ഡെല്‍ഹി ടോള്‍ പ്ലാസയില്‍ അജ്ഞാതര്‍ നടത്തിയ വെടിവെയ്പില്‍ സുരക്ഷാ ജീവനക്കാരനും കാഷ്യറും കൊല്ലപ്പെട്ടു

 


ന്യൂഡെല്‍ഹി: (www.kvartha.com 28.02.2016) ഡെല്‍ഹി ടോള്‍ പ്ലാസയിലുണ്ടായ വെടിവെയ്പില്‍ സുരക്ഷാ ജീവനക്കാരനും കാഷ്യറും കൊല്ലപ്പെട്ടു. അജ്ഞാതരായ അക്രമികളാണ് വെടിവെയ്പിന് പിന്നിലെന്ന് സംശയിക്കുന്നു. രണ്ടുപേരെയും ഡെല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബദര്‍പൂരിലെ എം സി ഡി ടോള്‍ കലക്ഷന്‍ പ്ലാസയില്‍ ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ആയുധധാരികളായെത്തിയ അജ്ഞാതരായ നാലുപേര്‍ സുരക്ഷാ ഉദ്യോഗസ്ഥനും കാഷ്യര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ടോള്‍ ബൂത്തിലെ താഴത്തെ നിലയിലാണ് സംഭവം. ടോള്‍ ബൂത്തില്‍ നിന്നും രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി ആദ്യം പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പണം ഭദ്രമായിരിക്കുന്നുവെന്ന് സ്ഥിരീകരിച്ചു.

കാഷ്യര്‍ രാജസ്ഥാന്‍ സ്വദേശിയായ മന്‍മോഹന്‍ സിംഗ് ശര്‍മ്മ(60)യും മണിപ്പാല്‍ സ്വദേശിയായ 40 കാരന്‍ ഗണ്‍മാനുമാണ് മരിച്ചത്. കഴിഞ്ഞ രണ്ടുമാസമായി എം സി ഡി ടോള്‍ പ്ലാസയില്‍ ഇരുവരും പ്രൈവറ്റ് കാഷ് കലക്ഷന്‍ ഏജന്‍സി നടത്തിവരികയായിരുന്നു. കൊലയ്ക്ക് പിന്നില്‍ കവര്‍ച്ചയാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് വ്യക്തിവൈരാഗ്യമാകാം കാരണമെന്ന് പോലീസ് വ്യക്തമാക്കി.

രാവിലെ മരിച്ച കാഷ്യറും ഗണ്‍മാനും മുറിയിലിരുന്ന് ചായ കുടിക്കുന്ന അവസരത്തില്‍ ആയുധ ധാരികളായ നാലുപേര്‍ അതിക്രമിച്ച് കടന്ന് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മന്‍ദീപ് സിംഗ് രന്‍ധാവ പറഞ്ഞു. എന്നാല്‍ ടോള്‍ പ്ലാസയിലെ മറ്റു ജീവനക്കാരെയൊന്നും ഇവര്‍ ആക്രമിക്കുകയുണ്ടായില്ല. അതേസമയം ടോള്‍ പ്ലാസയില്‍ നിന്നും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും മോഷണസമയത്ത് ടോളില്‍ എത്ര പണം സൂക്ഷിച്ചിരുന്നുവെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബദര്‍പൂര്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ നാലു ടീമുകളെ ചുമതലപ്പെടുത്തി. പ്രാഥമിക അന്വേഷണത്തില്‍ ടോള്‍ പ്ലാസയ്ക്ക് സമീപത്തെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്.

ഡെല്‍ഹി പോലീസ് റിക്രൂട്‌മെന്റ് എക്‌സാമിന് പരിശീലിക്കുന്ന ദീപക്, താക്കൂര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംഭവ സമയത്ത് ഇവര്‍ മുറിയിലുണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതികളായ നാലുപേരെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്നും ഇവരെ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും പോലീസ് പറഞ്ഞു.

ഡെല്‍ഹി ടോള്‍ പ്ലാസയില്‍ അജ്ഞാതര്‍ നടത്തിയ വെടിവെയ്പില്‍ സുരക്ഷാ ജീവനക്കാരനും കാഷ്യറും കൊല്ലപ്പെട്ടു


Also Read:
വിദേശ സിഗരറ്റ് കടത്താന്‍ ശ്രമിച്ച 11 കാസര്‍കോട് സ്വദേശികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍
Keywords:  Two toll plaza staffers shot dead by unidentified men in Badarpur, New Delhi, Police, theft, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia