Animal Attack | യുപിയില്‍ ചെന്നായ ശല്യം രൂക്ഷം; ആക്രമണത്തില്‍ 11 കാരിക്ക് ഗുരുതര പരുക്ക്
ലക്‌നൗ: (KVARTHA) യുപിയില്‍ ചെന്നായ ശല്യം രൂക്ഷമാകുന്നു. വീണ്ടും ചെന്നായയുടെ ആക്രമണത്തില്‍ ബാലികയ്ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ 11 കാരിയെയാണ് ചെന്നായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നായ ശല്യം രൂക്ഷമായ ഉത്തര്‍ പ്രദേശിലെ ബഹ്റൈച്ചില്‍ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് അക്രമകാരികളായ ചെന്നായ്ക്കളെ പിടികൂടാനുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒരു ചെന്നായയെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതുവരെ അഞ്ച് ചെന്നായ്ക്കളെയാണ് അധികൃതര്‍ പിടികൂടിയത്. പെണ്‍കുട്ടിയെ ആക്രമിച്ച ആറാമത്തെ ചെന്നായെ പിടികൂടാനായി വനംവകുപ്പും പ്രദേശവാസികളും ചേര്‍ന്നുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
പെണ്‍ ചെന്നായയെ ആണ് കഴിഞ്ഞ ദിവസം രാവിലെ പിടികൂടിയതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജീത് പ്രതാപ് സിംഗ് വ്യക്തമാക്കി. 'ഓപ്പറേഷന്‍ ബേഡിയ' എന്ന പേരില്‍ ചെന്നായ്ക്കള്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും ആക്രമകാരികളായ ചെന്നായ്ക്കളെ ഉടനെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നായ്ക്കളെ പിടികൂടാന്‍ 16 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡ്രോണ്‍ ക്യാമറകളും തെര്‍മല്‍ ഡ്രോണ്‍ മാപ്പിംഗ് സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ചെന്നായ്ക്കളെ കണ്ടെത്താന്‍ ശ്രമം തുടരുന്നത്.
ആനയുടെ ചാണകവും മൂത്രവും ഉപയോഗിച്ച് ചെന്നായ്ക്കളുടെ വഴി തിരിച്ചുവിടാനും ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. വാതിലുകള്‍ ഇല്ലാത്ത വീടുകളില്‍ വാതിലുകള്‍ സ്ഥാപിക്കുന്നുണ്ടെന്നും എല്ലാ ഗ്രാമങ്ങളിലും രാത്രി പട്രോളിംഗ് നടത്തുന്നുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് മോണിക്ക റാണിയും വ്യക്തമാക്കി. പിടിയിലായ ചെന്നായകളെ മറ്റിടങ്ങളില്‍ പുനരധിവസിപ്പിക്കുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.
കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ ഒന്‍പത് കുട്ടികളടക്കം 10 പേര്‍ക്കാണ് ചെന്നായകളുടെ ആക്രമണത്തില്‍ യുപിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ചെന്നായയുടെ ആക്രമണത്തില്‍ ഇതുവരെ 36 പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.
#wolfattack #india #up #wildlife #forest #safety #rescue