ഞാനൊരു പട്ടാളക്കാരന്റെ ഭാര്യയാണ്, പുഞ്ചിരിയോടെ വേണം യാത്രയാക്കാനെന്ന് ലിഡെറിന്റെ പ്രിയതമ ഗീതിക; എന്റെ അച്ഛന്‍ ഒരു ഹീറോ ആയിരുന്നുവെന്ന് മകള്‍ ആഷ്ന

 


ന്യൂഡെല്‍ഹി:  (www.kvartha.com 10.12.2021) 'നമ്മള്‍ അദ്ദേഹത്തിന് മികച്ചൊരു യാത്രയയപ്പ് നല്‍കണം, പുഞ്ചിരിച്ചുകൊണ്ടുള്ള യാത്രയയപ്പ്', പറയുന്നത് ബ്രിഗേഡിയര്‍ ലഖ് വീന്ദര്‍ സിങ് ലിഡെറിന്റെ പ്രിയതമ ഗീതിക ലിഡെര്‍. ഗീതിക ലിഡെറിന്റെ വാക്കുകള്‍ പല കണ്ണുകളെയും ഈറനണിയിച്ചു. മൃതദേഹ പേടകത്തില്‍ തലവച്ചു വിതുമ്പിയ ഗീതിക ലിഡെര്‍ ഏവര്‍ക്കും വേദന നിറഞ്ഞ കാഴ്ചയായി.

വെള്ളിയാഴ്ച രാവിലെ ഡെല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച പ്രിയതമന് 'ഗുഡ് ബൈ' പറയാന്‍ എത്തിയതായിരുന്നു അവര്‍. ഒപ്പം 17-കാരിയായ മകള്‍ ആഷ്നയുമുണ്ടായിരുന്നു. ദുഃഖഭരിതമായ അന്തരീക്ഷത്തിലാണ് ബ്രിഗേഡിയര്‍ക്കു വിട നല്‍കിയത്.

ദേശീയ പതാക കൊണ്ട് പൊതിഞ്ഞ്, പൂക്കള്‍ കൊണ്ട് അലങ്കരിച്ച ലിഡെറുടെ ശവപേടകത്തിന് മുകളില്‍ മുട്ടുക്കുത്തി നിന്ന് ഗീതിക കണ്ണീര്‍ പൊഴിക്കുന്നതിന്റെ ഹൃദയഭേദകമായ കാഴ്ച വീഡിയോ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഒരു പിടി റോസാപുഷ്പദളങ്ങള്‍ തന്റെ വിരലിലൂടെ അച്ഛന്റെ ശവപ്പെട്ടിക്ക് മുകളിലേക്ക് വീഴ്ത്തുമ്പോള്‍ പൊട്ടിക്കരയാതിരിക്കാന്‍ പരാവധി ശ്രമിച്ചുകൊണ്ട് ആഷ്നയും ഉണ്ട്.

ഭര്‍ത്താവിന്റെ വേര്‍പാടിനെ കുറിച്ച് ഗീതികയുടെ വാക്കുകള്‍:

'ഞാനൊരു പട്ടാളക്കാരന്റെ ഭാര്യയാണ്. അതില്‍ അഭിമാനമുണ്ട്. അതിനേക്കാളേറെ സങ്കടവുമുണ്ട്, ഇപ്പോള്‍. ജീവിതം വളരെ നീണ്ടതാണ്. എന്തായാലും ദൈവം ഇതാണ് വിധിച്ചതെങ്കില്‍ ഈ നഷ്ടത്തില്‍ ഞങ്ങള്‍ ജീവിക്കും. പക്ഷേ, ഈ രീതിയിലായിരുന്നില്ല ഞങ്ങള്‍ അദ്ദേഹത്തെ തിരികെ പ്രതീക്ഷിച്ചിരുന്നത്. നമുക്ക് അദ്ദേഹത്തിന് മികച്ചൊരു യാത്രയയപ്പ് നല്‍കാം. പുഞ്ചിരിച്ചുകൊണ്ടുള്ള യാത്രയയപ്പ്', ഇടറിയ ശബ്ദത്തില്‍ ഗീതിക പറഞ്ഞു.

'ജീവിതത്തെ വലിയ കണ്ണുകളിലൂടെ നോക്കിക്കണ്ട ഒരാളായിരുന്നു അദ്ദേഹം. അവസാനമായി കാണാന്‍ എത്രയെത്ര ആളുകളാണ് വന്നിരിക്കുന്നത്. മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണ്' എന്നും ഗീതിക പറഞ്ഞു.

അമ്മയ്ക്കരികില്‍ അവരെ സമാധാനിപ്പിച്ചുകൊണ്ട് ശാന്തമായി തന്നെ ആഷ്ന നിന്നു. പിടിച്ചുനില്‍ക്കാന്‍ പരമാവധി ശ്രമിച്ചിട്ടും ഉള്ളില്‍ നിന്ന് ആര്‍ത്തിരമ്പിയെത്തിയ കണ്ണീരിനോട് യുദ്ധം ചെയ്യാന്‍ ആഷ്ന നന്നായി പണിപ്പെടുന്നുണ്ടായിരുന്നു.

'എനിക്ക് 17 വയസായി. 17 വര്‍ഷവും അച്ഛന്‍ എനിക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നല്ല ഓര്‍മകളുമായി ഞങ്ങള്‍ മുന്നോട്ടുപോകും. ഇതൊരു ദേശീയ നഷ്ടമാണ്. എന്റെ അച്ഛന്‍ ഒരു ഹീറോ ആയിരുന്നു. എന്റെ ഏറ്റവും നല്ല സുഹൃത്ത്. ഒരു പക്ഷേ ഇത് വിധിയായിരിക്കും. മികച്ചത് നമ്മെ തേടിവരും. അദ്ദേഹമായിരുന്നു എന്റെ പ്രചോദനം', ആഷ്ന പറഞ്ഞു.

ജനറല്‍ ബിപിന്‍ റാവതിന്റെ പ്രധാന സഹായിയായിരുന്നു 52-കാരനായ ബ്രിഗേഡിയര്‍ ലിഡെര്‍. മേജര്‍ ജനറലായി സ്ഥാനക്കയറ്റം കിട്ടിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം. ബിപിന്‍ റാവതിനൊപ്പം ഒരുവര്‍ഷമായി സേനാ പരിഷ്‌കരണങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത മരണം.

ഞാനൊരു പട്ടാളക്കാരന്റെ ഭാര്യയാണ്, പുഞ്ചിരിയോടെ വേണം യാത്രയാക്കാനെന്ന് ലിഡെറിന്റെ പ്രിയതമ ഗീതിക; എന്റെ അച്ഛന്‍ ഒരു ഹീറോ ആയിരുന്നുവെന്ന് മകള്‍ ആഷ്ന

ഹരിയാനയിലെ പഞ്ച്കുള സ്വദേശിയായ ലിഡെര്‍ 1990-ലാണ് ജമ്മുകശ്മീര്‍ റൈഫിള്‍സില്‍ സൈനികസേവനം ആരംഭിച്ചത്. സൈനിക നീക്കത്തിന്റെ ഭാഗമായി കസാഖിസ്താനില്‍ ഇന്‍ഡ്യന്‍ സൈന്യത്തെ നയിച്ച അദ്ദേഹത്തിന് സേനാമെഡല്‍, വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

 

 Keywords:  Video: Brigadier LS Lidder's Wife Kisses Coffin, Daughter In Tears, New Delhi, Dead Body, Helicopter Collision, Funeral, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia