കുട്ടികള്‍ക്ക് പാല്‍ വാങ്ങാന്‍ പണത്തിനായി 12 കിമീ നടന്ന യുവാവ് മോഷണത്തിനിരയായി; പരാതി നല്‍കാന്‍ ചെന്നപ്പോള്‍ പൊലിസിന്റെ വക തെറിവിളി

 


ഡെല്‍ഹി: (www.kvartha.com 22.04.2020) കിട്ടിയ ശമ്പളവും തീര്‍ന്നതോടെ കുട്ടികള്‍ പാല്‍ വാങ്ങാന്‍ പണത്തിനായി 12 കിമീ നടന്ന യുവാവ് മോഷണത്തിനിരയായി. 12 കിലോമീറ്റര്‍ നടന്ന് പോയി വാങ്ങിയ പണവുമായി വീട്ടിലെത്തുന്നതിന് മുന്‍പേ കൊള്ളയിക്കപ്പെട്ടത്. പണവും കയ്യിലുണ്ടായിരുന്ന ഫോണും കള്ളന്മാര്‍ കൊണ്ടുപോയി.

ലോക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 24 ന് കട അടയ്ക്കുന്ന ദിവസം ഉടമ നല്‍കിയ 5000 രൂപയായിരുന്നു രാജേന്ദ്രസിങ്ങിന്റെ പക്കലുണ്ടായിരുന്നത്. വീട്ടിലേക്കാവശ്യമുള്ള അത്യാവശ്യസാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞ് കഴിഞ്ഞ ശനിയാഴ്ചയായപ്പോഴേക്കും കയ്യില്‍ ബാക്കിയുണ്ടായിരുന്നത് 150 രൂപയാണ്. കുട്ടികള്‍ക്ക് പാലും ബിസ്‌കറ്റും വാങ്ങാന്‍ കാശ് തികയില്ലല്ലോ എന്ന ചിന്തയാണ് കടയുടമയെ വിളിക്കാന്‍ രാജേന്ദ്രസിങ്ങിനെ പ്രേരിപ്പിച്ചത്. അഞ്ച് വയസും ഒന്നരവയസുമാണ് കുട്ടികളുടെ പ്രായം. വീട്ടിലേക്ക് വേണ്ട സാധനങ്ങളും തീര്‍ന്നുതുടങ്ങിയിരുന്നു.

 കുട്ടികള്‍ക്ക് പാല്‍ വാങ്ങാന്‍ പണത്തിനായി 12 കിമീ നടന്ന യുവാവ് മോഷണത്തിനിരയായി; പരാതി നല്‍കാന്‍ ചെന്നപ്പോള്‍ പൊലിസിന്റെ വക തെറിവിളി

കടയുടമയെ വിളിച്ചപ്പോള്‍ പണം നല്‍കാമെന്ന് അയാള്‍ അറിയിച്ചു. പക്ഷെ താമസ സ്ഥലത്തുനിന്നും മോഡല്‍ നഗറിലെ വീട്ടിലെത്തണം. കൈലാഷ് നഗറില്‍ നിന്ന് മോഡല്‍ ടൗണിലേക്കുള്ള 12 കിലോമീറ്ററോളം നടക്കണം. ഒറ്റയ്ക്ക് നടക്കാന്‍ മടിയായതു കാരണം കൂടെ തൊഴില്‍ ചെയ്യുന്ന ചന്ദന്‍ പസ്വാനെ വിളിച്ചു, ഒന്നിച്ചുപോകാമെന്ന ധാരണയിലെത്തി. അങ്ങനെ ഇരുവരും നടന്നു. മൂന്ന് മണിക്കൂറെടുത്തു കടയുടമയുടടെ വീട്ടിലെത്താന്‍. പന്ത്രണ്ടരയോടെ കടയുടമയുടെ വീട്ടിലെത്തി. അയാല്‍ ഭക്ഷണം കഴിക്കുകയായിരുന്നതിനാല്‍ 20 മിനിറ്റോളം കാത്തു നില്‍ക്കേണ്ടി വന്നു.

