരിഫ് യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ ഏഷ്യൻ വിപണികൾ അടക്കം തകർന്നടിഞ്ഞിരുന്നു. ഇന്ത്യൻ ഓഹരി വിപണിയിൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് തുടക്കത്തിൽ 3000ലേറെ പോയിന്‍റ് ഇടിഞ്ഞു താഴ്ന്നിരുന്നു. നിക്ഷേപകരുടെ സമ്പത്തിൽ നിന്ന് നിമിഷങ്ങൾ കൊണ്ട് ഒഴുകിപ്പോയത് 20 ലക്ഷം കോടി രൂപയാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1150 പോയിൻ്റും ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്മാൾകാപ് സൂചികകളിൽ 10 ശതമാനത്തോളമാണ് ഇടിവ് രേഖപ്പെടുത്തിയത്.
ലോക രാജ്യങ്ങളെ മുഴുവൻ മുൾമുനയിൽ നിർത്തിയാണ് ട്രംപിൻ്റെ പകരം ഇറക്കുമതി ചുങ്കം നയം നടപ്പിലാക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിൻ്റെ അടിസ്ഥാന നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് യു.എസ് പ്രസിഡൻ്റിൻ്റെ എടുത്തുചാട്ടം. ഇതു അമേരിക്കയിൽ നിന്നുതന്നെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കൈ പൊള്ളുമ്പോൾ ട്രംപ് സ്വമേധയാ പിൻമാറുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞൻമാർ കരുതുന്നത്. ഈ തലതിരിഞ്ഞ താരിഫ് നയങ്ങൾ ആദ്യം തകർക്കുക യുഎസ് സമ്പദ് വ്യവസ്ഥയെ തന്നെയായിരിക്കും.
Trump's import tariff policy is causing global economic concerns, especially the US-China trade war. After facing backlash, Trump eased tariffs on most countries for 90 days but increased tariffs on China to 125%. Global markets, including India, reacted negatively to these policies, raising fears of a global trade war.
#TrumpTariffs #TradeWar #GlobalEconomy #USChinaTradeWar #EconomicCrisis #IndianMarket