Report | രാജ്യത്തെ ക്യാമ്പസുകളില്‍ ലൈംഗികാതിക്രമം തുടര്‍ക്കഥയാകുന്നത് എന്തുകൊണ്ട്?
ജോലിസ്ഥലത്തെ ലൈംഗികാതിക്രമം തടയല്‍ നിയമം, 2013 പ്രകാരം, എല്ലാ സര്‍വകലാശാലകളിലും കോളേജുകളിലും ഒരു ആന്തരിക പരാതി കമ്മിറ്റി ഉണ്ടായിരിക്കണം
അർണവ് അനിത
(KVARTHA) സാറ (യഥാര്‍ത്ഥ പേരല്ല) ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിയാണ്, ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കാറായി. അവള്‍ വലിയ മാനസിക സംഘര്‍ഷത്തിലാണ്. വളരെക്കാലമായി തന്റെ പ്രൊഫസര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് തിരിച്ചറിയാന്‍ സാറ ഏറെ വൈകി. ഇക്കാര്യം സുഹൃത്തുക്കളോട് പറയാന്‍ തന്നെ മാസങ്ങളെടുത്തു. ആദ്യ വര്‍ഷം വളരെ മാന്യമായ സമീപനമാണ് പ്രൊഫസറുടെ ഭാഗത്ത് നിന്നുണ്ടായത്. എന്നാല്‍ അവസാന സെമസ്റ്ററില്‍ എന്താണ് സംഭവിച്ചതെന്ന് സാറയ്ക്ക് തന്നെ പറയാനാകുന്നില്ല.
കോളേജില്‍ വെച്ച് പ്രൊഫസര്‍ പലപ്പോഴും വിദ്യാര്‍ത്ഥികളോടൊത്ത് ഫോട്ടോ എടുക്കാറുണ്ടെന്ന് സാറ ഓര്‍മ്മിച്ചു. ചിലപ്പോള്‍, അവളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിച്ചു. അവള്‍ക്ക് എതിര്‍ത്തൊന്നും പറയാന്‍ കഴിഞ്ഞില്ല. പ്രൊഫസര്‍ അവളെ നിര്‍ബന്ധിക്കുകയും ചെയ്തു. ഒരുക്കല്‍ വളരെ മാന്യമായി വേണ്ടെന്ന് പറഞ്ഞപ്പോള്‍, അയാള്‍ അവളെ ഒരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി അയാളോടൊപ്പം പോസ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. അപ്പോഴാണ് ആദ്യമായാണ് 22കാരിയായ സാറയ്ക്ക് അസ്വസ്ഥത തോന്നിയത്.
പ്രൊഫസറിന് 62 വയസ്സായിരുന്നു, അയാളെ അവള്‍ക്ക് ഏറെ ബഹുമാനമായിരുന്നു. വിദ്യാര്‍ത്ഥികളുമായി പ്രൊഫസര്‍ നല്ല സൗഹൃദം പുലര്‍ത്തിയിരുന്നു, അതില്‍ അവളുടെ ചില സുഹൃത്തുക്കളുമുണ്ടായിരുന്നു. അതിനാല്‍, ആദ്യതവണ ക്ഷമിച്ചു. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. പ്രൊഫസര്‍ പഠിപ്പിക്കുന്ന വിദേശഭാഷയില്‍ സാറയ്ക്ക് പ്രണയ-കാല്‍പ്പനിക കവിതകള്‍ അയയ്ക്കാന്‍ തുടങ്ങി. അതോടെ അവള്‍ അസ്വസ്ഥയായി. അസമയത്ത് മെസേജുകള്‍ അയയ്ക്കാന്‍ തുടങ്ങി, അവള്‍ എവിടെയാണെന്ന് അന്വേഷിക്കുകയും മോശമായി സംസാരിക്കാനും തുടങ്ങി.
സഹികെട്ട് അവള്‍ പ്രൊഫസര്‍ക്ക് നല്ല മറുപടി കൊടുത്തു. അതുകൊണ്ട് ശല്യം അവസാനിക്കില്ലെന്ന് അറിയാമായിരുന്നു. കാരണം ക്ലാസിലും ഡിപ്പാര്‍ട്ട്‌മെന്റിലും അയാളെ നേരിട്ട് കാണുമായിരുന്നു. മെസേജുകള്‍ക്ക് മറുപടി കൊടുക്കാതായപ്പോള്‍, പ്രൊഫസര്‍ എന്താണ് ഇങ്ങിനെ കാണിക്കുന്നതെന്ന് അവളുടെ സുഹൃത്തുക്കളോട് ചോദിക്കാന്‍ തുടങ്ങി. ഒരവസരത്തില്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ ക്ലാസില്‍ എത്താന്‍ കഴിയുന്നില്ലെന്ന് അവള്‍ അറിയിച്ചപ്പോള്‍, അയാള്‍ വിശ്വസിച്ചില്ല. ഡോക്ടറുടെ അടുത്ത് പോയിരുന്നുവെന്ന് തെളിയിക്കാന്‍ അവളുടെ പക്കല്‍ മെഡിക്കല്‍ രേഖകള്‍ ഉണ്ടായിരുന്നു, പക്ഷേ അവള്‍ കള്ളം പറയുകയാണെന്ന് അയാള്‍ വാദിച്ചു.
മാര്‍ച്ച് പകുതിയോടെ ക്യാമ്പസ് സുരക്ഷിതമല്ലെന്ന് തോന്നിയതോടെ അവള്‍ ക്ലാസില്‍ പോകാതായി. അതോടെ പ്രൊഫസര്‍ സാറയുടെ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തുകയും അവള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ പരീക്ഷയില്‍ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറേ വര്‍ഷങ്ങളായി സാറ ക്ലാസ് ടോപ്പര്‍ ആയിരുന്നു. അതിനാല്‍ അവള്‍ ആകെ ഭയത്തിലായി. അതോടെ എന്ത് നടപടി സ്വീകരിക്കണമെന്ന് ആലോചിച്ചു. പരാതി നല്‍കണമെന്ന് സുഹൃത്തുക്കള്‍ അവളോട് പറഞ്ഞു.
സാറ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍പേഴ്‌സണോട് പരാതി പറഞ്ഞു. അവര്‍ എല്ലാം ശ്രദ്ധിച്ചുകേട്ട ശേഷം അവള്‍ ലൈംഗിക പീഡനമാണ് നേരിടുന്നതെന്ന് പറഞ്ഞു. ആഭ്യന്തര പരാതി കമ്മിറ്റിയില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 10 ന്, സാറ പരാതി നല്‍കി. അന്നുതന്നെ, അവള്‍ നഗരം വിട്ടു. ക്യാമ്പസ് ഒട്ടും സുരക്ഷിതമാണെന്ന് തോന്നിയില്ലെന്നും വീട്ടിലേക്ക് മടങ്ങിയെന്നും അവള്‍ പറഞ്ഞു. എന്നാല്‍ പരാതി നല്‍കിയതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല. മൊഴി നല്‍കാന്‍ രണ്ടുതവണ കമ്മറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ അവളോട് ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണ പുരോഗതിയെക്കുറിച്ച് അറിയിച്ചില്ല.
പ്രൊഫസര്‍ തന്നെ വിളിക്കരുതെന്നും അടുത്ത് വരരുതെന്നും നിര്‍ദ്ദേശം നല്‍കണമെന്ന് അവള്‍ ആവശ്യപ്പെട്ടെങ്കിലും അതുപോലും നടപ്പായില്ല. അതോടെ മെയ് ആദ്യം സാറ പൊലീസില്‍ പരാതി നല്‍കി. പരീക്ഷകള്‍ എഴുതാന്‍ സര്‍വകലാശാലയിലേക്ക് പോകണമായിരുന്നു, അതുകൊണ്ടാണ് ഔദ്യോഗിക പരാതി നല്‍കിയത്. 'അന്വേഷണത്തിനായി പൊലീസ് അവളുടെ ഫോണും മറ്റ് തെളിവുകളും ശേഖരിച്ചു.
ജോലിസ്ഥലത്തെ ലൈംഗികാതിക്രമം തടയല്‍ നിയമം, 2013 പ്രകാരം, എല്ലാ സര്‍വകലാശാലകളിലും കോളേജുകളിലും ഒരു ആന്തരിക പരാതി കമ്മിറ്റി ഉണ്ടായിരിക്കണം. ഈ നിയമം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 2016 ല്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ പലതരം നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു. കാമ്പസിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മറ്റെല്ലാ ജീവനക്കാരെയും സംരക്ഷിക്കുന്നതിനാണ് ചട്ടങ്ങള്‍ തയ്യാറാക്കിയത്, കാമ്പസുകളില്‍ ലൈംഗിക പീഡനം ആരോപിക്കപ്പെടുന്ന കേസുകളില്‍ പിന്തുടരേണ്ട നടപടിക്രമങ്ങളും തയ്യാറാക്കി.
കോളേജുകള്‍, സര്‍വ്വകലാശാലകള്‍, ഡീംഡ് യൂണിവേഴ്‌സിറ്റികള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 16 ഉത്തരവാദിത്തങ്ങള്‍ ചട്ടത്തില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ലൈംഗിക പീഡനം എന്താണെന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും അതിന്റെ ശിക്ഷകളും അനന്തരഫലങ്ങളും വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും ലൈംഗിക പീഡനത്തെ അച്ചടക്ക നിയമങ്ങളുടെ ലംഘനമായി കണക്കാക്കണമെന്ന് പറയുകയും ചെയ്യുന്നു.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനു കീഴിലുള്ള സ്ഥാപനങ്ങള്‍ കേസുകളുടെ എണ്ണത്തെക്കുറിച്ചും അവ തീര്‍പ്പാക്കിയതിനെക്കുറിച്ചുമുള്ള വിശദാംശങ്ങളടങ്ങിയ വാര്‍ഷിക സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കി കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും രേഖയില്‍ പറയുന്നു. 2023ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1,472 സര്‍വകലാശാലകളുണ്ട്. ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ പ്രകാരം രാജ്യത്ത് ഏകദേശം 45,000 കോളേജുകളുണ്ട്.
യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ വെബ്‌സൈറ്റിലെ ഡാറ്റ കാണിക്കുന്നത് കമ്മീഷന്‍ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ കടുത്ത വീഴ്ച വരുത്തുന്നെന്നാണ്. 2015-'16ല്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ വെറും 143 യൂണിവേഴ്സിറ്റികളില്‍ നിന്നും 238 കോളേജുകളില്‍ നിന്നും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചു. ഇവരില്‍ സര്‍വ്വകലാശാലകളില്‍ നിന്ന് 121 ലൈംഗികാതിക്രമ പരാതികളും കോളേജുകളില്‍ നിന്ന് 38 പരാതികളും ലഭിച്ചു.
രാജ്യത്തെ കാമ്പസുകളില്‍ ലൈംഗികാതിക്രമം നടത്തുന്നവരെന്ന് ആരോപിക്കപ്പെടുന്നവരുടെ പട്ടിക 2017 ഒക്ടോബറില്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടും, റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണവും അവര്‍ ഉദ്ധരിച്ച പരാതികളുടെ എണ്ണവും, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ താരതമ്യേന കുറഞ്ഞു. 2020-'21 വര്‍ഷം സര്‍വകലാശാലകള്‍ വളരെ കുറച്ച് കേസുകളാണ് റിപ്പര്‍ട്ട് ചെയ്തത്. 64 എണ്ണം മാത്രം സമര്‍പ്പിച്ചു.
ഈ അവസ്ഥയ്ക്ക് പരിഹാരം കാണണമെങ്കിൽ, സമൂഹത്തിലെ എല്ലാ തലത്തിലും മാറ്റങ്ങൾ വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള അവബോധം വളർത്തേണ്ടത് അത്യാവശ്യമാണ്. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നവരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകണം. അവർക്ക് നിയമസഹായം, മാനസിക പിന്തുണ എന്നിവ ലഭ്യമാക്കണം.
കടപ്പാട്: സ്‌ക്രോള്‍
#campussafety #womensrights #highereducation #India #law #justice #womenempowerment