രാജേന്ദ്രസിങ്ങിന് 6000 രൂപയും പസ്വാന് 5000 രൂപയും ഉടമ നല്‍കി. ഇരുവരും തിരിച്ച് വീട്ടിലേക്ക് നടന്നു. രാവിലെ ഭക്ഷണം കഴിച്ചിറങ്ങിയതാണ്. കയ്യിലുണ്ടായിരുന്ന വെള്ളവും തീര്‍ന്നു. വഴിയില്‍ കണ്ട കടയില്‍ നിന്ന് വെള്ളവും ലഘുഭക്ഷണവും കഴിച്ച് യാത്ര തുടര്‍ന്നു,അതും പൊരിവെയിലത്ത്. ഇത്രദൂരം നടക്കേണ്ടി വന്നെങ്കിലും പണം കിട്ടിയത് ഭാഗ്യമായി എന്ന് മനസില്‍ കരുതിയായിരുന്നു അവര്‍ നടന്നത്. എന്നാല്‍ ഭാഗ്യം അധികനേരം നീണ്ടുനിന്നില്ല.

വീട്ടിലെത്താന്‍ രണ്ട് കിലോമീറ്റര്‍ ദൂരം മാത്രം ശേഷിക്കെ ശാസ്ത്രി പാര്‍ക്കിനടുത്ത് കുറച്ച് നേരം വിശ്രമിക്കാമെന്ന് ഇവര്‍ കരുതി. എന്നാല്‍ പെട്ടെന്നായിരുന്നു മൂന്ന് പേര്‍ ഇവരെ ആക്രമിച്ചത്. നടന്ന് അവശരായിരുന്ന രാജേന്ദ്രസിങ്ങിനും പസ്വാനും മറുത്തൊന്നും ചെയ്യാനാവുമായിരുന്നില്ല. കയ്യിലുണ്ടായിരുന്ന മുഴുവന്‍ പണവും ഫോണുകളും കള്ളന്മാര്‍ പിടിച്ചു പറിച്ചു. നിലവിളിക്കാനല്ലാതെ ഇരുവര്‍ക്കും മറ്റൊന്നിനും കഴിഞ്ഞില്ല. പസ്വാന്റെ വീട്ടിലെത്തി ഇവര്‍ പോലീസിനെ വിവരമറിയിച്ചു.

ഇവിടെയെത്തിയ പോലീസ് ശാസ്ത്രിനഗറിലെ പോലീസ് സ്റ്റേഷനിലേക്ക് ഇവരെ കൂട്ടിക്കൊണ്ടു പോയി രാത്രി 9 മണി വരെ അവിടെയിരുത്തിയതായി ഇവര്‍ പറയുന്നു. കൂടാതെ വീട്ടില്‍ നിന്നിറങ്ങി നടന്നതിന് പോലീസുകാര്‍ കണക്കിന് ശാസിക്കുകയും ചെയ്തു. ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കാത്തതിനും പോലീസ് വഴക്കുപറഞ്ഞതായി ഇവര്‍ പറയുന്നു. പോലീസിനെ വിളിച്ചാല്‍ അവര്‍ പണമോ കുട്ടികള്‍ക്ക് പാലോ കൊണ്ടുതരുമായിരുന്നോ എന്നാണ് രാജേന്ദ്രസിങ്ങ് ചോദിക്കുന്നത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് കുടുംബങ്ങള്‍ക്കും ആവശ്യമുള്ള സഹായം ചെയ്യുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ഡി കെ ഗുപ്ത അറിയിച്ചു. പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും അന്വേഷിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

Keywords:  News, National, India, New Delhi, theft, Salary, Food, Children, Colleague,  Two walk 12km to collect their salaries robbers leave them poorer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia