ബി ജെ പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ശിവസേന പങ്കെടുക്കില്ല

 


മുംബൈ: (www.kvartha.com 31.10.2014) മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച നടക്കുന്ന ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശിവസേനാ നേതാക്കള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ നിര്‍ദേശം. മന്ത്രിസഭാ രൂപീകരണത്തിന് വേണ്ടത്ര അംഗബലമില്ലാത്ത സാഹചര്യത്തില്‍ സഖ്യകക്ഷികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.

എന്നാല്‍ ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമം മുന്നോട്ടുവെച്ചപ്പോള്‍ ശിവസേന ബി ജെ പിക്ക് മുന്നില്‍ ചില ഉപാധികള്‍ മുന്നോട്ടു വെച്ചിരുന്നു.  ശിവസേനയുടെ ഉപാധികളോട് ബി.ജെ.പി ധാരണയിലെത്താത്ത സാഹചര്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ താക്കറെ  നിര്‍ദ്ദേശം നല്‍കിയത്. ബി.ജെ.പിക്ക്  ഔദ്യോഗികമായി പിന്തുണ നല്‍കുന്ന കാര്യത്തില്‍  ശിവസേന ഇപ്പോഴും മൗനം തുടരുകയാണ്.  അതേസമയം എന്‍.സി.പി നേരത്തെ തന്നെ പുറമെ നിന്നും പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ശിവസേനാ അംഗങ്ങള്‍  വെള്ളിയാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാനുള്ള സാധ്യതയില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാജീവ് പ്രതാപ് റൂഡിയും വ്യക്തമാക്കിയിരുന്നു. പിന്തുണ സംബന്ധിച്ച്  ശിവസേനയുമായുള്ള സഖ്യചര്‍ച്ചകള്‍ നടക്കുകയാണെന്നും ചര്‍ച്ചയില്‍ ഇതുവരെ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റൂഡി സൂചിപ്പിച്ചു. അതുകൊണ്ട്  പുറമേ നിന്ന് പിന്തുണയ്ക്കാമെന്ന എന്‍.സി.പിയുടെ വാഗ്ധാനം ബി.ജെ.പി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടി ഉപാധികളില്ലാതെ ആര് പിന്തുണ നല്‍കിയാലും അത് സ്വാഗതം ചെയ്യുമെന്നും റൂഡി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖ പ്രസംഗത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ മന്ത്രിസഭയില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറാണെന്ന് ശിവസേന  വ്യക്തമാക്കിയിരുന്നു.  മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നും ബിജെപിക്ക് അന്ത്യശാസനവും നല്‍കിയിരുന്നു.

മാത്രമല്ല ദേവേന്ദ്ര ഫട്‌നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള നേതാക്കളുടെ തീരുമാനത്തെയും ശിവസേന  സ്വാഗതം ചെയ്യുന്നതായി അറിയിച്ചിരുന്നു. ഫട്‌നാവിസിനെ മുഖ്യമന്ത്രിയാക്കുന്നത് എന്‍ സി പിക്ക് തിരിച്ചടിയായിരിക്കുമെന്നും ശിവസേന പറഞ്ഞിരുന്നു.

ബി ജെ പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ശിവസേന പങ്കെടുക്കില്ല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Uddhav Thackeray asks party leaders not to attend Devendra Fadnavis's oath ceremony, Mumbai, Cabinet, NCP, Conference, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia