Mining Accident | അസമിലെ കല്‍ക്കരി ഖനിയില്‍ വെള്ളം നിറഞ്ഞ് 18 തൊഴിലാളികള്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു, വീഡിയോ

 
Rescue operations at the Assam coal mine where workers are trapped
Rescue operations at the Assam coal mine where workers are trapped

Photo Credit: Screenshot from a X video by Anupam Mishra

● 300 അടി താഴ്ചയുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്.
● നൂറടി താഴ്ചയില്‍ വരെ വെള്ളമെത്തിയിട്ടുണ്ടെന്ന് അധികൃതര്‍. 
● സൈന്യത്തിന്റെ സഹായം തേടിയതായി അസം മുഖ്യമന്ത്രി.
● അത്യന്തം അപകടകരമായ ഈ ഖനനം രാജ്യത്ത് നിരോധിച്ചത്. 

ദിസ്പുര്‍: (KVARTHA) അസമിലെ കല്‍ക്കരി ഖനിക്കുള്ളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് 18 തൊഴിലാളികള്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്. അസമിലെ ദിമാ ഹസാവോ ജില്ലയിലെ വിദൂരപ്രദേശമായ ഉമറാങ്സോ മേഖലയിലുള്ള ഖനിയിലാണ് അപകടം. 300 അടി താഴ്ചയുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതെന്നും ഇതില്‍ നൂറടി താഴ്ചയില്‍ വരെ വെള്ളമെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

മേഘാലയ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ് അപകടം സംഭവിച്ച കല്‍ക്കരി ഖനി സ്ഥിതി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ ആസ്ഥാനമായ ഹാഫ്ലോങ്ങില്‍ നിന്ന് ഏകദേശം 5-6 മണിക്കൂര്‍ അകലെയാണ് ഖനി സ്ഥിതി ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവസമയത്ത് ഖനിക്കുള്ളില്‍ എത്ര തൊഴിലാളികള്‍ ഉണ്ടായിരുന്നു എന്നത് കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം തേടിയതായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ അറിയിച്ചു. എസ്.ഡി.ആര്‍.ഫ്, എന്‍.ഡി.ആര്‍.ഫ്. സേനാംഗങ്ങളും അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

യന്ത്രസഹായമില്ലാതെ മണ്‍വെട്ടികളടക്കം ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കി അകത്തുകടക്കുകയും കല്‍ക്കരി നിക്ഷേപം കാണുന്നതുവരെ കുഴിച്ച് ചെല്ലുന്നതുമായ റാറ്റ് ഹോള്‍ മൈനിങ് എന്ന പേരിലറിയപ്പെടുന്ന ഖനനരീതിയാണ് ഇവിടങ്ങളില്‍ ഉള്ളത്. ഒരാള്‍ക്ക് നിരങ്ങിക്കയറാന്‍ പാകത്തിനു മാത്രം വലുപ്പത്തില്‍ തുരക്കുന്ന ഇടുങ്ങിയ കുഴികളാണ് എലിമാളം എന്നറിയപ്പെടുന്ന റാറ്റ് ഹോള്‍. എലികള്‍ തുരക്കുന്ന രീതിയിലാണ് ദുര്‍ഘടം പിടിച്ച മേഖലകളില്‍  തുരന്നിറങ്ങുന്നത് എന്നതിനാലാണ് റാറ്റ്ഹോള്‍ മൈന്‍ എന്നു വിളിക്കുന്നത്.

ഇങ്ങനെ തുരക്കുന്ന കുഴികളിലൂടെ കയറും മുളകൊണ്ട് നിര്‍മിച്ച ഏണികളും ഉപയോഗിച്ചിറങ്ങിയാണ് കല്‍ക്കരിയും മറ്റും ഖനനം ചെയ്‌തെടുക്കുന്നത്. ശ്വാസം കിട്ടാതെ പലപ്പോഴും ഖനനം നടത്തുന്നവര്‍ ഈ തുരങ്കങ്ങളില്‍ മരിച്ചുവീഴാറുണ്ട്. 

അത്യന്തം അപകടകരമായ ഇത്തരം ഖനനം രാജ്യത്ത് നിരോധിച്ചതാണ്. 2014ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഈ തുരക്കല്‍ രീതി നിരോധിച്ചെങ്കിലും മേഘാലയയിലും അസമിലും ഈ രീതി ഇപ്പോഴും തുടരുന്നുണ്ട്. അപകടം സംഭവിച്ചത് അനധികൃത കല്‍ക്കരി ഖനനം നടന്നിരുന്ന മേഖലയിലാണെന്ന് പറയപ്പെടുന്നു.

2018ല്‍ മേഘാലയയില്‍ ഇത്തരത്തിലുള്ള അനധികൃത ഖനിയില്‍ സമീപത്തെ നദി കവിഞ്ഞ് വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് 15 തൊഴിലാളികള്‍ കുടുങ്ങിയിരുന്നു. ഇവരില്‍ 2 പേരുടെ മൃതദേഹം മാത്രമാണ് കിട്ടിയത്. അനധികൃത ഖനനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കാട്ടി 2019ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ മേഘാലയയ്ക്ക് 100 കോടി രൂപ പിഴ വിധിച്ചിരുന്നു. 24,000 ത്തോളം അനധികൃത ഖനികള്‍ മേഘാലയയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്.

#AssamNews #CoalMineAccident #RescueOperations #IllegalMining #MeghalayaNews #MiningSafety


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia