Leadership Shift | 'ഉദയനിധി സ്റ്റാലിന്‍ തമിഴ് നാട് ഉപമുഖ്യമന്ത്രിയാകും'; കുടുംബത്തില്‍ ധാരണയായി; പ്രഖ്യാപനം ഉടന്‍ എന്ന് ഡിഎംകെ 

 
Udhayanidhi Stalin to Become Tamil Nadu Deputy CM
Udhayanidhi Stalin to Become Tamil Nadu Deputy CM

Photo Credit: Facebook / Udhayanidhi Stalin

● ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകും എന്ന് റിപ്പോര്‍ട്ട്
● നിലവില്‍ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ്
● ഡിഎംകെയുടെ 75ാം വാര്‍ഷിക പരിപാടിക്കുശേഷം ചര്‍ച്ചകള്‍ ശക്തമായതായി സൂചന

ചെന്നൈ: (KVARTHA) മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ് നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് സ്റ്റാലിന്റെ കുടുംബത്തില്‍ ധാരണയായെന്നും പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും ഡിഎംകെ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

 

നടന്‍ വിജയ് തമിഴ്നാട്ടില്‍ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിനിടയിലാണ് ഡിഎംകെയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. നിലവില്‍ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് ഉദയനിധി. മകന്‍ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന സൂചന അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ തന്നെ സ്റ്റാലിന്‍ പറഞ്ഞിരുന്നു. 

 

നിങ്ങള്‍ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് അന്ന് സ്റ്റാലിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സമയം ആയില്ലെന്നായിരുന്നു നേരത്തെ സ്റ്റാലിന്‍ പറഞ്ഞിരുന്നത്.

 

ഓഗസ്റ്റ് 22ന് മുന്‍പ് ഉദയനിധി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹം നേരത്തെ ശക്തമായിരുന്നു. ജനുവരിയിലും സമാന രീതിയില്‍ ഉദയനിധിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും അതെല്ലാം സ്റ്റാലിന്‍ തള്ളിയിരുന്നു. എന്നാല്‍ ഡിഎംകെയുടെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം  നടന്ന ആഘോഷങ്ങള്‍ക്ക് ശേഷം ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടേറിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

 

കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്. സ്റ്റാലിന്റെ പാത തന്നെ ഉദയനിധിയും പിന്തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഭരണത്തില്‍ പിതാവിനെ സഹായിക്കുന്നതാണ് സ്ഥാനക്കയറ്റത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡിഎംകെയുടെ യുവജന വിഭാഗം നേതാവായ ഉദയനിധി ചെപ്പോക്ക് -തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. 2022 ഡിസംബറിലാണ് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

#UdhayanidhiStalin #TamilNaduPolitics #DMK #MKStalin #PoliticalMove #LeadershipChange
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia