അഖാഡ പരിഷത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുപി സര്‍കാര്‍
Sep 23, 2021, 11:42 IST
ലക്നൗ: (www.kvartha.com 23.09.2021) അഖാഡ പരിഷത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് യുപി സര്‍കാരിന്റെ ശുപാര്‍ശ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം കേന്ദ്രസര്‍കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ടാണ് നരേന്ദ്രഗിരിയ ആശ്രമത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാധാരണയായി നടന്നുവരാറുള്ള പ്രഭാഷണത്തിന് നരേന്ദ്രഗിരി എത്താതിനാല്‍ അന്വേഷിച്ചെത്തിയ ശിഷ്യര്‍ മുറിയുടെ വാതില്‍ അകത്തുനിന്നും കുറ്റിയിട്ടതാണ് കണ്ടത്. വാതില്‍ പൊളിച്ചു അകത്തുകടന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പ് വായിച്ചതായി പൊലീസ് അറിയിച്ചു. മഹന്ത് നരേന്ദ്ര ഗിരി വളരെ നിരാശനായിരുന്നു. തന്റെ മരണശേഷം ആശ്രമം എങ്ങനെ നടത്തിക്കൊണ്ടുപോകണം എന്നതിനെക്കുറിച്ച് വില്പത്രം എഴുതിവച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മഹന്ത് നരേന്ദ്ര ഗിരിയുടെ അടുത്ത മൂന്ന് അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍ ശിഷ്യന്മാരായ ആനന്ദ് ഗിരി, സന്ദീപ് തിവാരി, ആദ്യായ് തിവാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആനന്ദ് ഗിരി നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നരേന്ദ്ര ഗിരിയും ശിഷ്യന്മാരും തമ്മിലുള്ള സ്വത്ത് തര്‍ക്കം തീര്‍ക്കാനുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചവരെയും മഠത്തില്‍ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.